Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ജൂലൈ (H.S.)
സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ കർമപദ്ധതിയായ 'മയങ്ങില്ല കേരള'ത്തിന്റെ ഭാഗമായുള്ള ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വിതരണം ചെയ്തു. എക്സൈസ് കമ്മീഷണറേറ്റിൽ വെച്ച് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു 14 ജില്ലകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. കേരളത്തിലെ വലിയ സാമൂഹിക പരിവർത്തന ശക്തിയായി എക്സൈസിനെ മാറ്റുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ മന്ത്രി പറഞ്ഞു.
അഭിമാനകരമായ നേട്ടമാണ് എൻഫോഴ്സ്മെന്റ് രംഗത്ത് എക്സൈസിന്റേത്. ഡിറ്റക്ഷൻ കിറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം തന്നെ 41 വാഹനങ്ങളും എക്സൈസ് സേനയ്ക്കായി ഉടൻ കൈമാറും. കെമിക്കൽ ലബോട്ടറിയുടെ പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. എക്സൈസിന് ഇനിയും അനേകം കാതം മുന്നോട്ടുപോകാനുണ്ടെന്നും കേരളത്തിലെ വലിയ സാമൂഹിക പരിവർത്തന ശക്തിയായി എക്സൈസിനെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ശാസ്ത്രീയ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് കിറ്റുകളുടെ വിതരണത്തോടെ പിന്നിട്ടത്. പരിശോധനയ്ക്കായുള്ള നാല് പ്രത്യേകതരം കിറ്റുകളാണ് എല്ലാ ജില്ലകൾക്കുമായി കൈമാറിയത്. അവയിൽ ആദ്യത്തേത്, കേസുകൾ കണ്ടെത്തുന്ന വേളയിൽ പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കളിൽ കൊക്കെയ്ൻ, മെത്താംഫെറ്റാമിൻ, ഒപ്യം, മോർഫിൻ, കോഡീൻ, ഹെറോയിൻ, മെസ്കലൈൻ, ഹാഷിഷ് ഓയിൽ, മെത്താക്വലോൺ തുടങ്ങിയ വിവിധ മയക്കുമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാമത്തെ കിറ്റ്, കെറ്റാമിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രത്യേകമായി വികസിപ്പിച്ചിട്ടുള്ളതാണ്. മൂന്നാമത്തേത്, മയക്കുമരുന്നുകളുടെ അനധികൃത നിർമ്മാണത്തിൽ ഉപയോഗിക്കുന്ന പ്രീകഴ്സർ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ കിറ്റാണ്.
ഇതോടൊപ്പം, ഉമിനീർ അധിഷ്ഠിതമായ 8-ഇൻ-1 മൾട്ടി-ഡ്രഗ് റാപിഡ് ടെസ്റ്റ് കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. എം.ഡി.എം.എ, കൊക്കെയ്ൻ, കഞ്ചാവ്, കെറ്റാമിൻ, ആംഫെറ്റാമിനുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ മയക്കുമരുന്നുകളുടെ സമീപകാല ഉപയോഗം അതിവേഗത്തിൽ കണ്ടെത്താൻ ഈ കിറ്റ് സഹായിക്കുന്നു. ഇതിലൂടെ നിയമപാലനവും അന്വേഷണ പ്രവർത്തനങ്ങളും കൂടുതൽ ശാസ്ത്രീയവും ഫലപ്രദവുമാക്കുന്നതിനാവശ്യമായ നിർണായകമായ സാങ്കേതിക പിന്തുണ ഉറപ്പാക്കാൻ സാധിക്കുന്നു.
'മയങ്ങില്ല കേരളം' ക്യാമ്പയിനിലൂടെ നടത്തിവരുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന് എക്സൈസ് വകുപ്പ് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ, സംശയാസ്പദമായ നിലയിൽ കാണപ്പെടുന്ന വ്യക്തികളെ അതിവേഗം തിരിച്ചറിയുന്നതിനും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനം ഉറപ്പാക്കുന്നതിനും, മയക്കുമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കുമെതിരെ സമയബന്ധിതമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഈ സംവിധാനം നിർണായക പങ്കുവഹിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR