Enter your Email Address to subscribe to our newsletters

Wayanad , 28 ജൂലൈ (H.S.)
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ സമഗ്ര പദ്ധതികൾ പ്രഖ്യാപിച്ചു. പുതിയ സോളാർ ഫെൻസിങ്, നിലവിലെ വേലികളുടെ അറ്റകുറ്റപ്പണി, വനാതിർത്തി റോഡുകളിൽ വിസ്റ്റ ക്ലിയറൻസ്, കൂടുതൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യൂണിറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ പ്രഖ്യാപനം.
60 കിലോമീറ്റർ പുതിയ സോളാർ ഫെൻസിങ്
വയനാട്ടിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി 60 കിലോമീറ്റർ ദൂരത്തിൽ പുതിയ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. മനുഷ്യവാസ മേഖലകളെയും കൃഷിയിടങ്ങളെയും കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം നിലവിലുള്ള 25 കിലോമീറ്റർ സോളാർ വേലികളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വന്യജീവി ശല്യം പതിവായി റിപ്പോർട്ട് ചെയ്യുന്ന മേഖലകൾക്ക് മുൻഗണന നൽകിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.വനാതിർത്തികളിൽ വിസ്റ്റ ക്ലിയറൻസ്വനാതിർത്തിയോട് ചേർന്നുള്ള ഏകദേശം 100 കിലോമീറ്റർ റോഡുകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിൽ വിസ്റ്റ ക്ലിയറൻസ് നടപ്പാക്കും. റോഡരികിലെ കാഴ്ച മറയ്ക്കുന്ന കുറ്റിച്ചെടികളും സസ്യാവരണവും നീക്കം ചെയ്ത് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വനംവകുപ്പിന് പുറമെ പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനായി ജില്ലയിൽ നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി നാല് പുതിയ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യൂണിറ്റുകൾ കൂടി പ്രവർത്തനസജ്ജമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ കൽപറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ പ്രഖ്യാപിച്ച നടപടികൾ വയനാട്ടിലെ വനമേഖലകളോട് ചേർന്നുള്ള പ്രദേശങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം അമ്പതിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഒന്നര വർഷത്തിനിടയിൽ മാത്രം ജില്ലയിൽ 11 ജീവനുകൾ മനുഷ്യ-വന്യജീവി സംഘർഷത്തിൽ നഷ്ടമായി. വയനാട്ടിലെ 11 തദ്ദേശ സ്ഥാപനങ്ങളെ വന്യജീവി സംഘർഷത്തിൻ്റെ ഉയർന്ന സാധ്യതയുള്ള ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ വലിയ ജനകീയ പ്രതിഷേധങ്ങൾക്കും ജില്ല സാക്ഷ്യം വഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാന സവിശേഷ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചത്. ജീവഹാനിക്ക് പുറമെ വ്യാപകമായ കൃഷിനാശവും പ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കാട്ടാന, കടുവ, കാട്ടുപന്നി എന്നിവയുടെ ശല്യം കാരണം പല കർഷകർക്കും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ മലയോര ജനതയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. സമയബന്ധിതമായി ഈ പദ്ധതികൾ പൂർത്തിയാക്കാനായാൽ വയനാട്ടിലെ വന്യജീവി ശല്യത്തിന് ഒരു പരിധിവരെ ശാശ്വത പരിഹാരം കാണാൻ സാധിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR