Enter your Email Address to subscribe to our newsletters

Kozhikkode, 25 ജൂലൈ (H.S.)
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 16 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ്. യുവതി പൊലീസിന്റെ പിടിയിലായിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്തു വന്ന യുവതിയുടെ പ്രസവ വിവരം വീട്ടുകാര്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണു സൂചന. യുവതിയെ ഉടന്‍ തന്നെ കോഴിക്കോട് എത്തിക്കും.
ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകും എന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് യുവതി പൊലീസിനോട് സൂചിപ്പിച്ചത് എന്നാണു വിവരം. ഈ മാസം എട്ടിനാണ് യുവതി മെഡിക്കല്‍ കോളജില്‍ എത്തിയത്. വയനാട് സ്വദേശി എന്ന വിലാസം ആണ് ആശുപത്രിയില്‍ നല്‍കിയത്. തുടര്‍ന്ന് 12 ന് ഇവര്‍ ആശുപത്രിയില്‍ നിന്നും പോയി. പിന്നീട് കുഞ്ഞിന് അസുഖമാണെന്നു പറഞ്ഞ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവതി, കുഞ്ഞിനെ അല്‍പനേരത്തേക്ക് നോക്കാന്‍ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കല്‍ ഏല്‍പിച്ച ശേഷം കടന്നുകളയുകയായിരുന്നു.
ഏറെ സമയമായിട്ടും യുവതി മടങ്ങിവരാത്തതോടെ ഈ സ്ത്രീ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുഞ്ഞിനെ പിന്നീട് ശിശുക്ഷേമ സമിതിയെ അറിയിച്ച് സുരക്ഷിതമായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനു ശേഷം മെഡിക്കല്‍ കോളജ് പൊലീസും സിറ്റി പൊലീസും ഊര്‍ജിതമായി നടത്തിയ അന്വേഷണത്തിലാണ് യുവതി പത്തനംതിട്ട സ്വദേശി ആണെന്നത് വ്യക്തമായത്.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപമുളള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സ്റ്റേഷനില്‍ പരാതി നല്‍കിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മ എന്നു വ്യക്തമായി. പ്രസവസമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി. പത്തനംതിട്ടയില്‍ എത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ യുവതി മൂന്നു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് എന്ന വിവരവും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലഭിച്ച നവജാത ശിശുവിനെ വനിതാ പൊലീസിന്റെ പ്രത്യേക സുരക്ഷയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില പൂര്‍ണമായും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ തന്നെ ശിശുക്ഷേമ സമിതിക്കു മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് അവരുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്ക് മാറ്റി. കുഞ്ഞിന് ആവശ്യമായ എല്ലാ പരിചരണവും ഇവിടെ ഉറപ്പാക്കി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്‍പ്പെടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S