വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്.
Kozhikode , 28 ജൂലൈ (H.S.) വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എംഡിഎംഎ കേസിൽ സ
Drug case


Kozhikode , 28 ജൂലൈ (H.S.)

വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.

റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് എൻഡിപിഎസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരുടെ മുഴുവൻ വിശദാംശങ്ങളും ശേഖരിച്ചതായി പൊലീസ് പറഞ്ഞു.

ലഹരിക്കെതിരെ സുംബ ഡാൻസ്

എംഡിഎംഎ കേസിൽ അറസ്റ്റിലായ എസ്എസ്കെ സ്പെഷ്യൽ എജ്യുക്കേറ്റർ കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആർസി പ്രോജക്ട് ഓഫിസർ ഷാജിമ പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് സുംബ പരിശീലനം നൽകാൻ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതിൽ ക്ലാസെടുത്തത് കായിക അധ്യാപികയായ കീർത്തനയാണ്.

കീർത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്. ഒന്നിച്ചാണ് യോഗങ്ങൾക്ക് എത്തിയത്. കീർത്തന അറസ്റ്റിലായപ്പോൾ കാവ്യയെ പൊലീസ് നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാൽ, കീർത്തനയുമായി സൗഹൃദം മാത്രമേയുള്ളുവെന്നും ലഹരി ഇടപാടിൽ പങ്കില്ലെന്നും കാവ്യ പറഞ്ഞതായി ഷാജിമ വ്യക്തമാക്കി.

വിനയായത് ആഡംബര ജീവിതം

വെറും 12000 രൂപ ശമ്പളം ലഭിച്ചിരുന്ന ഇരുവരുടെയും ആഡംബര ജീവിതം തന്നെയാണ് ഇവരെ കുടുക്കിയത്. ആഡംബര കാറിലായിരുന്നു ഇവരുടെ യാത്രകൾ. സഹപ്രവർത്തകർക്കിടയിൽ ഉണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് വഴി തെളിയിച്ചത്. കോടികളുടെ ഇടപാടുകൾ ഇവർ നടത്തിയതായി ഇതോടെ വ്യക്തമായി. രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ ഇതിൻ്റെ കൂടുതൽ ചുരുളഴിയും. മറ്റ് അധ്യാപകർക്കുള്ള പങ്ക്, ലഹരിയുടെ ഉറവിടം, നടത്തിയ ഇടപാടുകൾ, തുടങ്ങിയവയെക്കുറിച്ചെല്ലാം വലിയ തോതിലുള്ള വിവരങ്ങൾ പുറത്ത് വരാനുണ്ട് എന്നാണ് സൂചന.

ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാർ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തിൽ വലിയൊരു ശൃംഖലയുണ്ടെന്നു സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കും. ഇനിയും അറസ്റ്റുണ്ടാകുമെന്നും മെറിൻ ജോസഫ് പറഞ്ഞു.

കാവ്യയെ പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്

എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ. കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്താക്കി. പേരാമ്പ്ര ബിആർസിയിൽ സ്പെഷൽ എജ്യുക്കേറ്ററായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുൻപ് അറസ്റ്റിലായ കീർത്തനയുടെ ലഹരി പണമിടപാടുകൾ നടന്നെന്ന കണ്ടത്തലിനെ തുടർന്നാണു കാവ്യയെയും അറസ്റ്റ് ചെയ്തത്.

മരുതോങ്കര സ്വദേശി കീർത്തനയെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ലഹരി സംഘത്തിലെ പ്രധാന കണ്ണിയും അധ്യാപികയുമായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ വളരെ കൃത്യമായ പദ്ധതിയിലൂടെയാണ് വടകര പൊലീസ് വലയിലാക്കിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരിൽ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കാവ്യയുടെ ബാങ്ക് അക്കൗണ്ട്.

ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട്

ആവശ്യക്കാർ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നൽകും. എന്നാൽ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

എംഡിഎംഎ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അടുത്തിട അറസ്റ്റിലായ വ്യക്തിക്ക് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിയെ ചോദ്യ ചെയ്തപ്പോള് ഗൾഫ് അധിഷ്ഠിത നമ്പർ ഉണ്ടെന്നും മയക്കുമരുന്ന് ആവശ്യമുള്ളവർ ആ നമ്പറിലേക്ക് 'എംഡിഎംഎ' എന്ന് സന്ദേശം അയയ്ക്കണമെന്നും പണമടയ്ക്കുന്നതിന് അവർക്ക് ഒരു ക്യുആർ കോഡ് ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

മയക്കുമരുന്ന് വ്യാപാരികൾക്ക് പണമടച്ചുള്ള സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാൽ, അവർ മരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിൻ്റെ ഒരു ഫോട്ടോ വാങ്ങുന്നയാൾക്ക് അയയ്ക്കുന്നു. അത് ഒരു കടയുടെ പിന്നിലോ മറ്റേതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തോ ആകാമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. പേയ്മെൻ്റ് ആംഗിൾ അന്വേഷിച്ചപ്പോൾ, കീർത്തനയുടെ അക്കൗണ്ടുമായി ക്യുആർ-കോഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പിന്നാലെയാണ് അന്വേഷണം കാവ്യയിലേക്കും തിരിഞ്ഞത്.

പരിശോധനയില് കാവ്യയുടെ അക്കൗണ്ടില് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തി. തുടര്ന്ന് കാവ്യയെ അറസ്റ്റ് ചെയ്തു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം വലിയ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇവർ വെളിപ്പെടുത്തി. 100 മീറ്റർ ഡാഷ് വിഭാഗത്തിൽ കീർത്തന സംസ്ഥാന ചാമ്പ്യൻ കൂടിയായിരുന്നു. ഓപ്പറേഷൻ തൂഫാൻ ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം 393 കേസുകളാണ് കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News