Enter your Email Address to subscribe to our newsletters

Kozhikode , 28 ജൂലൈ (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിൻ്റെ മാതാവിനെയും സമൂഹമാധ്യമത്തിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസിനെതിരെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനും ശ്രമിച്ചു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192, 356 (2) വകുപ്പുകളും, കേരള പൊലീസ് ആക്ടിലെ 120 (ഒ) വകുപ്പുമാണ് ജാൻമണിക്കെതിരെ ചുമത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിനും പ്രകോപനം സൃഷ്ടിച്ചതിനുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സമൂഹമാധ്യമത്തിൽ പരസ്യക്ഷമാപണംഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സിജെപി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. പ്രധാനമന്ത്രിയുടെ പിതാവിനെയും മാതാവിനെയും കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞതാണ് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. ഈ പ്രതികരണം വലിയ വിവാദമായതോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ ജാൻമണി ദാസ് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ മനഃപൂർവം പറഞ്ഞതല്ലെന്നും, ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് എല്ലാവരും ക്ഷമിക്കണമെന്നുമാണ് താരം വ്യക്തമാക്കിയത്. തനിക്ക് മലയാളം കൃത്യമായി സംസാരിക്കാൻ അറിയാത്തതുകൊണ്ടാകാം ഇത്തരം അബദ്ധം സംഭവിച്ചതെന്നും അവർ പറഞ്ഞു.
പിന്നീട് ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസിലായതെന്നും ജാൻമണി കൂട്ടിച്ചേർത്തു. ഒരു പ്രസ്താവന നടത്തുന്നതിന് മുൻപ് അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണമായിരുന്നു. വാർത്തകളും വിവാദങ്ങളും കണ്ട് വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്. തൻ്റെ വാക്കുകൾ എല്ലാവരെയും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നുവെന്നും ജാൻമണി ക്ഷമാപണത്തിൽ വ്യക്തമാക്കി.
കൂടാതെ, ഈ പരാമർശത്തിന് പിന്നാലെ വിദേശരാജ്യങ്ങളിൽനിന്നും മറ്റും തനിക്ക് നിരന്തരം ഭീഷണി കോളുകൾ വരുന്നതായും ജാൻമണി വെളിപ്പെടുത്തിയിരുന്നു. സൗദി അറേബ്യ, അബുദബി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കോളുകൾ വന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലിക്കാണ് നവ്യ ഹരിദാസ് പരാതി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് സൈബർ പൊലീസ് കേസെടുത്തത്.
കോഴിക്കോട് കുന്നമംഗലം പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ ഇതിനകം പരാതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാനാണ് മഹിളാ മോർച്ചയുടെ തീരുമാനം. ജാൻമണിയുടെ മാപ്പുപറച്ചിൽ അംഗീകരിക്കാനാകില്ലെന്നും തെറ്റ് ചെയ്തതിന് ശേഷം ക്ഷമാപണം നടത്തിയാൽ വിഷയം അവസാനിക്കുന്നില്ലെന്നുമാണ് മഹിളാ മോർച്ചയുടെ നിലപാട്.
സിജെപി സമരത്തിന് പിന്തുണയുമായി ജാന്മണി കഴിഞ്ഞ ദിവസം ഡല്ഹിയിലെത്തിയിരുന്നു. രണ്ടുദിവസമാണ് ജാന്മണി പ്രതിഷേധത്തില് പങ്കെടുത്തത്. ഇത് യുവാക്കൾക്കിടയിൽ വലിയ ആവേശമായിരുന്നു. ജാൻമണിയെ പിന്തുണച്ചുകൊണ്ട് ഒരുപാട് യൂട്യൂബർമാരും വ്ളോഗർമാരും രംഗത്തെത്തിയിരുന്നു. എന്നാൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജാൻമണിയുടെ പ്രസ്താവനകൾ വലിയ വിവാദമാകുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR