Enter your Email Address to subscribe to our newsletters

New delhi, 25 ജൂലൈ (H.S.)
നീറ്റ് പ്രവേശന പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്ദിറില്‍ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ശാരീരികമായ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രതിഷേധം തുടരുമെന്ന് അഭിജിത്ത് വ്യക്തമാക്കി. ം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു
രാജ്യമൊട്ടാകെ സമാധാനപരമായി പ്രതിഷേധം നയിക്കുന്ന സി.ജെ.പി പ്രവര്‍ത്തകരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 'എല്ലാവര്‍ക്കും നമസ്‌കാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്ക് സുഖമില്ലായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. രക്തപരിശോധനാ ഫലം വന്നപ്പോള്‍ ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ചികിത്സയിലാണ്. രാവിലെയും വൈകുന്നേരവും ഐവി ഡ്രിപ്പുകള്‍ നല്‍കുന്നുണ്ട്. എങ്കിലും രാജ്യമൊട്ടാകെ സമാധാനപരമായി സമരം വിജയിപ്പിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും വലിയ നന്ദി രേഖപ്പെടുത്തുന്നു,' ദിപ്‌കെ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നെങ്കിലും പ്രധാന ആവശ്യമായ രാജിയില്‍ തീരുമാനമായിട്ടില്ലെന്ന് സി.ജെ.പി നേതാവ് അശുതോഷ് രങ്ക പറഞ്ഞു.
നഷ്ടപരിഹാരം, നിയമപരമായ കാര്യങ്ങള്‍ എന്നിവയില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെങ്കിലും ധര്‍മേന്ദ്ര പ്രധാന് രാജി വയ്ക്കില്ലെന്ന രീതിയിലാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അദ്ദേഹം രാജിവയ്ക്കില്ലെങ്കില്‍ സര്‍ക്കാര്‍ അത് തുറന്നുപറയണം. അങ്ങനെയാണെങ്കില്‍ ചര്‍ച്ചകള്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും, തുടര്‍ന്ന് കടുത്ത സമരമുറകളിലേക്ക് പാര്‍ട്ടി നീങ്ങുമെന്നും അശുതോഷ് രങ്ക മുന്നറിയിപ്പ് നല്‍കി. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയിലെ 47 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പരീക്ഷാ ചോര്‍ച്ചയുടെയും വിദ്യാര്‍ഥികളുടെ ആത്മഹത്യയുടെയും പൂര്‍ണ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധം ഇന്നും തുടരും. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും സിജെപി പ്രതിനിധികളും തമ്മിലുള്ള മൂന്നാംഘട്ട ചര്‍ച്ച ഇന്ന് വൈകിട്ട് 3:30-ന് നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന പ്രധാന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് സമരക്കാരുടെ തീരുമാനം.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത പൊലീസ് കേസുകള്‍ (എഫ്.ഐ.ആര്‍) പിന്‍വലിക്കുക, പരീക്ഷാ ചോര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ രണ്ട് ആവശ്യങ്ങള്‍ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വഴങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ അന്തിമ നിലപാടറിയിക്കാന്‍ കേന്ദ്രം ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
---------------
Hindusthan Samachar / Sreejith S