Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ജൂലൈ (H.S.)
എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി കേസ് തന്നിലേക്ക് എത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ശശിധരന്‍ കര്‍ത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴി മാധ്യമസൃഷ്ടിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എക്സാലോജിക് കേസ് തന്നിലേക്ക് എത്തിക്കാനാകുമോ എന്നാണ് പലരും നോക്കുന്നതെന്നും എകെജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
'ആരാ ശ്രീമതിടീച്ചറുടെ വാര്‍ത്ത കൊടുത്തത്? മാധ്യമങ്ങളില്‍ വന്നതുകൊണ്ട് എല്ലാം ശരിയാകുമോ? അതൊക്കെ നിങ്ങളുടെ സൃഷ്ടിയല്ലേ. നിങ്ങള്‍ക്ക് എന്തെല്ലാം സൃഷ്ടിക്കാം. എത്രകാലമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ സൃഷ്ടിക്കുന്നതിന് വല്ല ഫലവുമുണ്ടാക്കാന്‍ കഴിഞ്ഞോ? ഇനി ഇതും കുറച്ചുനാള് നോക്ക്, എന്താണ് ചെയ്യാന്‍ പറ്റുകയെന്ന്. ഇങ്ങനെ സൃഷ്ടിച്ച് എന്തെങ്കിലും കിട്ടുമോ എന്ന് നല്ല ശ്രമം നടത്തിനോക്ക്. ഞാനിപ്പൊ നിങ്ങളുടെ മുമ്പില്‍ മറ്റൊന്നും പറയാന്‍ നില്‍ക്കുന്നില്ല', പിണറായി വിജയന്‍ പറഞ്ഞു.
എക്സാലോജിക്ക് അല്ലാതെ ലേക്കര്‍ ഇന്ത്യാ കോര്‍പ്പറേഷന്‍ എന്നൊരു കമ്പനി വീണയ്ക്ക് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി 'കമലാ ഇന്റര്‍നാഷണല്‍ വിട്ടോ?' എന്ന മറുചോദ്യമാണ് പ്രതിപക്ഷനേതാവ് തിരിച്ച് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.
വീണയുടെ കമ്പനി സിഎംആര്എലിനു സേവനം നല്കിയിട്ടില്ലെന്നും, പിതാവായ പിണറായി വിജയനോടുള്ള അടുപ്പം കാരണമാണ് പണം നല്കിയതെന്നുമാണു കര്‍ത്ത മൊഴി നല്‍കിയത്. ഇ.ഡിക്കു മുന്നില് 2024 ഏപ്രില് 24 നു നല്കിയ മൊഴിയാണു പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി വീണയുടെ ബാങ്ക് അക്കൗണ്ടുകള് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചിരുന്നു. കര്ത്തയുടെ മൊഴിക്കു പിന്നാലെ വീണയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കും.
സിഎംആര്എല് - എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളില് തനിക്കു മനസ്സറിവില്ലെന്നാണ് പിണറായി വിജയന്റെ മകള് വീണ കഴിഞ്ഞ മാസം എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്കിയ മൊഴി. രണ്ടു കമ്പനികളും തമ്മില് 2017-21 കാലയളവില് നടത്തിയ 2.78 കോടി രൂപയുടെ കണ്‌സല്റ്റന്‌സി ഫീ ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്ക്കു വ്യക്തമായ മറുപടി പറയാന് വീണയ്ക്കു കഴിഞ്ഞില്ല. സിഎംആര്എല് കമ്പനി എന്തിനുവേണ്ടിയാണു തന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ടില് പണം നിക്ഷേപിച്ചതെന്ന ചോദ്യത്തിനും വീണയ്ക്ക് മറുപടി ഉണ്ടായില്ല. ഇതോടെ സ്വത്തുക്കള് കണ്ടുകെട്ടുന്നതിന്റെ ഭാഗമായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി റിപ്പോര്ട്ട് നല്കി. ഈ റിപ്പോര്ട്ടിലാണ് ഗുരുതര ആരോപണങ്ങളുള്ളത്.
അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധം മാത്രം പരിഗണിച്ചാണ് ഈ തുക നല്കിയതെന്ന് സിഎംആര്എല് ഉടമ ശശിധരന് കര്ത്ത ഇഡിക്ക് നല്കിയ മൊഴിയില് സമ്മതിച്ചിട്ടുണ്ട്. രാഷ്ട്രീയമായും നിയമപരമായും ഏറെ ചലനങ്ങള് സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുകളാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമര്പ്പിച്ച റിപ്പോര്ട്ടിലുള്ളത്. കള്ളപ്പണം വെളുപ്പിക്കല് നിരോധന നിയമത്തിലെ (പിഎംഎല്എ) സെക്ഷന് 50 പ്രകാരം 2024ല് രേഖപ്പെടുത്തിയ ചോദ്യം ചെയ്യലിലാണ് ശശിധരന് കര്ത്ത ഈ വിവരങ്ങള് വെളിപ്പെടുത്തിയത്.
ഐടി കണ്‌സള്ട്ടന്‌സിയുടെയും സോഫ്‌റ്റ്വെയര് സേവനങ്ങളുടെയും പേരിലാണ് 2.78 കോടി രൂപ വീണ വിജയനും ബെംഗളൂരു ആസ്ഥാനമായുള്ള എക്‌സാലോജിക് സൊല്യൂഷന്‌സിനും സിഎംആര്എല് നല്കിയത്. എന്നാല് നിലവിലില്ലാത്ത ഇആര്പി സേവനങ്ങളുടെ പേരില് തയ്യാറാക്കിയ വ്യാജ പേയ്‌മെന്റുകളായിരുന്നു ഇവയെന്ന് അന്വേഷണത്തില് തെളിഞ്ഞു. സിഎംആര്എല്ലിനായി എന്തെങ്കിലും തരത്തിലുള്ള ജോലികള് ചെയ്തതായി തെളിയിക്കാന് വീണ വിജയന് കഴിഞ്ഞിട്ടില്ല.
തങ്ങള് സേവനങ്ങളൊന്നും നല്കിയിട്ടില്ലെന്ന് ഇഡി ചോദ്യം ചെയ്യലില് വീണയും സമ്മതിച്ചതായി റിപ്പോര്ട്ടില് പറയുന്നു. ഇതിനുപുറമേ ശശിധരന് കര്ത്തയുടെ ഉടമസ്ഥതയിലുള്ള എംപവര് ഇന്ത്യ കാപിറ്റല് ഇന്വെസ്റ്റ്‌മെന്റ്‌സ് (ഇഐസിപിഎല്) എന്ന എന്ബിഎഫ്‌സി കമ്പനി വഴി 50 ലക്ഷം രൂപ എക്‌സാലോജിക്‌സിന് വായ്പയായി നല്കിയിരുന്നു. എന്നാല് വാണിജ്യ വ്യവസ്ഥകള് പ്രകാരം ഈ വായ്പ തിരിച്ചടയ്ക്കുന്നതില് എക്‌സാലോജിക് പൂര്ണമായും പരാജയപ്പെട്ടു. തുടര്ന്ന് സിഎംആര്എല്ലില് നിന്ന് ലഭിച്ച അവിഹിത തുക വകമാറ്റിയാണ് എക്‌സാലോജിക് മറ്റ് ബാങ്ക് ഇടപാടുകള് നടത്തിയതെന്നും ഇഡി റിപ്പോര്ട്ട് ചൂണ്ടിക്കാണിക്കുന്നു.
---------------
Hindusthan Samachar / Sreejith S