അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്തെ ദേശീയപാതകളിൽ 24 മണിക്കൂറും തുടർച്ചയായ എൻഫോഴ്സ്മെൻ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്
Thiruvananthapuram, 28 ജൂലൈ (H.S.) അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്തെ ദേശീയപാതകളിൽ 24 മണിക്കൂറും തുടർച്ചയായ എൻഫോഴ്സ്മെൻ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ്
C P John


Thiruvananthapuram, 28 ജൂലൈ (H.S.)

അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ സംസ്ഥാനത്തെ ദേശീയപാതകളിൽ 24 മണിക്കൂറും തുടർച്ചയായ എൻഫോഴ്സ്മെൻ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി സി പി ജോണ്. ഇതിനായി കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റർ വീതമുള്ള ആറ് എൻഫോഴ്സ്മെൻ്റ് മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലും പ്രത്യേക എൻഫോഴ്സ്മെൻ്റ് സംഘങ്ങളെ വിന്യസിക്കും.

അമിതവേഗം തടയൽ, അപകടങ്ങൾ കുറയ്ക്കൽ, ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തൽ, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വർധിപ്പിക്കൽ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളിൽ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ എൻഫോഴ്സ്മെൻ്റ് സംഘങ്ങളെ മുഴുവൻ സമയവും വിന്യസിച്ച് നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം അപകട മരണങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആറ് എൻഫോഴ്സ്മെൻ്റ് മേഖലകൾ

ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവർത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേൽനോട്ടത്തിൽ രണ്ട് ദക്ഷിണ മേഖലകളും, തൃശൂർ, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ ഓരോ മധ്യമേഖല വീതവും കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തിൽ രണ്ട് വടക്കൻ മേഖലകളും പ്രവർത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ- അവസാന കിലോമീറ്റർ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എൻഫോഴ്സ്മെൻ്റ് ആർടിഒ ഓഫിസുകൾ, ആർടിഒ ഓഫിസുകൾ, സബ് ആർടിഒ ഓഫിസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക എൻഫോഴ്സ്മെൻ്റ് സംഘങ്ങൾ രൂപീകരിക്കും. മോട്ടോർ വാഹന ഇൻസ്പെക്ടർമാർ, അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ, ഡ്രൈവർമാർ, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങൾ എന്നിവ സംഘത്തിൻ്റെ ഭാഗമാകും. വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ മാറിമാറി നിയോഗിക്കുകയും പകൽ, വൈകിട്ട്, രാത്രി ഡ്യൂട്ടികൾ തുല്യമായി വിതരണം ചെയ്യുകയും ഓഫിസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാതിരിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് സി പി ജോൺ പറഞ്ഞു.

പ്രധാന ശ്രദ്ധ അമിതവേഗത്തിന്

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റും ഹെൽമറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങൾ, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്നസ്, പെർമിറ്റ്, ഇൻഷുറൻസ്, നികുതി ലംഘനങ്ങൾ, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുൻഗണന.

വലിയ അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ഇടപെടൽ നടത്തുകയും അപകടത്തിൽപ്പെട്ടതോ ഗതാഗത തടസം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങൾ പൊലീസിൻ്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങൾ കണ്ടെത്തി റിപ്പോർട്ട് നൽകുകയും ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.

മൊബൈൽ പെട്രോളിങും മിന്നൽ പരിശോധനയും

ഒരിടത്ത് ദീർഘസമയം പരിശോധന നടത്തുന്നതിനു പകരം ദേശീയപാതയിലൂടെ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ മിന്നൽ പരിശോധന, ആവശ്യമെങ്കിൽ പൊലീസുമായി സംയുക്ത പരിശോധന, ക്യാമറകളും ഡിജിറ്റൽ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ ക്യാമറ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവ നടപ്പാക്കും. ഓരോ മേഖലയിലെയും എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ നേരിട്ട് മേൽനോട്ടം വഹിക്കും.

രാത്രി പരിശോധനയിൽ സുരക്ഷയ്ക്ക് മുൻഗണന

ഉദ്യോഗസ്ഥർ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിർബന്ധമായും ധരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഭ്യമായിടത്ത് ബോഡി ക്യാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങൾ, ഡിജിറ്റൽ എൻഫോഴ്സ്മെൻ്റ് സംവിധാനങ്ങൾ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയിൽ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാർ ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News