Enter your Email Address to subscribe to our newsletters

New delhi, 27 ജൂലൈ (H.S.)
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മന്ദ്ര പ്രധാന്‍ രാജിവച്ചതോടെ രാജ്യവ്യാപകമായി നടത്തിവന്ന പ്രതിഷേധങ്ങള്‍ സിജെപി പിന്‍വലിച്ചിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ട് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നതായി കോക്രോച്ച് ജനതാ പാര്‍ട്ടി ആരോപിച്ചു. അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതായി വരുന്ന റിപ്പോര്‍ട്ടുകള്‍ അതീവ ഗൗരവകരമാണെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു. ജെ.പി. നഡ്ഡയും ഡോ. ജിതേന്ദ്ര സിങും തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ എത്രയും വേഗം പാലിക്കണമെന്നും തടവിലാക്കിയവരെ ഉടന്‍ വിട്ടയക്കണമെന്നും സിജെപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രക്ഷോഭകര്‍ക്കെതിരെ എടുത്തിട്ടുള്ള എഫ്‌ഐആറുകള്‍ പിന്‍വലിക്കണമെന്നും യാതൊരുവിധ പ്രതികാര നടപടികളും പാടില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും രാജ്യത്തുടനീളമുള്ള പ്രതിഷേധക്കാര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റിലായവര്‍ക്ക് എല്ലാവിധ നിയമസഹായവും നല്‍കാന്‍ പാര്‍ട്ടിയുടെ നിയമവിഭാഗം സജ്ജമാണെന്നും സിജെപി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ അഭിഭാഷകരുമായി ഏകോപനം നടത്തി ആദ്യദിവസം മുതല്‍ തന്നെ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്ന് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ കൂടെയുണ്ടാകുമെന്നും യുവാക്കളോട് തളരരുതെന്നും സൗരവ് ദാസ് പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ച് നല്ല ഉദ്ദേശ്യത്തോടെയാണ് രാജ്യവ്യാപകമായ പ്രക്ഷോഭം നിര്‍ത്തിവെക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് സിജെപി വ്യക്തമാക്കി. എന്നാല്‍ ആ ഉറപ്പുകളില്‍ നിന്നുള്ള ഏതൊരു മാറ്റവും കോക്രോച്ച് ജനതാ പാര്‍ട്ടിയോട് മാത്രമല്ല, മറിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായ ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായിരിക്കുമെന്നും സിജെപി പറഞ്ഞു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നല്‍കിയിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. തടവിലാക്കപ്പെട്ട എല്ലാവരെയും വിട്ടയക്കണമെന്നും എഫ്‌ഐആറുകള്‍ പിന്‍വലിക്കണമെന്നുമാണ് പാര്‍ട്ടിയുടെ പ്രധാന ആവശ്യം. വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുന്നതിലല്ല, മറിച്ച് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലാണ് ഒരു സര്‍ക്കാരിന്റെ വിശ്വാസ്യത അടങ്ങിയിരിക്കുന്നതെന്ന് സിജെപി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു.
നിലവിലെ സാഹചര്യങ്ങള്‍ പാര്‍ട്ടി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്‍ഡിഎ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഉത്തരവാദിത്തപരമായ സമീപനം പ്രതീക്ഷിക്കുന്നതായും സിജെപി നേതൃത്വം അറിയിച്ചു. തടവിലാക്കപ്പെട്ടവരുടെ മോചനവും എഫ്‌ഐആറുകള്‍ പിന്‍വലിക്കലും അടിയന്തരമായി നടന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അടുത്ത ഘട്ട നടപടികളിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.
---------------
Hindusthan Samachar / Sreejith S