സാമ്പത്തിക പ്രതിസന്ധിയില് നട്ടം തിരിഞ്ഞ് സംസ്ഥാന സര്ക്കാര്; ചെലവ് കൂട്ടരുതെന്ന് കര്ശന നിര്ദേശം
Thiruvanathapuram, 27 ജൂലൈ (H.S.) തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ മറ്റ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവുമായി ധനവകുപ്പ്. ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല
Kerala govt secretariat


Thiruvanathapuram, 27 ജൂലൈ (H.S.)

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ മറ്റ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവുമായി ധനവകുപ്പ്. ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റില്‍ കവിയരുതെന്നും നിര്‍ദേശം നല്‍കി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിര്‍ദേശം.

സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലെങ്കില്‍ കാരണം വിശദീകരിക്കണമെന്നും ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റവന്യൂ വരുമാനം 33311.21 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെങ്കിലും ചെലവും കടമെടുപ്പും കൂടി. ഭരണം മാറിയെങ്കിലും ഖജനാവില്‍ പണം നിറഞ്ഞു തുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഞെരുക്കം പറഞ്ഞ് മുണ്ടു മുറുക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തിലും കണക്കു കൂട്ടി നീങ്ങാനും വകുപ്പുകള്‍ക്ക് ധനവകുപ്പിന്റെ സര്‍ക്കുലര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് യാഥാര്‍ഥ്യ ബോധത്തോടെ തയ്യാറാക്കണമെന്നും പറയുന്നു. ചെലവ് കൃത്യമായി കണക്കാക്കണമെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസത്തിന് കാരണം വ്യക്തമാക്കണമെന്നും പറയുന്നു.

നികുതി, നികുതിയേതര കുടിശ്ശിക, അതിനുള്ള കാരണം, പിരിച്ചെടുക്കാന്‍ എടുത്ത നടപടികള്‍ എന്നിവ അറിയിക്കണം. ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവ് മുന്‍ വര്‍ഷത്തില്‍ നിന്ന് കൂടരുത്. പദ്ധതികളെ വകുപ്പ് മേധാവികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തണം. താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തണോയെന്ന് വകുുപ്പുകള്‍ പരിശോധിക്കണമെന്നും പറയുന്നു.

ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം , മുന്‍ വര്‍ഷത്തെക്കാള്‍ വ്യത്യാസം വന്നതിന്റെ കാരണം, യുജിസി ഉള്‍പ്പടെ സ്‌കെയില്‍ വാങ്ങുന്ന ജീവനക്കാരുടെ പട്ടിക എന്നിവയും ധനവകുപ്പ് ചോദിച്ചിട്ടുണ്ട് . സെപ്തംബര്‍ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് നല്‍കാനാണ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താന്‍ ധവള പത്രവും പുറത്തിറക്കി. അമിതമായ കടമെടുപ്പെന്ന് മുന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച സതീശന്‍ സര്‍ക്കാര്‍, ഇതുവരെ നാല് തവണയായി പതിനായിരത്തോളം കോടി രൂപ വായ്പയെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News