Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ജൂലൈ (H.S.)
പട്ടികജാതി വികസന വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്, കോര്ഡിനേറ്റര് തസ്തികകളിലെ ഒഴിവുകള് നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈനായി അപേക്ഷ സമര്പ്പിക്കാം. മൂന്ന് തസ്തികകളിലായി ആകെ 10 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്പ്പിക്കേണ്ട അവസാന തിയതി ജൂലൈ 27 (നാളെ) ആണ്.
സ്റ്റേറ്റ് പ്രോഗ്രാം മാനേജര് തസ്തികയില് ഒന്നും കോര്ഡിനേറ്റര് തസ്തികയില് രണ്ടും (എസ് സി വിഭാഗക്കാര്ക്ക് മാത്രം) ജില്ലാ കോര്ഡിനേറ്റര് തസ്തികയില് ഏഴും (എസ് സി വിഭാഗക്കാര്ക്ക് മാത്രം) ഒഴിവുകളാണ് ഉള്ളത്. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്ക്ക് പ്രതിമാസം 35,000 രൂപയും കോര്ഡിനേറ്റര്മാര്ക്ക് 30,000 രൂപയും, ജില്ലാ കോര്ഡിനേറ്റര്മാര്ക്ക് 25,000 രൂപയും ആണ് ശമ്പളമായി ലഭിക്കുക.
സ്റ്റേറ്റ് പ്രോഗ്രാം മാനേജര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 40 വയസും കോര്ഡിനേറ്റര്, ജില്ലാ കോര്ഡിനേറ്റര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 35 വയസും ആണ്.
സ്റ്റേറ്റ് പ്രോഗ്രാം മാനേജര്
അംഗീകൃത സര്വകലാശാലയില് നിന്ന് സോഷ്യല് വര്ക്ക് / പബ്ലിക് അഡ്മിനിസ്ട്രേഷന് / റൂറല് ഡെവലപ്മെന്റ് / മാനേജ്മെന്റ് / ഇക്കണോമിക്സ് അല്ലെങ്കില് മറ്റ് അംഗീകൃത വിഷയങ്ങളില് ബിരുദാനന്തര ബിരുദം ഉള്ളവര്ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില് പിഎച്ച്ഡി ഉള്ളവര്ക്ക് മുന്ഗണന ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില് പ്രാവീണ്യമുണ്ടായിരിക്കണം.
പൊതുമേഖല, സര്ക്കാര് വകുപ്പ്, സര്ക്കാര് സഹായത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനം അല്ലെങ്കില് വികസന മേഖലയിലെ സംഘടന എന്നിവയില് സീനിയര് പ്രോഗ്രാം മാനേജ്മെന്റ്/നേതൃത്വപരമായ റോളുകളില് കുറഞ്ഞത് 5 വര്ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സംസ്ഥാനതല പരിപാടികള്ക്ക് നേതൃത്വം നല്കല്, പ്രോജക്റ്റ് ആസൂത്രണം, ബജറ്റ് തയ്യാറാക്കല്, വിലയിരുത്തല്, നടപ്പിലാക്കല്, നിരീക്ഷണം, സ്റ്റേക്ക്ഹോള്ഡര് ഏകോപനം, ടീം നേതൃത്വം എന്നിവയില് പരിചയം ഉണ്ടായിരിക്കണം.
എസ് സി വിഭാഗക്കാര്ക്ക് മുന്ഗണന. അതില് തന്നെ 'പ്രത്യേകം ദുര്ബലരായ പട്ടികജാതി വിഭാഗങ്ങളില്' (വേടന്, നായടി, കല്ലാടി, ചക്കിലിയന്) നിന്നുള്ളവര്ക്ക് പ്രത്യേക പരിഗണന നല്കും.
കോര്ഡിനേറ്റര്
സോഷ്യല് വര്ക്ക് / വികസനം / പൊതുഭരണം / ഗ്രാമവികസനം / മാനേജ്മെന്റ് / സാമ്പത്തിക ശാസ്ത്രം അല്ലെങ്കില് അംഗീകൃത സര്വകലാശാലയില് നിന്നുള്ള മറ്റേതെങ്കിലും വിഷയത്തില് ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം അപേക്ഷകര്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില് പ്രാവീണ്യം നിര്ബന്ധമാണ്.
പദ്ധതി ആസൂത്രണം, ബജറ്റിംഗ്, പ്രൊപ്പോസല് വികസനം, റിപ്പോര്ട്ടിംഗ്, സര്ക്കാര് വകുപ്പുകളുമായും പങ്കാളികളുമായും ബന്ധം എന്നിവയുള്പ്പെടെ സര്ക്കാര്/വികസന പരിപാടികള് ഏകോപിപ്പിക്കുന്നതിലും നിരീക്ഷിക്കുന്നതിലും കുറഞ്ഞത് 3 വര്ഷത്തെ പരിചയം. ഒരു പിഎംയു, പൊതുമേഖലാ സ്ഥാപനം, സര്ക്കാര് വകുപ്പ് അല്ലെങ്കില് സര്ക്കാര് പിന്തുണയുള്ള സ്ഥാപനം എന്നിവയിലെ പരിചയം അഭികാമ്യമാണ്.
ജില്ലാ കോര്ഡിനേറ്റര്
സോഷ്യല് വര്ക്ക് / ഡെവലപ്മെന്റ് / ആര്ട്സ് / കൊമേഴ്സ് / മാനേജ്മെന്റ് (ഏതെങ്കിലും വിഭാഗം) എന്നിവയിലൊന്നില് ബിരുദാനന്തര ബിരുദം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില് പ്രാവീണ്യം നിര്ബന്ധം. വികസന പരിപാടികളുടെ ഫീല്ഡ്-തല നടപ്പാക്കല്, കമ്മ്യൂണിറ്റി മൊബിലൈസേഷന് (ജനപങ്കാളിത്തം ഉറപ്പാക്കല്), ഗുണഭോക്താക്കളെ സഹായിക്കല്, സര്ക്കാര് വകുപ്പുകളുമായും പ്രാദേശിക പങ്കാളികളുമായും ഏകോപനം, വിവരശേഖരണം, ഡോക്യുമെന്റേഷന്, റിപ്പോര്ട്ടിംഗ്, പ്രോജക്റ്റ് പിന്തുണ എന്നിവയില് കുറഞ്ഞത് 1 വര്ഷത്തെ പ്രവൃത്തിപരിചയം.
റിക്രൂട്ട്മെന്റ് പ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തില് പങ്കെടുക്കുന്നതിന് യാത്രാപ്പടിയോ മറ്റ് അലവന്സുകളോ നല്കുന്നതല്ല. പരീക്ഷ/അഭിമുഖം എന്നിവയ്ക്കുള്ള കോള് ലെറ്ററുകള് ഡൗണ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള് ഉദ്യോഗാര്ത്ഥിയുടെ രജിസ്റ്റര് ചെയ്ത ഇമെയില് വിലാസം വഴി അയക്കുന്നതായിരിക്കും.
സംശയങ്ങള്ക്ക്, പ്രവൃത്തിദിവസങ്ങളില് (തിങ്കള് - വെള്ളി) രാവിലെ 10:00 മുതല് വൈകുന്നേരം 5:00 വരെ 0471 2320101 (എക്സ്റ്റന്ഷന്: 226) എന്ന നമ്പറില് ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്ക്കും അപേക്ഷിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in സന്ദര്ശിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR