Enter your Email Address to subscribe to our newsletters

Kozhikode , 26 ജൂലൈ (H.S.)
''ഒരുപാട് സ്വപ്നങ്ങളുമായാണ് അവൻ രാവിലെ സഹോദരനൊപ്പം തൃശൂരിലേക്ക് യാത്ര തിരിച്ചത്. ദേവസ്വം ബോർഡിൻ്റെ പരീക്ഷ എഴുതി പാസവണമെന്നും കുടുംബത്തിന് തങ്ങായി നിൽക്കണമെന്നുമായിരുന്നു അവൻ്റെ ആഗ്രഹം. എന്നാൽ അതെല്ലാം ഒരൊറ്റ നിമിഷത്തിലാണ് ഇല്ലാതയത്''
ഇന്ന് രാവിലെ മലപ്പുറം കുറ്റിപ്പുറത്തുണ്ടായ ബസ് അപകടത്തിലാണ് പെരുവയൽ ചെറുകുളത്തൂർ പാറ മാവന്നൂർ പടിക്കൽ വൈഷ്ണവ് (31) മരിക്കുന്നത്. ഒരു ഞെട്ടലോടെയല്ലാതെ വൈഷ്ണവിൻ്റെ മരണ വാർത്ത ആർക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല.
ഇന്ന് പൂലർച്ചെയാണ് ദേവസ്വം ബോർഡ് ജീവനക്കാരനായ സഹോദരൻ വൈശാഖിനൊപ്പം ദേവസ്വം ബോർഡ് പരീക്ഷക്ക് വേണ്ടി വൈഷ്ണവ് വീട്ടിൽ നിന്നും യാത്ര തിരിക്കുന്നത്. ഇതിനിടയിലാണ് ഇവർ സഞ്ചരിച്ചിരുന്ന കോഴിക്കോട്-തൃശൂർ സ്വകാര്യ ബസ് കുറ്റിപ്പുറത്ത് വച്ച് അപകടത്തിൽ പെടുന്നത്.
സാരമായി പരിക്കേറ്റ വൈഷ്ണവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ സഹോദരൻ വൈശാഖിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏട്ടനും അനിയനും പിഎസ്സി പരീക്ഷക്കാണ് രാവിലെ ഇവിടെ നിന്നും തൃശൂരിലേക്ക് യാത്ര തിരിച്ചത്. വാർത്തയിലൂടെയാണ് അപകടത്തെ കുറിച്ച് ഞങ്ങൾ അറിയുന്നത്. നാട്ടിലുള്ള ചെറുപ്പക്കാരിൽ വളരെ നല്ല സ്വഭാവമുള്ളവരാണ് രണ്ട് പേരും. മൂത്ത സഹോദരന് ദേവസ്വം ബോർഡിലാണ് ജോലി. അനിയനും ആ ജോലിക്ക് വേണ്ടിയുള്ള പരീക്ഷ എഴുതാൻ വേണ്ടി പോയപ്പോഴാണ് ഈ അപകടമെല്ലാം സംഭവിക്കുന്നതെന്ന് ബന്ധുവായ പുഷ്പാകരൻ പറഞ്ഞു.
വൈഷ്ണവിൻ്റെ അപ്രതീക്ഷിത മരണം ചെറുകുളത്തൂർ ഗ്രാമത്തെ ആകെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. നാട്ടുകാർക്കും ബന്ധുക്കൾക്കുമൊന്നും ഇതുവരെ വൈഷ്ണവിൻ്റെ മരണം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.നാട്ടിലെ ഏതു കാര്യങ്ങൾക്കും മുൻപന്തിയിലുള്ള വൈഷ്ണവിനെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.
ടൈൽസ് ജോലിക്ക് പോകുന്ന വൈഷ്ണവ് അതിനൊപ്പം തന്നെ പിഎസ്സി ഉൾപ്പെടെയുള്ള പരീക്ഷകളുംഎഴുതാറുണ്ട്. ഇത്തവണ ദേവസ്വം ബോർഡ് പരീക്ഷയിൽ വളരെ വലിയ പ്രതീക്ഷയാണ് വൈഷ്ണവിന് ഉണ്ടായിരുന്നത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ഒക്കെ ഈ ജോലി ലഭിക്കുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നു. അതിനിടയിലാണ് ബസ് അപകടത്തിൻ്റെ രൂപത്തിൽ വൈഷ്ണവിൻ്റെ ജീവൻ പൊലിഞ്ഞത്. മാവന്നൂർ പടിക്കൽ രാധാകൃഷ്ണൻ്റെയും വിലാസിനിയുടെയും രണ്ട് മക്കളിൽ ഇളയവൻ ആണ് മരിച്ച വൈഷ്ണവ്.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു കുറ്റിപ്പുറത്ത് കാറിൻ്റെ മുകളിലേക്ക് ബസ് തലകീഴായി മറിഞ്ഞ് അപകടം ഉണ്ടാവുന്നത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിറ്റുട്ടുണ്ട്. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ഇടിച്ച ആഘാതത്തിൽ ബസ് ഏകദേശം നടുമുറിഞ്ഞ നിലയിലാണ്. ബസിൻ്റെ അടിയിൽപ്പെട്ട കാറും പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR