Enter your Email Address to subscribe to our newsletters

New delhi, 25 ജൂലൈ (H.S.)
രാജ്യത്തെ യുവശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവച്ചു. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട 35 ദിവസത്തെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചത്. ജന്തര്‍ മന്തറിലെ നിലവിലെ സാഹചര്യങ്ങളും രാജ്യത്തെ വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് താന്‍ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ഉടന്‍ തന്നെ സര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തിരുന്നുവെന്ന് ധര്‍മേന്ദ്ര പ്രധാന്‍ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും സിജെപിയും പ്രതിപക്ഷവും പാര്‍ലമെന്റിലും തെരുവിലും കടുത്ത പ്രക്ഷോഭം തുടരുന്നതിന് പിന്നാലെയാണ് രാജിവച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും, സര്‍ക്കാര്‍ അതിന് തയ്യാറല്ലെങ്കില്‍ ചര്‍ച്ചകളില്‍ അര്‍ത്ഥമില്ലെന്നും സിജെപി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര മന്ത്രി രാജിവച്ചത്.
യുവജനപ്രക്ഷോഭത്തിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ മുട്ടുമടക്കിയത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയ ഏറ്റവും ശക്തമായ പോരാട്ടത്തിനൊടുവില്‍ കൂടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവച്ചത്. പരീക്ഷാ അഴിമതികളുടെ പേരില്‍ ഒരു കേന്ദ്രമന്ത്രിക്ക് പദവി ഒഴുവാക്കേണ്ടി വരുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമായാണ്. കഴിഞ്ഞ ദിവസം വരെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിസന്ധി ഘട്ടത്തില്‍ പദവി ഒഴിഞ്ഞു പോകുന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിച്ചിരുന്നത്.
മന്ത്രിയെ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും മാറ്റി മറ്റൊരു വകുപ്പ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും, വകുപ്പ് മാറ്റമല്ല രാജിയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സിജെപിയും ഒരുപോലെ ശക്തമായി ആവശ്യപ്പെട്ടു. സിജെപി പ്രതിനിധികളായ സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രാജി ഒഴികെയുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രധാന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രക്ഷോഭകര്‍ ഉറപ്പിച്ചു പറഞ്ഞതോടെ മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു.
ജന്തര്‍ മന്തറിലും സന്‍സദ് മാര്‍ഗിലും 35 ദിവസത്തിലേറെയായി തുടരുന്ന സമരമാണ് സിജെപി നയിച്ചത്. കഴിഞ്ഞ ജൂലൈ 20-ന് നടന്ന 'സംസദ് ചലോ' മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് വലിയ രീതിയില്‍ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിലായിട്ടും സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതും പ്രസ്ഥാനത്തിന് കരുത്തായി. 18-ഓളം ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടും ജന്തര്‍ മന്തര്‍ വേലി കെട്ടി തിരിച്ചും സുരക്ഷാ സേന സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കിയെങ്കിലും വിദ്യാര്‍ഥി വീര്യം കുറഞ്ഞില്ല.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം ഒന്നടങ്കം ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇരുസഭകളും സ്തംഭിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ഒരു ക്രിമിനല്‍ ആണെന്നും അദ്ദേഹത്തെ പുറത്താക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിലും തെരുവിലും ഒരേസമയം പ്രതിരോധത്തിലായതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
---------------
Hindusthan Samachar / Sreejith S