Enter your Email Address to subscribe to our newsletters

Kochi , 26 ജൂലൈ (H.S.)
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ക്വിസ്, മാരത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ 8, 9, 11 ക്ലാസ്സുകളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
ഒരു സ്കൂളിൽ നിന്നും രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ക്വിസ് മൽസരം ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ എറണാകുളം ഗവ. മഹാരാജാസ് കോളേജിൽ നടക്കും. പൊതുജന ആരോഗ്യം, കൗമാര ആരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണ ക്രമം, എച്ച്. ഐ.വി എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധ രക്ത ദാനം, സർക്കാർ ആരോഗ്യ പരിപാടികൾ എന്നിവയാണ് ക്വിസ് മത്സര വിഷയം.
ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. ക്വിസ് മത്സരത്തിലെ ആദ്യ സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിലും തുടർന്ന് ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മാരത്തോൺ മത്സരത്തിൽ മത്സരാർത്ഥികളുടെ പ്രായപരിധി 17 മുതൽ 24 വരെയാണ് . സ്ത്രീ/ പുരുഷ വിഭാഗത്തിന് മത്സരത്തിൽ പങ്കെടുക്കാം.
ജില്ലാതല മത്സരത്തിൽ വിജയികളാവുന്ന ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം കരസ്ഥമാക്കുന്ന സ്ത്രീ/പുരുഷ വിഭാഗത്തിന് യഥാക്രമം 5000, 4000, 3000 എന്നീ ക്രമത്തിൽ ക്യാഷ് പ്രൈസും മെമൻ്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒരു കോളേജിൽ നിന്ന് പരമാവധി 5 പേർക്ക് മാരത്തോണിൽ പങ്കെടുക്കാം.
ജില്ലാതല മത്സര വിജയികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.
മത്സരാർത്ഥികൾ കോളേജിൽ നിന്നുള്ള സാക്ഷ്യപത്രം, വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ മത്സരത്തിന് വരുമ്പോൾ ഹാജരാക്കണം.
ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ജൂലൈ 29 ന് അഞ്ച് മണിക്ക് മുൻപായി ചുവടെ ചേർത്തിരിക്കുന്ന നമ്പരിൽ വിളിച്ച് രജിസ്ട്രേഷൻ നടത്താവുന്നതാണ് ഫോൺ: 7012722501
9526816588.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR