കുറ്റിപ്പുറത്ത് കാറിൻ്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലകീഴായി മറിഞ്ഞ് അപകടം.
Malappuram , 26 ജൂലൈ (H.S.) കുറ്റിപ്പുറത്ത് കാറിൻ്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലകീഴായി മറിഞ്ഞ് അപകടം. ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാള് മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പെരുവയൽ സ്വ
Accident


Malappuram , 26 ജൂലൈ (H.S.)

കുറ്റിപ്പുറത്ത് കാറിൻ്റെ മുകളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ബസ് തലകീഴായി മറിഞ്ഞ് അപകടം. ദേശീയപാതയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാള് മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. പെരുവയൽ സ്വദേശി വൈഷണവ് ആണ് മരിച്ചത്.

കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇടിച്ച ആഘാതത്തിൽ ബസ് ഏകദേശം നടുമുറിഞ്ഞ നിലയിലാണ്. ബസിൻ്റെ അടിയിൽപ്പെട്ട കാറും പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

''അപ്രതീക്ഷിതമായി അമിത വേഗതയിലെത്തിയ ബസ് മറിയുകയായിരുന്നു. പിന്നെ ഉച്ചത്തിൽ കരച്ചിലാണ് കേട്ടത്. എല്ലാവരും സീറ്റിൽ ഇരിക്കുകയായിരുന്നു. അരും തന്നെ നിന്ന് യാത്ര ചെയ്തിരുന്നില്ല. ബസ് മറിഞ്ഞപ്പോള് ഇരിക്കുന്നവരുടെ ദേഹത്തേക്ക് ഡീസലും രക്തവുമെല്ലാം ഒഴുകി. ഇതോടെ ആളുകള് കൂടുതൽ പരിഭ്രാന്തരായി. പിന്നെ നാട്ടുകാർ ഓടിയെത്തി സമാധാനമായി പുറത്തേക്ക് ഇറങ്ങാൻ നിർദേശിക്കുകയായിരുന്നു'' - യാത്രക്കാരൻ പറഞ്ഞു.

അതേസമയം പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കോഴിക്കോട്-തൃശൂർ റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.

കുറ്റിപ്പുറം മേൽപ്പാലത്തിന് സമീപം സ്ഥിരം അപകടമേഖല

ദേശിയപാതയിലെ സർവിസ് റോഡുകളിൽ നിന്ന് മേൽപ്പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡിൻ്റെ അശാസ്ത്രീയമായ നിർമാണവും റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അനുമതി ലഭിക്കാത്തതുമാണ് ഇവിടെ അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ദേശിയപാതയിലൂടെ 4,5 വരികളിലായി വരുന്ന സർവിസ് റോഡുകൾ പെട്ടെന്ന് മേൽപ്പാലത്തിലേക്ക് എത്തുമ്പോൾ രണ്ടു വരിയായി മാത്രമാണ് ചുരുങ്ങുന്നത്. പരിചയമില്ലാത്ത യാത്രക്കാർ ഉയർന്ന വേഗതയിൽ എത്തി പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരണപ്പെടുകയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

റോഡിൻ്റെ ഈ ഭാഗത്തെ വീതി കൂട്ടി അപകടഭീഷണി ഒഴിവാക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, തൊട്ടടുത്തുള്ള റെയിൽവേ ക്രോസിങ് ഭാഗത്ത് റോഡിന് വീതി കൂട്ടാൻ റെയിൽവേ അനുമതി നൽകുന്നില്ല എന്നാണ് ദേശിയപാത അധികൃതർ നൽകുന്ന വിശദീകരണം. റെയിൽവേയുടെ അനുമതി ലഭിക്കാതെ ഈ ഭാഗത്ത് കൂടുതൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് എൻഎച്ച്എഐ എന്നും നാട്ടുകാർ പറയുന്നു ഈ ഭാഗത്തെ അപാകതകൾ അടിയന്തരമായി പരിഹരിച്ച് റെയിൽവേയുടെ അനുമതി വാങ്ങി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News