Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ജൂലൈ (H.S.)
സത്യത്തെയും ജനങ്ങളെയും വിദ്യാർത്ഥികളെയും നന്മകളെയും എല്ലാം തല്ലിക്കൊഴിക്കാമെന്നും തച്ചുടക്കാമെന്നും വ്യാമോഹിച്ച ഒരു ഗവൺമെൻ്റ് മുട്ടുകുത്തിയിരിക്കുന്നു. ബിജെപി ഗവൺമെൻ്റിന്റെ രണ്ടാമത്തെ കനത്ത പരാജയമാണിത്. ആദ്യം തോറ്റത് കർഷകൻ്റെ പോരാട്ടവീര്യത്തിന് മുന്നിലായിരുന്നുവെങ്കിൽ അതേ മോദി ഗവൺമെൻ്റ് ഇപ്പോൾ പരാജയപ്പെട്ടത് വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും സമരൈക്യത്തിന് മുൻപിലാണ്.
ഇത് പലതിന്റെയും ആരംഭമാണ്. അജയ്യനാണ് മോദി എന്നും ഒരിക്കലും ബിജെപി യെ തോൽപ്പിക്കാൻ ആർക്കുമാവില്ല എന്നും എല്ലായ്പ്‌പോഴും പറഞ്ഞുപോന്നവർക്കെല്ലാം ഉത്തരം കിട്ടിയിരിക്കുന്നു. രാജ്യം തീരുമാനിച്ചാൽ, വിദ്യാർത്ഥികളും ജനങ്ങളും തീരുമാനിച്ചാൽ എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി ഒന്നിനെയും കൂസാതെ മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ചാൽ അതിനു മുമ്പിൽ ആർഎസ്എസിനും ബിജെപിക്കും മോദിക്കും മുട്ടുകുത്തിയേ തീരൂ എന്ന കാര്യം ഇന്ന് ഈ രാജ്യം കാണുകയാണ്.
എ ഐ എസ്എഫും എഐവൈഎഫും കമ്മ്യൂണിസ്റ്റ് പാർട്ടിയും അടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളും, ഇടതുപക്ഷശക്തികൾ ആകെത്തന്നെയും വിദ്യാർത്ഥി മുന്നേറ്റങ്ങൾക്ക് വീര്യം പകരാനായി ജന്തർ മന്ദറിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ ലാത്തിച്ചാർജ് കൊണ്ടും ടിയർ ഗ്യാസ് കൊണ്ടും വെടിയുണ്ട കൊണ്ടും ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്ന് കരുതിയ മോദി സർക്കാറിനു തെറ്റുപറ്റി. പലതരത്തിൽ മോദി സർക്കാർ ഈ സമരവീര്യത്തെ തടയാൻ ശ്രമിച്ചെങ്കിൽ പോലും അവരുടെ മുമ്പിൽ കണ്ണ് മഞ്ഞളിച്ചു പോകാതെ, വ്യാമോഹത്തിൽപ്പെടാതെ വിദ്യാർത്ഥികളും ചെറുപ്പക്കാരും ഉജ്ജ്വലമായി പോരാടി. രാജ്യം മുഴുവനും ലോകം മുഴുവനും അവരെ പിന്താങ്ങാൻ മുമ്പോട്ടു വന്നു.
ധർമ്മേന്ദ്ര പ്രധാനെ രക്ഷിക്കാനായി ബിജെപി ഒരുക്കിയ എല്ലാ തന്ത്രങ്ങളും പാളി പോയിരിക്കുന്നു.
ഇനിയും അവർ തന്ത്രങ്ങൾ മെനയും. ഈ നാടിൻ്റെ ലക്ഷ്യബോധമാണ് ഇനി ആളിക്കത്തേണ്ടത്. തീർച്ചയായിട്ടും അത് ആളിക്കത്തും. ആ സമരവീര്യത്തിന്റെ ജ്വാലക്ക് മുന്നിൽ മോദി ഗവൺമെൻ്റിൻ്റെ എല്ലാ കുപ്രചരണങ്ങളും എല്ലാ നീചമായ രാഷ്ട്രീയവും എല്ലാ പിന്തിരിപ്പൻ പ്രത്യയശാസ്ത്രങ്ങളും പരാജയപ്പെടും. ജനങ്ങൾ തീരുമാനിച്ചാൽ ആ തീരുമാനം അജയ്യമാണെന്ന് ഇന്ത്യ വീണ്ടും ലോകത്തെ അറിയിക്കുന്നു. എല്ലാ സമര സഖാക്കളെയും വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നു.
---------------
Hindusthan Samachar / Sreejith S