Enter your Email Address to subscribe to our newsletters

New delhi, 25 ജൂലൈ (H.S.)
നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രതിഷേധത്തെ പിന്നില്‍ നിന്നു കുത്തി എന്ന വിമര്‍ശനത്തിന് എതിരെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിനെ വിമര്‍ശിച്ചവര്‍ക്കെതിരെയാണ് വിമര്‍ശനം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. തന്റെ പോരാട്ടത്തിന്റെ ആത്മാര്‍ഥത തെളിയിക്കാന്‍ ആരുടെയും സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 26 ദിവസം നീണ്ട നിരാഹാര സമരം നടത്തിയ തനിക്ക് 11 കിലോ ശരീരഭാരമാണ് നഷ്ടപ്പെട്ടതെന്ന് വാങ്ചുക് പറഞ്ഞു. പേശികളുടെ ബലം നഷ്ടപ്പെടുകയും ആന്തരികാവയവങ്ങള്‍ക്കും തലച്ചോറിനും പരിഹരിക്കാനാവാത്ത കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ വക്കിലെത്തുകയും ചെയ്തു. ലഡാക്കിലെ കൊടുംതണുപ്പില്‍ നിന്ന് ഡല്‍ഹിയിലെ ചുട്ടുപൊള്ളുന്ന ചൂടിലെത്തിയാണ് താന്‍ ഇതെല്ലാം ചെയ്തത്. തന്റെ സമരം എത്രത്തോളം പവിത്രമായിരുന്നുവെന്നോ, ആരുടെ കൈകളില്‍ നിന്നാണ് സമരം അവസാനിപ്പിച്ചതെന്നോ, താന്‍ എന്തെങ്കിലും വിലപേശല്‍ നടത്തിയോ എന്നതിനെക്കുറിച്ചോ ആരോടെങ്കിലും സ്വഭാവസര്‍ട്ടിഫിക്കറ്റ് ചോദിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം മോശം ചിന്തകള്‍ ഉണ്ടാകുന്ന മനസ്സുകളെ സൃഷ്ടിക്കുന്ന രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളായി താനും കുടുംബവും കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതിനാലാണ് പലരും വിമര്‍ശിക്കുന്നത്. അതിനാല്‍ ആരെങ്കിലും പറയുന്നത് കേള്‍ക്കുന്നതിന് മുന്‍പ് അവരുടെ പശ്ചാത്തലം പരിശോധിക്കണം. അവര്‍ക്ക് എന്തെങ്കിലും മുന്‍വൈരാഗ്യമുണ്ടോയെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയോടുള്ള വിരോധമാണോയെന്നും മനസ്സിലാക്കണം. നിഷ്പക്ഷരായ ആളുകളാണ് വിമര്‍ശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത് കേള്‍ക്കാന്‍ തയാറാണെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.
നീറ്റ് പരീക്ഷാവിഷയത്തിലും രാജ്യത്തെ മത്സരപ്പരീക്ഷാസംവിധാനങ്ങളിലെ പരിഷ്‌കാരങ്ങളിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച വാങ്ചുക് തന്റെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം സമരം അവസാനിപ്പിച്ചത്. ആവശ്യമായ ഉറപ്പുകള്‍ നല്‍കുന്നതിനായി കേന്ദ്രമന്ത്രിമാര്‍ തന്നെ സന്ദര്‍ശിച്ചതായി എക്‌സില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. നേരത്തെ വാക്കാല്‍ ഉറപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക രേഖ വേണമെന്ന് താന്‍ നിര്‍ബന്ധം പിടിച്ചതിനാലാണ് സമരം അവസാനിപ്പിക്കാന്‍ രണ്ട് ദിവസം വൈകിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S