ഹൈറേഞ്ച് മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി പ്രധാന ഹോൾസെയിൽ വ്യാപാരി പൊലീസിന്റെ പിടിയില്.
Idukki , 28 ജൂലൈ (H.S.) ഹൈറേഞ്ച് മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി പ്രധാന ഹോൾസെയിൽ വ്യാപാരി പൊലീസിന്റെ പിടിയില്. രാജാക്കാട് സ്വദേശി സുമേഷ് ശിവനാണ്
Operation thoofan


Idukki , 28 ജൂലൈ (H.S.)

ഹൈറേഞ്ച് മേഖലയിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി പ്രധാന ഹോൾസെയിൽ വ്യാപാരി പൊലീസിന്റെ പിടിയില്. രാജാക്കാട് സ്വദേശി സുമേഷ് ശിവനാണ് മൂന്നാർ ഡാൻസാഫ് (DANSAF) സംഘത്തിന്റെയും രാജാക്കാട് പൊലീസിന്റെയും മിന്നൽ പരിശോധനയിൽ അറസ്റ്റിലായത്. വിപണിയിൽ 10 ലക്ഷത്തോളം രൂപ മൂല്യം വരുന്ന 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 6000ത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ജില്ലാ പൊലീസ് മേധാവി ഡോ.നസീം ഐപിഎസിന്റെ നിർദേശപ്രകാരം ജില്ലയിൽ തുടരുന്ന 'ഓപ്പറേഷൻ തൂഫാൻ' (നർക്കോ ഹണ്ട്) ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. പുലർച്ചെയായിരുന്നു സംഘത്തിന്റെ മിന്നൽ റെയ്ഡ്.

മൂന്നാർ ഡിവൈഎസ്പി ചന്ദ്രകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു പൊലീസിന്റെ ഓപ്പറേഷൻ. സബ് ഡിവിഷൻ ഡാൻസാഫ് സംഘവും രാജാക്കാട് പൊലീസും ചേര്ന്ന് സുമേഷിന്റെ വീട് വളഞ്ഞ് രാത്രിയും പുലർച്ചെയുമായി നടത്തിയ വിശദമായ തെരച്ചിലിലാണ് ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ ലഹരിശേഖരം കണ്ടെത്തിയത്. ഹാൻസ്, കൂൾ ലിപ്പ്, ശംഭു, ഗണേഷ് തുടങ്ങിയ വിവിധ ബ്രാൻഡുകളിലുള്ള പുകയില ഉത്പന്നങ്ങളാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ ഏജന്റുമാരിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഈ ലഹരിവസ്തുക്കൾ രാജാക്കാട്, ശാന്തൻപാറ മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് ഉയർന്ന വിലയ്ക്കാണ് ഇയാൾ നൽകിയിരുന്നത്. മേഖലയിലെ ലഹരി ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു.

നാലാം തവണയും അറസ്റ്റ്; സാമ്പത്തിക സ്രോതസുകളിൽ അന്വേഷണം

സമാനമായ കേസിൽ തുടർച്ചയായി നാലാം തവണയാണ് സുമേഷ് പൊലീസിന്റെ പിടിയിലാകുന്നത്. മുമ്പും കേസിൽ പെട്ടിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ മാഫിയ പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ച് ഹോൾസെയിൽ കച്ചവടം നടത്തുന്നതിലൂടെ ഇയാൾ വഴിവിട്ട മാർഗത്തിലൂടെ അനധികൃതമായി വലിയ സാമ്പത്തിക വളർച്ച നേടിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക സ്രോതസുകളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.

പരിശോധന കർശനമാക്കി പൊലീസ്

ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ജൂലൈ മാസത്തിൽ മാത്രം മൂന്നാർ സബ് ഡിവിഷൻ പരിധിയിൽ നിരോധിത ലഹരി വസ്തുക്കൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിലും അതിർത്തി മേഖലകളിലടക്കം പരിശോധന ശക്തമാക്കാനും ലഹരി കടത്ത് ശൃംഖലകളെ പൂർണമായി പിഴുതെറിയാനുമാണ് പൊലീസിന്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News