സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷങ്ങൾ വനമേഖലയുമായി അതിർത്തി പങ്കിടുന്ന 273 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് വനംവകുപ്പ്
Thiruvananthapuram, 28 ജൂലൈ (H.S.) സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷങ്ങൾ വനമേഖലയുമായി അതിർത്തി പങ്കിടുന്ന 273 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് വനംവകുപ്പ്. 12 മേഖലകളായി ഇതിനെ വനംവകുപ്പ് തിരിച്ചിട്ടുണ്ട്. മനുഷ്യ-
WILD BOAR  CONFLICT AREAS


Thiruvananthapuram, 28 ജൂലൈ (H.S.)

സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷങ്ങൾ വനമേഖലയുമായി അതിർത്തി പങ്കിടുന്ന 273 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് വനംവകുപ്പ്. 12 മേഖലകളായി ഇതിനെ വനംവകുപ്പ് തിരിച്ചിട്ടുണ്ട്. മനുഷ്യ- വന്യജീവി സംഘർഷ നിവാരണത്തിൻ്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികളുടെ സംഗമത്തിൽ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഡോ. പി പുകഴേന്തി അവതരിപ്പിച്ച വിവരങ്ങളിൽ നിന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മേഖലകളെ അതിതീവ്രം, തീവ്രം, തീവ്രത കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.

ആകെ 1200 തദ്ദേശസ്ഥാപനങ്ങൾ: 22.75 ശതമാനം ഇടങ്ങളിലും വന്യജീവി ശല്യം

സംസ്ഥാനത്ത് ആകെ 1200 തദ്ദേശസ്ഥാപനങ്ങളാണ് ആകെയുള്ളത്. ഇതിൽ 941 ഗ്രാമപഞ്ചായത്തുകളും, 152 ബ്ലോക്ക് പഞ്ചായത്തുകളും, 14 ജില്ല പഞ്ചായത്തുകളും, 87 മുൻസിപ്പാലിറ്റികളും, ആറ് മുൻസിപ്പൽ കോർപറേഷനുകളും ഉൾപ്പെടുന്നു. ഇതിൽ 22.75 ശതമാനം ഇടങ്ങളിലും വന്യജീവി ശല്യം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എൽഡിഎഫ് സർക്കാരിൻ്റെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടും കൃത്യമായ പരിഹാര നടപടികൾ നിർദേശിച്ചിട്ടില്ലെന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു.

അതിതീവ്ര മനുഷ്യ വന്യജീവി സംഘർഷം നടക്കുന്ന പ്രദേശങ്ങൾമാനന്തവാടി, സുൽത്താൻ ബത്തേരി, കുട്ടമ്പുഴ, മാങ്കുളം, നൂൽപ്പുഴ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, തോടർനാട് എന്നീ ഒൻപത് ഇടങ്ങളിലാണ് അതിതീവ്രമായ വന്യമൃഗ ശല്യമുള്ളത്. ഇവിടെ കൃഷിയടക്കം വലിയ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളിലെ പഞ്ചായത്തുകളിലാണ് അതിതീവ്ര മനുഷ്യ വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉൾപ്പെട്ടിരിക്കുന്നത് വയനാട് ജില്ലയിൽ നിന്നാണ്. ഇവിടങ്ങളിൽ പ്രധാനമായും ആനകളുടെ ശല്യമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കടുവയുടെയും പുലിയുടെയും സാന്നിധ്യവും അവയുമായുള്ള സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തീവ്ര സംഘർഷമേഖലകൾ ഇങ്ങനെ21 ഇടങ്ങളിൽ തീവ്രമായ മനുഷ്യ വന്യജീവി സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആറളം, അഗളി, ആര്യങ്കാവ്, അയ്യമ്പുഴ, കാന്തല്ലൂർ, കേളകം, കോടശ്ശേരി, കൂവപ്പടി, കോട്ടപ്പടി, കൊട്ടിയൂർ, കുളത്തൂപ്പുഴ, മീനങ്ങാടി, മുല്ലൻകൊല്ലി, പയ്യാവൂർ, പെരിങ്ങമല, പിണ്ടിമന, പൂതാടി, പുൽപ്പള്ളി, ഷോളയാർ, വെള്ളമുണ്ട, വെങ്ങൂർ എന്നിവിടങ്ങളിലാണ് തീവ്ര സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളിലൊഴികെ മറ്റെല്ലായിടങ്ങളിലും സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മനുഷ്യ- കാട്ടുപന്നി സംഘർഷം

സാധാരണയായി വനമേഖലയിൽ കണ്ടുവരുന്ന കാട്ടുപന്നികൾ നിലവിൽ വനത്തിന് പുറത്തേക്ക് വ്യാപിച്ചതാണ് മനുഷ്യ- കാട്ടുപന്നി സംഘർഷം സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ തെക്കൻ ജില്ലകളിലും തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലും കാടിന് പുറത്ത് ഇവയുടെ സാന്നിധ്യം വലിയ തോതിൽ അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം തന്നെ പലയിടത്തും വ്യാപകമായി കൃഷി നശിപ്പിക്കുന്നതും കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കർഷകരെ ആക്രമിക്കുന്നതും പതിവായി മാറിയിട്ടുണ്ട്. എന്നാൽ ഇടുക്കി മുതൽ ചാലക്കുടി വരെയുള്ള പ്രദേശങ്ങളിൽ താരതമ്യേന കുറഞ്ഞ തോതിലാണ് ഇവയുടെ ആക്രമണമുള്ളത്.

മനുഷ്യ- നാടൻ കുരങ്ങ് സംഘർഷംമനുഷ്യരും നാടൻ കുരങ്ങുമായുള്ള സംഘർഷം തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലാണ് ഏറെയുള്ളത്. തെക്കൻ ജില്ലകളിലെ തിരുവനന്തപുരം, പുനലൂർ, തെന്മല, ശെന്തുരുണി, പെരിയാർ ഈസ്റ്റ് ഡിവിഷൻ എന്നിവിടങ്ങളിലാണ് കുരങ്ങിൻ്റെ തീവ്രശല്യമുള്ളത്. എന്നാൽ വടക്ക് നിലമ്പൂർ മുതൽ കാസർകോട് വരെ തീവ്രശല്യമുള്ള പ്രദേശങ്ങളായാണ് വനംവകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റിടങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ടെങ്കിലും വലിയ തോതിൽ ശല്യമുണ്ടാക്കുന്നില്ലെന്നാണ് വനംവകുപ്പിൻ്റെ ഡേറ്റയിൽ നിന്നും വ്യക്തമാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News