Enter your Email Address to subscribe to our newsletters

Kochi, 27 ജൂലൈ (H.S.)
എറണാകുളം: സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും. അടുത്ത മാസം 29ന് മൊഴി നല്‍കുന്നതിനായി നേരിട്ട് ഹാജരാകാന്‍ കോടതി നടിയോട് നിര്‍ദേശിച്ചു.
നടി ലക്ഷ്മിപ്രിയ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്‍സിബ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഈ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ മാത്രം വരുന്നതാണെന്നും കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. വേണമെങ്കില്‍ പരാതിക്കാരിക്ക് മാനനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാല്‍ തന്റെ പരാതി കേവലം മാനനഷ്ടമല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുക്കേണ്ടതെന്നും അന്‍സിബ കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.
സ്വീകരിച്ച പരാതിയില്‍ തുടര്‍ നടപടികള്‍ എടുക്കാതിരുന്ന പാലാരിവട്ടം എസ്എച്ച്ഒ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കെതിരെയും അന്‍സിബ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഗുരുതരമായ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അന്‍സിബയുടെ ഹര്‍ജിയില്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസ് മേലുദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
പൊലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഈ ഹര്‍ജിയില്‍ അടുത്ത മാസം അഞ്ചിന് വാദം കേള്‍ക്കും. മുമ്പും സമാനമായ രീതിയില്‍ മറ്റ് രണ്ട് സ്റ്റേഷനുകളില്‍ അന്‍സിബ പരാതി നല്‍കിയിരുന്നു. നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസിലും നടി ലക്ഷ്മി പ്രിയ, ഭര്‍ത്താവ്, എസ്‌ഐ രേഷ്മ എന്നിവര്‍ക്കെതിരെ ഹില്‍പാലസ് പൊലീസിലും നല്‍കിയ പരാതികളില്‍ കോടതി നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു. പാലാരിവട്ടം സ്റ്റേഷനില്‍ നല്‍കിയ മൂന്നാമത്തെ പരാതിയിലാണ് പൊലീസ് കേസെടുക്കാന്‍ തയാറാകാതിരുന്നത്. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ നടി ശ്വേതാ മേനോനും പങ്കുണ്ടെന്ന് അന്‍സിബ ആരോപിക്കുന്നു.
---------------
Hindusthan Samachar / Sreejith S