അസമില് പ്രളയം; മരണം 61 ആയി; രക്ഷാപ്രവര്ത്തനം തുടരുന്നു
Assam, 25 ജൂലൈ (H.S.) അസമില്‍ തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായി ജനങ്ങള്‍. മരണ സംഖ്യയും വര്‍ദ്ധിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണം 61 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അസം സംസ്ഥാന ദുര
flood


Assam, 25 ജൂലൈ (H.S.)

അസമില്‍ തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായി ജനങ്ങള്‍. മരണ സംഖ്യയും വര്‍ദ്ധിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരണം 61 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. സംസ്ഥാനത്തെ 12 ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസം മരിച്ച 14 പേരില്‍ ഏഴുപേര്‍ ചറൈഡിയോ ജില്ലയില്‍ നിന്നുള്ളവരാണ്. ശിവസാഗറില്‍ ആറുപേരും ജോര്‍ഹട്ടില്‍ ഒരാളും മരിച്ചു. മരിച്ചവരില്‍ 11 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതിനുപുറമെ ശിവസാഗര്‍ ജില്ലയില്‍ ഒരാളെ കാണാതായിട്ടുമുണ്ട്. പ്രളയബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെയും (എന്‍.ഡി.ആര്‍.എഫ്) സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (എസ്.ഡി.ആര്‍.എഫ്) നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച മാത്രം ഒറ്റപ്പെട്ട വിവിധ പ്രദേശങ്ങളില്‍ നിന്നായി ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സാധിച്ചു.

സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാഹചര്യം ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഗോലാഘട്ട്, ചറൈഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോണ്‍, ബിശ്വനാഥ്, ജോര്‍ഹട്ട്, ധേമാജി, ശിവസാഗര്‍, സോണിത്പൂര്‍, കാംരൂപ് (എം), കര്‍ബി ആംഗ്ലോങ് എന്നീ 12 ജില്ലകളിലായി 7.05 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. ഇതില്‍ ശിവസാഗര്‍ ജില്ലയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇവിടെ മാത്രം 3,48,555 പേര്‍ ദുരിതത്തിലാണ്. ചറൈഡിയോയില്‍ 1,88,404 ആളുകളെയും ജോര്‍ഹട്ടില്‍ 1,26,793 പേരെയുമാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 37 റവന്യു സര്‍ക്കിളുകളിലായി 856 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതായി ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക മേഖലയ്ക്കും പ്രളയം കനത്ത തിരിച്ചടിയാണ് നല്‍കിയത്. 56,606.777 ഹെക്ടര്‍ കൃഷിയിടങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ദുരിതബാധിത ജില്ലകളില്‍ ഭരണകൂടം സജ്ജമാക്കിയ 363 ദുരിതാശ്വാസ ക്യാമ്പുകളിലായി 3.15 ലക്ഷത്തിലധികം ആളുകള്‍ അഭയം പ്രാപിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെയും പ്രളയം സാരമായി ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,107 മൃഗങ്ങളും പക്ഷികളും ഒഴുക്കില്‍പ്പെട്ടു. ആകെ 3,34,020 മൃഗങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

പ്രളയസാഹചര്യം രൂക്ഷമായതിനിടെ വ്യാഴാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ദെര്‍ഗാവിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ നാഗാലാന്‍ഡിലുണ്ടായ മേഘവിസ്‌ഫോടനമാണ് അസമിലെ പല ജില്ലകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ബ്രഹ്‌മപുത്ര നദിയിലും മറ്റ് പോഷകനദികളിലും ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

---------------

Hindusthan Samachar / Sreejith S


Latest News