Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 ജൂലൈ (H.S.)
സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ നാലാം വിജയം. സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ തോൽപ്പിച്ച് കേരളം. 36 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് മാത്രമാണ് നേടാനായത്. ഓൾറൗണ്ട് മികവുമായി കേരളത്തിന് വിജയമൊരുക്കിയ ടി ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ടി ഷാനിയും കിരൺ നവ്ഗിരെയും ചേർന്ന് ആറ് ഓവറിൽ 54 റൺസ് കൂട്ടിച്ചേർത്തു. കിരൺ 30 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർ കാര്യമായ സംഭാവനകൾ നൽകിയില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഷാനിയുടെ മികവിൽ കേരളം 137 റൺസെടുത്തു. ഷാനി 50 പന്തുകളിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 69 റൺസെടുത്തു. പോണ്ടിച്ചേരിക്ക് വേണ്ടി ക്യാപ്റ്റൻ അഭിരാമിയും സായാലി ലോങ്കറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പോണ്ടിച്ചേരിക്ക് വേണ്ടി 28 റൺസെടുത്ത യഷി പാണ്ഡെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന് വേണ്ടി നിയ നസ്നീൻ മൂന്നും, ഐശ്വര്യ എ കെ, ടി ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
കഴിഞ്ഞദിവസം ഹിമാചൽപ്രദേശിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലേക്ക് എത്തിയത്. ഹിമാചൽപ്രദേശിനെ 14 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 20 ഓവറിൽ 123 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ക്യാപ്റ്റൻ ആശ ശോഭനയായിരുന്നു കേരളത്തിന്റെ വിജയശിൽപ്പി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ കിരൺ നവ്ഗിരെയുടെയും നജ്ല സി.എം.സി.യുടെയും ഇന്നിങ്സുകൾ കേരളത്തിന് തുണയായി. കിരൺ 20 റൺസും നജ്ല 46 റൺസും നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ ആശ ശോഭന 19-ഉം സജന സജീവൻ 17-ഉം റൺസെടുത്തു.
--------------
Hindusthan Samachar / CHANDHU CHANDRASEKHAR