Enter your Email Address to subscribe to our newsletters

Kottayam, 26 ജൂലൈ (H.S.)
കോട്ടയം: വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ഏക്കറുകണക്കിന് സര്ക്കാര് ഭൂമി ഭൂമാഫിയ കയ്യേറിയതായി ആക്ഷേപം. 2012 -ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലാണ് വീണ്ടും കയ്യേറ്റം നടന്നിരിക്കുന്നത്. തെറ്റായ നടപടികളിലൂടെ സമ്പാദിച്ച പട്ടയം ഉപയോഗിച്ചാണ് കയ്യേറ്റം നടക്കുന്നത്. കയ്യേറ്റത്തിനെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതീവ പ്രാധാന്യത്തോടെ സംരക്ഷിക്കുന്ന വാഗമണ്ണിലെ മൊട്ടക്കുന്നിലാണ് 25 ഏക്കറോളം ഭൂമി കയ്യേറ്റക്കാര്‍ പിടിച്ചെടുത്തത്. 80 കോടിയോളം രൂപ വില വരുന്ന ഭൂമിയാണ് നിലവില്‍ കയ്യേറ്റക്കാരുടെ കയ്യിലുള്ളത്. പട്ടയ വിതരണത്തിന് വിലക്കുണ്ടായിരുന്ന 2001-ല്‍ നാല് പ്രവാസി വ്യവസായികള്‍ക്ക് ഈ ഭൂമിക്ക് പട്ടയം അനുവദിച്ചു. 'അമേരിക്കന്‍ പട്ടയം' എന്ന പേരിലാണ് ഇതിനെ വിളിച്ചിരുന്നത്.
മൊട്ടക്കുന്നുകള്‍ക്ക് പട്ടയം നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചാണ് ഉദ്യോഗസ്ഥര്‍ അന്ന് പട്ടയം നല്‍കിയത്. 2012 ല്‍ കയ്യേറ്റം എന്ന് കണ്ടെത്തി 150 ഏക്കറോളം ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. ഇവിടെ സ്ഥാപിച്ച ബോര്‍ഡ് പിഴുത് മാറ്റിയാണ് 25 ഏക്കറില്‍ കയ്യേറ്റക്കാര്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജൈവ സമ്പത്തിനെ കീറിമുറിച്ച് കയ്യേറ്റക്കാര്‍ റോഡ് നിര്‍മ്മിക്കുകയും ചെയ്തു.
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് പാറ പൊട്ടിച്ച് കയ്യേറ്റ ഭൂമിയില്‍ കുളവും മൊട്ടക്കുന്നുകള്‍ക്ക് നടുവിലായി രണ്ട് ഷെഡ്ഡുകളും നിര്‍മ്മിച്ചു. വാഗമണ്ണിലെ ഇന്‍ഡോ-സ്വിസ് പദ്ധതിക്ക് ശേഷം ഭൂമി കെഎല്‍ഡി ബോര്‍ഡിനും വനം, ടൂറിസം വകുപ്പുകള്‍ക്കും കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും, ഭൂമി അളന്ന് അതിര്‍ത്തി തിരിക്കുന്നതിലുണ്ടായ കാലതാമസമാണ് കയ്യേറ്റക്കാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയത്. കയ്യേറിയ ഭൂമി റിസോര്‍ട്ട് മാഫിയയ്ക്ക് മുറിച്ചു വില്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
---------------
Hindusthan Samachar / Sreejith S