കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് കേരളത്തിലെ ബിജെപി നേതാക്കള്.
Thiruvananthapuram, 26 ജൂലൈ (H.S.) കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് കേരളത്തിലെ ബിജെപി നേതാക്കള്. എന്നും യുവാക്കൾക്ക് ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് മുൻ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യ
BJP


Thiruvananthapuram, 26 ജൂലൈ (H.S.)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതികരിച്ച് കേരളത്തിലെ ബിജെപി നേതാക്കള്. എന്നും യുവാക്കൾക്ക് ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് മുൻ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ പ്രതികരിച്ചു. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നരേന്ദ്ര മോദി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച ബഹുജന റാലി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിൻ്റെ പ്രധാനമന്ത്രി എന്നും രാജ്യത്തെ യുവജനതയ്ക്കൊപ്പമാണെന്നും, ജനാധിപത്യത്തിൻ്റെ മര്യാദകൾ പാലിച്ച് അദ്ദേഹം എടുത്ത തിരുമാനം വിദ്യാർഥി സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് ജനാധിപത്യപരമായി നൽകിയ തിരിച്ചടി കൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ കെട്ടുകെട്ടിക്കും, രാഹുൽ ഗാന്ധിക്ക് വിമർശനം

പാറ്റകൾ പോലും കൂറകൾ എന്ന് വിളിക്കുന്ന വിഭാഗമാണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും. അവർക്കെതിരെ ആഞ്ഞടിക്കുക തന്നെ ചെയ്യും. ഭാരതത്തിൻ്റെ മണ്ണിൽ നിന്ന് കോൺഗ്രസിനെ കെട്ടുകെട്ടിച്ചിട്ടേ നരേന്ദ്രമോദി അടങ്ങുകയൂള്ളൂ എന്നത് ഉറപ്പാണെന്നും അവരുടെ കൂടെക്കൂടിയ കമ്മ്യൂണിസ്റ്റുകാരുടെ അവസ്ഥയും അതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കോൺഗ്രസും കമ്മ്യൂണിസ്റ്റും കുറിച്ച് വച്ചോളൂ. ഭാരതത്തിൽ അടിയന്തരാവസ്ഥയുടെ പ്രതീതിയാണെന്ന് പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി എന്തായിരുന്നു ആ അടിയന്തരാവസ്ഥയെന്നും, അതിൻ്റെ കാരണക്കാർ ആരാണെന്നും പഠിക്കുന്നത് നന്നായിരിക്കും എന്നും ജോർജ് കുര്യൻ പറഞ്ഞു. എന്നാൽ കമ്മ്യൂണിസ്റ്റുകാരുടെ കാര്യം അതിലും പരുങ്ങലിൽ ആണ്. ബാലബുദ്ധിയായ ഭാരതത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെ ഇന്ത്യ മുന്നണി നേതാക്കൾ മൂന്നുമണിക്കുറോളം പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ കുത്തിയിരുന്ന് കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തു. എന്നാൽ ഭാരതത്തിലെ ജെൻസി സമൂഹം ഇവരെ നിരാകരിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർത്തിയവർ കോടികൾ വാങ്ങി നടത്തിയ കുംഭകോണം, മോദി സർക്കാർ കൃത്യമായ ഇടപെടലിൽ കൂടി വളരെ വേഗം കുറ്റക്കാരെ കണ്ടെത്തി ജയിലഴികളിൽ ആക്കി. കൂടാതെ, സമയബന്ധിതമായി പുനഃപരീക്ഷ നടത്തുകയും അതിൻ്റെ ഫലം കൃത്യ സമയത്ത് തന്നെ പ്രസിദ്ധീകരിച്ചതും ഈ സർക്കാരിൻ്റെ വിദ്യാർഥി സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. ഈ സമയത്ത് ഭാരതത്തിൻ്റെ പ്രതിപക്ഷ നേതാവ് വിദേശത്ത് സുഖവാസത്തിൽ ആയിരുന്നു എന്നും ജോര്ജ് കുര്യന് വിമർശിച്ചു.

ഭാരതത്തിൽ എന്നും അഴിമതി മാത്രം കണ്ട് ശീലിച്ച ജനങ്ങൾ കഴിഞ്ഞ 12 വർഷകാലമായി അഴിമതിരഹിത ഭരണം കണ്ട് മനസിലാക്കിയിട്ടുണ്ട് എന്നും ഭാരതത്തിൻ്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കാനാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വിധ്വംസക പ്രവൃത്തികൾക്കെതിരെ ഭാരതത്തിലെ യുവാക്കൾ ഒറ്റക്കെട്ടായി മുന്നോട്ടു വരുമെന്നും അത് നരേന്ദ്ര മോദി എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആയിരിക്കുമെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ നാരായൺ നമ്പൂതിരി, വൈക്കം മുൻ എംഎൽഎ കെ അജിത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽകൃഷ്ണ, എൻ കെ ശശികുമാർ, എസ് രതീഷ്, മധ്യമേഖല ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ ഭാരവാഹികളായ ലേഖ അശോകൻ, സരീഷ്, ആൻ്റണി അറയിൽ, രൂപേഷ്, ജിഷ്ണു പ്രസന്നകുമാർ, അപ്പു ടി എസ്, സിന്ധു അജിത്ത് എന്നിവർ സംസാരിച്ചു. തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച ബഹുജന റാലി തിരുനക്കര പഴയ ബസ്റ്റാൻഡ് മൈതാനിയിൽ അവസാനിച്ചു.

രാഹുൽ ഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ

പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്രത്തിനെതിരായ നടപടിയിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് മുൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. രാജ്യത്തിന് പുറത്ത് പോയി ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ആരോപണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ഗൂഢാലോചനയ്ക്കെതിരെ മോദി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലിയിലാണ് ആരോപണം ഉന്നയിച്ചത്. ഇപ്പോൾ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണ്. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ പാകിസ്ഥാൻ ആക്രമണം നടത്തിയതിന് തെളിവുണ്ടോ എന്ന് ചോദിച്ചയാളാണ് രാഹുൽ ഗാന്ധി. അദ്ദേഹം എവിടെ സമരം ചെയ്താലും പരാജയമാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.

ധർമ്മേന്ദ്ര പ്രധാന് ആശംസ അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ പ്രധാന് ആശംസകൾ നേർന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണയറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് ഉൾപ്പെടെ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും അർഥവത്തായ പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം വഹിച്ചത് ധർമേന്ദ്ര പ്രധാനാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠനകേന്ദ്രങ്ങളും സംരംഭകത്വ കേന്ദ്രങ്ങളുമാക്കി മാറ്റുന്നതിൽ അദ്ദേഹം വലിയ പിന്തുണ നൽകി. ആ സേവനങ്ങൾക്ക് നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജയിച്ചത് മോദിയും ധർമേന്ദ്ര പ്രധാനുമെന്ന് വി മുരളീധരൻ

ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പുറമേ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വി മുരളീധരൻ തൻ്റെ പ്രതികരണം അറിയിച്ചിരുന്നു. വിധ്വംസക ശക്തികൾ ആളിക്കത്തിക്കാൻ ശ്രമിച്ച സമരത്തീയിൽ ഇന്ത്യൻ യുവത്വം എരിഞ്ഞൊടുങ്ങരുതെന്നാണ് ധർമേന്ദ്ര പ്രധാൻ ആഗ്രഹിച്ചതെന്നും കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ ഹീനമായ തന്ത്രമാണ് പൊളിഞ്ഞിരിക്കുന്നതെന്നും മുരളീധരൻ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റില് പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ അടിമുടി മാറ്റി ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിൽ ധർമേന്ദ്ര പ്രധാൻജിയുടെ സംഭാവനകൾ വലുതാണ്. പ്രിയ സുഹൃത്ത് ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തിൽ സജീവമായി ഇനിയും ഉണ്ടാകുകതന്നെ ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

രാജ്യവിരുദ്ധശക്തികള് ഇന്ത്യന് യുവത്വത്തെ കീഴടക്കാതിരിക്കാന് വിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാൻജിക്ക് അഭിവാദ്യങ്ങൾ. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന് ഒരു യഥാര്ഥ രാജ്യസ്നേഹിക്കേ സാധിക്കൂ. വിധ്വംസകശക്തികള് ആളിക്കത്തിക്കാന് ശ്രമിച്ച സമരത്തീയില് ഇന്ത്യന് യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.

കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞത്. എബിവിപി പ്രവർത്തനകാലം മുതൽ ധര്മേന്ദ്ര പ്രധാന്ജിയുടെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് ഞാൻ. പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന പോലുള്ള പദ്ധതിയിലൂടെ ദരിദ്രർക്ക് വേണ്ടി നടത്തിയ ഇടപെടലുകൾ, ഊർജമേഖലയിൽ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികൾ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു.

വിദ്യാഭ്യാസ രംഗത്തെ അടിമുടിമാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധർമേന്ദ്ര പ്രധാൻജിയുടെ സംഭാവനകൾ വളരെ വലുതാണ്. പ്രിയ സുഹൃത്ത്, ഭാരതീയ ജനതാ പാര്ട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തിൽ സജീവമായി ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധര്മേന്ദ്ര പ്രധാനുമാണ് മുരളീധരൻ ഫേസ്ബുക്കില് കുറിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News