Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ജൂലൈ (H.S.)
പിടിച്ച് നില്ക്കാന് ഒരു വഴിയും കാണാതായതോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന് ഒടുവില് രാജിവയ്ക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വിഡി സതീശന്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു. പിടിച്ചു നില്ക്കാന് ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായത്.
പോരാട്ടവും ആത്മധൈര്യവും ഉയര്ത്തിയ ഇന്ത്യന് യുവത്വത്തിന് ബിഗ് സല്യൂട്ട്. ഇത്രയും ദിവസം കുട്ടികളെ തെരുവിലിട്ട് തല്ലിയൊതുക്കാന് ശ്രമിച്ച് പരാജയപ്പെട്ട ശേഷം വന്ന ധര്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്യുന്നതായി സതീശന് ഫേസ് ബുക്കില് കുറിച്ചു.
രാജ്യത്തെ വിദ്യാര്ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിത്. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്കി പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും പ്രതിപക്ഷ പാര്ട്ടികളും ഒപ്പം നിന്നു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്മ്മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിച്ചത്.
പ്രക്ഷോഭത്തിനൊടുവില് ധര്മ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു. ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിന് മുന്നില് ഏകാധിപതികള്ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്ത്താന് ശ്രമിച്ചവര്ക്ക്, മനഃപൂര്വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന് ശ്രമിച്ചവര്ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില് വലിച്ചിഴച്ചവര്ക്ക്, കോണ്ഗ്രസ് എംപിമാരെ ക്രൂരമായി കൈയേറ്റം ചെയ്തവര്ക്ക്... അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്ഗങ്ങള് സ്വീകരിച്ചവര് ഇപ്പോള് തല താഴ്ത്തി നില്ക്കുന്നു.
നീറ്റ് പോലുള്ള പരീക്ഷകള് കുറ്റമറ്റരീതിയില് നടത്തണം. വിദ്യാര്ഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സര്ക്കാര് നിന്ന് കൊടുക്കരുതെന്നും ഫേസ് ബുക്ക് സന്ദേശത്തില് സതീശന് പറഞ്ഞു.
പ്രതികരിച്ച് ബിനോയ് വിശ്വം
ധര്മ്മേന്ദ്ര പ്രധാന്റെ രാജി പലതിന്റെയും ആരംഭമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയില് പറഞ്ഞു. മോദി അജയ്യനാണെന്നും ആര്ക്കും തോല്പ്പിക്കാനാകില്ലെന്നും പറഞ്ഞ് നടന്നവര്ക്ക് ഉത്തരം കിട്ടിയിരിക്കുന്നു. രാജ്യവും ജനങ്ങളും വിദ്യാര്ഥികളും ചേര്ന്ന് ഒറ്റക്കെട്ടായി തീരുമാനിച്ചാല് ആര്എസ്എസിനും ബിജെപിക്കും മോദിക്കും മുട്ടു മടക്കേണ്ടി വരുമെന്ന് തെളിഞ്ഞിരിക്കുന്നു. ധര്മ്മേന്ദ്ര പ്രധാനെ രക്ഷിക്കാന് ബിജെപി ഒരുക്കിയ എല്ലാ തന്ത്രങ്ങളും പാളിപ്പോയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനകീയ പ്രതിരോധത്തിന്റെ തിളക്കമാർന്ന വിജയം
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ അണിനിരന്ന് നടത്തിയ ഐതിഹാസിക സമരം നരേന്ദ്ര മോദി സർക്കാറിനെതിരായ ജനകീയ പ്രതിരോധത്തിന്റെ തിളക്കമാർന്ന വിജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മുമ്പ് രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി പോരാടി നേടിയ ചരിത്രപരമായ വിജയത്തിന് സമാനമായ നേട്ടമാണ് ഇപ്പോൾ വിദ്യാർഥി പ്രക്ഷോഭത്തിലൂടെ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന് ശക്തവും സർഗാത്മകവുമായ നേതൃത്വം നൽകിയ സിജെപി നേതാവ് അഭിജിത്ത് ദീപികയെയും പ്രക്ഷോഭത്തോട് നിരന്തരം ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരെയും എംഎ ബേബി വാർത്താ സമ്മേളനത്തിൽ പ്രത്യേകമായി അഭിനന്ദിച്ചു.
സമരം ഒരു ഘട്ടം പിന്നിട്ടപ്പോൾ പിന്തുണയുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായ ഡൽഹി ജന്തർ മന്തറിലേക്ക് നേരിട്ടെത്തി സമരക്കാരെ കാണാൻ രാഹുൽ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വിദ്യാഭ്യാസ രംഗം മുഴുവൻ കുളം തോണ്ടിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനം വരെ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു.
സമരത്തിന്റെ ശക്തി കുറയ്ക്കാനും അതിനെ സംഘടിതമല്ലാതാക്കാനും കേന്ദ്ര ഭരണകൂടം എല്ലാ വഴികളും നോക്കി. ഇന്റര്നെറ്റ് സേവനങ്ങൾ വിച്ഛേദിച്ചും ഗതാഗത യാത്രാമാർഗങ്ങൾ തടസപ്പെടുത്തിയും സമരക്കാരെ ഒറ്റപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്. വിദ്യാർഥികൾക്ക് നേരെ പൊലീസിന്റെയും ഭരണകൂട ഗുണ്ടകളുടെയും ഭാഗത്ത് നിന്ന് അതിക്രൂരമായ കടന്നാക്രമണമാണുണ്ടായത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR