Enter your Email Address to subscribe to our newsletters

Alappuzha , 26 ജൂലൈ (H.S.)
സിനിമ ഒഴിയാബാധയായാൽ ഒരിക്കലും ബ്രേക്ക് എടുക്കാൻ സാധിക്കില്ലെന്ന് നടനും സംവിധായകനുമായ
ബേസിൽ ജോസഫ്. കരിയറിൽ താൻ ഇപ്പോൾ തന്നോട് സ്വയം മത്സരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
14-ാമത് 'പംപ ' സാഹിത്യോത്സവത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ മനീഷ് നാരായണനുമായി സംവദിക്കുകയായിരുന്നു ബേസിൽ ജോസഫ്.
'പൊന്മാൻ’ എന്ന സിനിമയാണ് അഭിനയിച്ചതിൽ തനിക്ക് ഏറെ ഇഷ്ടം. ഇനി അതുപോലെ ഒരു സിനിമ എപ്പോൾ സംഭവിക്കും എന്ന് പറയാൻ കഴിയില്ല.
ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടു അവതരിപ്പിക്കാൻ ഏറ്റവും കൂടുതൽ സഹായകമായത് ചിത്രം അടിസ്ഥാനമാക്കിയ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണ്. കൃതിയോട് നീതിപുലർത്താൻ പരമാവധി ശ്രമിച്ചു.
തിയറ്ററിൽ ഉണ്ടാകുന്ന കമ്യൂണിറ്റി റിയാക്ഷൻ ഒരിക്കലും ഒടിടി പ്ലാറ്റ്ഫോമിൽ കിട്ടില്ല.
മിന്നൽ മുരളി തിയറ്ററിൽ റിലീസ് ചെയ്യാത്തതിൽ നല്ല വിഷമമുണ്ട്. വലിയ പ്രതീക്ഷയിലായിരുന്നു. അവസാന ഘട്ടത്തിലാണ് തിയറ്റർ റിലീസിനുള്ള സാഹചര്യം ഇല്ലാതെ പോയത്. ആ കാലത്ത് വലിയ
ട്രോമയിലേക്ക് വഴുതി വീണെന്നും
പിന്നെ
യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ടുവെന്നും ബേസിൽ ജോസഫ് പറഞ്ഞു.
➖➖➖
'കരിക്കോട്ടക്കരി' ദളിത് ചിന്തകളെ മാറ്റിമറിച്ചു: വിനോയ് തോമസ്
തൻ്റെ ജീവിതവും താൻ അനുഭവിച്ച സാഹചര്യങ്ങളുമാണ് എഴുത്തിലൂടെ ആവിഷ്കരിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ വിനോയ് തോമസ് അഭിപ്രായപ്പെട്ടു.
കരിക്കോട്ടക്കരി ഇറങ്ങി കഴിഞ്ഞ ശേഷം ദളിത് ചിന്താ പദ്ധതിയെ തന്നെ ആ കൃതി സ്വാധീനിച്ചു. ജാതി, അധ്വാനം ഭൂവധികാരം, അധികാരം, പ്രിവില്ലേജ് എന്നീ വിഷയങ്ങളാണ് നോവലിൽ പ്രതിപാദിച്ചത്. അതുവരെ ദളിത് എഴുത്ത് എന്നത് ദളിത് വിഭാഗത്തിൻ്റെ മാത്രം കാര്യമായിരുന്നു. എന്നാൽ പുറത്തു നിന്നുള്ള ഒരാൾ ആ ജീവിതത്തെ നോക്കിക്കാണാൻ ശ്രമിച്ചതാണ് തൻ്റെ എഴുത്ത്.
പുറ്റ് എന്ന കൃതി ഒരു സമൂഹം എങ്ങനെ രൂപപ്പെടുന്നുവെന്നാണ് വരച്ചിട്ടത്. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പുറ്റ് നോവലിലെ നായക കഥാപാത്രമായ ജറമിയാസ് പോളിന്റെ നല്ല വശങ്ങൾ ബെന്നി തോമസിൽ നിന്ന് പകർത്തിയതാണ്. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, സഹോദരിയുടെ ഭർത്താവായ ബെന്നി തോമസുമായ് ഉയർന്നുവന്ന വിവാദങ്ങൾ ഞങ്ങളെ വേദനിപ്പിച്ചു. രാഷ്ട്രീയവും മതവും നോക്കാതെ ഈ മനുഷ്യൻ്റെ അടുത്തേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് മലയോരത്തെ നിത്യ കാഴ്ചയാണ്. മലയോരത്തുകാരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രവണത സമൂഹത്തിൽ ഇപ്പോഴും ഉണ്ടെന്ന് വിനോയ് തോമസ് കൂട്ടിച്ചേർത്തു.
കെ. രാജഗോപാൽ മോഡറേറ്ററായിരുന്നു.
➖➖➖➖
പംപ ഫെസ്റ്റ് ഇന്ന് സമാപിക്കും
ചെങ്ങന്നൂർ: സാഹിത്യവും കലയും സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ പംപ സാഹിത്യോത്സവത്തിന് ഇന്ന് (ജൂലൈ 27) സമാപനമാകും. വിവിധ ഭാഷകളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന വൈവിധ്യമാർന്ന സെഷനുകളാണ് അവസാനദിവസവും ഒരുക്കിയിരിക്കുന്നത്.
രാവിലെ 10 ന് സാഹിത്യ അക്കാദമി പുരസ്കാര ജേതാവും സന്താലി എഴുത്തുകാരിയുമായ ജോബ മുർമു 'ഒലോൻ ബാഹ' യെ അധികരിച്ച് സംസാരിക്കും. തുടർന്ന് ബാലസാഹിത്യ പുരസ്കാര ജേതാവും മറാത്തി കവയിത്രിയുമായ സംഗീത ബാർവെ സംവാദം നയിക്കും. ഫുൾബ്രൈറ്റ് ഫെലോയും സാഹിത്യ ഗവേഷകയുമായ സകൂൺ സിങ് തന്റെ പുതിയ നോവലായ Fourteen Springs of Separation അവതരിപ്പിക്കും.
താളമദ്ദളെ കലാകാരിയും എഴുത്തുകാരിയുമായ കൃതി ആർ. പുരപ്പേമനെ വനിതാ താളമദ്ദളെയുടെ പാരമ്പര്യവും പ്രതിരോധവും പ്രമേയമാക്കി പ്രഭാഷണം നടത്തും. തുടർന്ന് സംസ്ഥാന പുരസ്കാര ജേതാവായ സംവിധായകനും നടനുമായ ചിദംബരം, സംവിധായകരായ ദിൻജിത് അയ്യത്താൻ, ജ്യോതിഷ് ശങ്കർ എന്നിവരോടൊപ്പം ചലച്ചിത്രരംഗത്തെ അനുഭവങ്ങളും സമകാലിക സിനിമയും വിഷയമാക്കി സംവദിക്കും.
സാഹിത്യവും കലയും സിനിമയും ഒരേ വേദിയിൽ സമന്വയിപ്പിച്ച പംപ സാഹിത്യോത്സവം വിവിധ ഭാഷകളിലെ സ്രഷ്ടാക്കളുടെയും ആസ്വാദകരുടെയും സജീവ പങ്കാളിത്തത്തോടെയാണ് സമാപനത്തിലേക്ക് കടക്കുന്നത്.
വ്യത്യസ്തമായ സംവാദങ്ങൾ സമന്വയിപ്പിച്ച വൈവിധ്യമാർന്ന പരിപാടികളോടെ പംപ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനവും ശ്രദ്ധേയമായി.
സാഹിത്യകാരി സി. എസ്. ലക്ഷ്മി (അമ്പൈ) സ്ത്രീജീവിതങ്ങൾ, സ്ത്രീയുടെ ഭാഷ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം സ്ത്രീയനുഭവങ്ങളെയും ചരിത്രത്തിലെ സ്ത്രീസാന്നിധ്യത്തെയും ആസ്പദമാക്കിയ ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറന്നു.
ചിത്രകാരി റോഹിണി മണി ചിഹ്നത്തിനും സ്വത്വത്തിനുമിടയിൽ എന്ന വിഷയത്തിൽ കലയും വ്യക്തിത്വവും തമ്മിലുള്ള ബന്ധം അവതരിപ്പിച്ചു. തുടർന്ന് സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ വിനോയ് തോമസ് സമകാലിക സാഹിത്യത്തെയും എഴുത്തിന്റെ പുതിയ അനുഭവലോകങ്ങളെയും കുറിച്ച് സംവദിച്ചു.
ഉച്ചയ്ക്കുശേഷം ഗായികയും നർത്തകിയുമായ മാധുരി ഭാട്ടിയയുടെ സംഗീതാവതരണം ശ്രദ്ധേയമായി. ബാലസാഹിത്യകാരി ഷാലിനി മൂർത്തി കുട്ടികളുടെ സാഹിത്യലോകത്തെക്കുറിച്ചും കഥപറച്ചിലിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
ദേശീയ പുരസ്കാര ജേതാവായ സംവിധായകനും നടനുമായ ബേസിൽ ജോസഫ്, മാധ്യമപ്രവർത്തകൻ മനീഷ് നാരായണനുമായി നടത്തിയ സംവാദത്തിൽ സിനിമ, സൃഷ്ടിപ്രക്രിയ, സമകാലിക മാധ്യമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ ബെന്യാമിനും ഇന്ദുഗോപനും പങ്കെടുത്ത സംവാദവും പ്രേക്ഷകശ്രദ്ധ നേടി.
ദിവസത്തെ പരിപാടികൾക്ക് സമാപനമായി നീനാസം ബാലഗ അവതരിപ്പിച്ച യക്ഷഗാനമായ ജാംബവതി കല്യാണം അരങ്ങേറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR