Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ജൂലൈ (H.S.)
തിരുവനന്തപുരം: ദേശീയ ബോൺ അന്റ് ജോയിന്റ് ദിനം 2026-ന്റെ ഭാഗമായി തിരുവനന്തപുരം ഓർത്തോപീഡിക് സൊസൈറ്റി (TOS), കേരള ഓർത്തോപീഡിക് അസോസിയേഷൻ (KOA), ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ (IOA) എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോൺ & ജോയിന്റ് ഹെൽത്ത് വാക്കത്തോൺ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു. കവടിയാർ ജംഗ്ഷനിൽ നിന്ന് മ്യൂസിയം വരെ നടന്ന വാക്കത്തോണിൽ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്ത് അസ്ഥി-സന്ധി ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിന് മുന്നിലെത്തിച്ചു.
ദേശീയ അസ്ഥി-സന്ധി ദിനത്തോടനുബന്ധിച്ച് വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. എസ്.എ.പി പൊലീസ് ക്യാമ്പിൽ 400-ഓളം എസ്.എ.പി കമാൻഡോകൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലനം, സ്കൂൾ വിദ്യാർത്ഥികളിൽ നട്ടെല്ലിന്റെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള സ്പൈൻ സ്ക്രീനിംഗ് സർവേ, കൂടാതെ ഓസ്റ്റിയോപൊറോസിസ് വിഷയത്തിൽ ഡോ. ഷബീറും നടുവേദനയും പ്രതിരോധവും വിഷയത്തിൽ ഡോ. സബരിശ്രീയും പൊതുജന ബോധവൽക്കരണ ക്ലാസുകൾ നടത്തി.
കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുബിൻ സുഗത്, വൈസ് പ്രസിഡന്റ് ഡോ. ജിജു നുമാൻ, സെക്രട്ടറി ഡോ. അൻസു ആനന്ദ്, ട്രഷറർ റിയാസ് അലി, തിരുവനന്തപുരം ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സതീഷ് കുമാർ, സെക്രട്ടറി ഡോ. ഇ. കൈസർ എന്നിസ്, ട്രഷറർ ഡോ. സഗീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. അസ്ഥി-സന്ധി രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, നേരത്തേയുള്ള രോഗനിർണ്ണയവും ചികിത്സയും പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നിവയാണ് ഈ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S