ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള അറിവ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്.
Newdelhi , 25 ജൂലൈ (H.S.) ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള അറിവ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. വിശ്വാസത്തെ സംബന്ധിച്ച കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാതാപിതാക്കൾ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള
Mohan Bhagwat


Newdelhi , 25 ജൂലൈ (H.S.)

ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള അറിവ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. വിശ്വാസത്തെ സംബന്ധിച്ച കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മാതാപിതാക്കൾ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച 'യുഗാനുകുൽ മാതൃത്വ' (സമകാലിക മാതൃത്വം) എന്ന പരിപാടിയിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പലപ്പോഴും കുട്ടികൾ ഹിന്ദു ദൈവങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾക്ക് ഉത്തരം നൽകാൻ കഴിയാറില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

കുട്ടികൾ പലപ്പോഴും ചോദ്യങ്ങൾ ചോദിക്കാറുണ്ട്. 'ഈ ദൈവത്തിന് എന്തുകൊണ്ടാണ് കുരങ്ങിൻ്റെ മുഖം? ഈ ദൈവത്തിന് ആനയുടെ മുഖം എന്തുകൊണ്ട്?' എന്നാൽ ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രക്ഷിതാക്കള്ക്ക് കഴിയാറില്ല. അതിനാൽ ഈ കാര്യങ്ങൾ തുടക്കം മുതൽ തന്നെ പാഠപുസ്തകങ്ങളിൽ ഉണ്ടായിരിക്കണമെന്നും അവ കൈകളിൽ ലഭ്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കുട്ടികളെ നമ്മൾ എന്ത് പഠിപ്പിച്ചാലും അത് അവർ നേടുന്ന അറിവാണ്. ആദ്യത്തെ 12 വർഷം, അവരുടെ വളർത്തൽ നമ്മുടെ കൈകളിലാണ്. നമ്മൾ അവർക്ക് അറിവ് പകർന്നു നൽകണം, അതിനായി നമ്മൾ പഠിക്കുകയും വേണം” മോഹൻ ഭാഗവത് പറഞ്ഞു. ഇന്നത്തെ തലമുറയ്ക്ക് വ്യത്യസ്തമായ ഒരു സമീപനം ആവശ്യമാണെന്നും ആജ്ഞാപിക്കുന്നതിനേക്കാൾ സംഭാഷണത്തിനാണ് കൂടുതൽ ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“നമ്മൾ കുട്ടികളായിരുന്നപ്പോൾ, നമ്മുടെ അമ്മ എന്തെങ്കിലും പറഞ്ഞാലോ അല്ലെങ്കിൽ നമ്മുടെ അച്ഛൻ 'വാദിക്കരുത്' എന്ന് പറഞ്ഞാലോ, നമ്മൾ അത് സ്വീകരിക്കും. അവർ ജീവിതം കണ്ടിട്ടുണ്ടെന്നും കാര്യങ്ങൾ നന്നായി മനസിലാക്കിയിട്ടുണ്ടെന്നും അറിയുന്നതിനാൽ ചോദ്യം ചെയ്യാനോ വാദിക്കാനോ നിൽക്കില്ല. ഇന്ന്, അങ്ങനെയല്ല നിങ്ങൾക്ക് കർക്കശക്കാരനാകാൻ കഴിയില്ല. ഭൗതിക സ്വാധീനങ്ങളാലും എല്ലാ ദിക്കുകളിൽ നിന്നുമുള്ള നിരന്തരമായ പരസ്യ പ്രചാരണങ്ങളാലും രൂപപ്പെടുത്തപ്പെട്ട ഒരു ചുറ്റുപാടിലാണ് കുട്ടികൾ വളരുന്നത്. ഇതിൽ നിന്ന് പുറത്തുകടക്കാൻ നാം അവരെ സഹായിക്കണം”

“അവർക്ക് വളരെയധികം വാത്സല്യം ആവശ്യമാണ്. അവർക്ക് നമ്മുടെ സമയം ആവശ്യമാണ്. അവർക്ക് സംഭാഷണം ആവശ്യമാണ്. ആജ്ഞാപിക്കുകയല്ല മറിച്ച് ചർച്ചയാണ് വേണ്ടത്. ഉത്തരവുകളല്ല, സമവായങ്ങളാണ് ആവശ്യം” മോഹൻ ഭാഗവത് പറഞ്ഞു. കുടുംബങ്ങൾക്കുള്ളിൽ സംഭാഷണം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഭാഗവത്, വീട്ടിലെ സംഭാഷണങ്ങൾക്ക് പകരം മൊബൈൽ ഫോണുകൾ എത്തിയിരിക്കുന്നുവെന്ന് പറഞ്ഞു.

“ഇന്ന് ആളുകൾ പരസ്പരം സംസാരിക്കുന്നത് നിർത്തി. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മൊബൈൽ ഫോൺ ഉണ്ട്. ഭാര്യാഭർത്താക്കന്മാർ ജോലിയിൽ നിന്ന് മടങ്ങുന്നു, കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങുന്നു, എല്ലാവരും ഭക്ഷണം കഴിക്കുന്നു, തുടർന്ന് ഓരോരുത്തരും സ്വന്തം മൊബൈലിൽ മുഴുകുന്നു. അവർ വീട്ടിലേക്ക് വരുന്നുണ്ടെങ്കിലും പരസ്പരം ശരിക്കും കണ്ടുമുട്ടുന്നില്ല. ഇത് നിങ്ങൾ എല്ലാവരും അനുഭവിച്ചിട്ടുണ്ടായിരിക്കും” അദ്ദേഹം പറഞ്ഞു.

കുട്ടികളുമായി സംസാരിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തുകയും അവരുടെ ജിജ്ഞാസകൾ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾ മാതാപിതാക്കളുടെ പെരുമാറ്റം സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ടെന്നും സംസാരവും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നമ്മൾ അവരോട് പറയുന്നത് നമ്മുടെ സ്വന്തം ജീവിതത്തിലും ദൃശ്യമാകണം. അല്ലെങ്കിൽ അവർ നമ്മളെ വിശ്വസിക്കില്ല. കുട്ടികൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. നമ്മൾ പ്രസംഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ, 'അച്ഛൻ കള്ളം പറയുകയാണ്' എന്ന് അവർ ചിന്തിക്കും. അവരുടെ ബുദ്ധിശക്തി മൂർച്ചയുള്ളതാണ്, അവരുടെ വൈകാരിക ഘടകങ്ങൾ ശക്തമാണ്. അതിനാൽ, നമ്മൾ നമ്മുടെ സ്വന്തം പെരുമാറ്റം തിരുത്തണം അദ്ദേഹം പറഞ്ഞു.

മൂല്യങ്ങൾ വാത്സല്യത്തിലൂടെയും സംഭാഷണത്തിലൂടെയും വ്യക്തിപരമായ ഉദാഹരണങ്ങളിലൂടെയും കൈമാറ്റം ചെയ്യുന്നു. ഇവ മൂന്നും അനിവാര്യമാണ്. ലോകത്തിൽ എല്ലായിടത്തും ഇത് ഒരുപോലെയാണ്. ഈ അടിത്തറ ശക്തമാണെങ്കിൽ, കുട്ടികൾക്ക് സാങ്കേതികവിദ്യയുടെ കെണിയിൽ നിന്ന് പുറത്തുവരുന്നത് വളരെ എളുപ്പമാകും. അവർ കുറച്ചുകാലത്തേക്ക് അതിൽ കുടുങ്ങിപ്പോയാലും, അവർക്ക് തിരിച്ചുവരാനുള്ള വഴി കണ്ടെത്താനാകും. പക്ഷേ നമ്മൾ അവരെ ആ രീതിയിൽ തയ്യാറാക്കുകയും അവരുമായി അടുത്ത ബന്ധം പുലർത്തുകയും വേണം മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News