Enter your Email Address to subscribe to our newsletters

Newdelhi, 28 ജൂലൈ (H.S.)
ന്യൂഡൽഹി: പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെയുള്ള നടപടികളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് തടഞ്ഞ സംഭവത്തിൽ മാപ്പ് പറഞ്ഞ് മാതൃകമ്പനിയായ മെറ്റ (Meta). സാങ്കേതികമായി സംഭവിച്ച പിഴവ് മൂലമാണ് വീഡിയോ താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടതെന്നും, വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീഡിയോ പ്ലാറ്റ്ഫോമിൽ പുനഃസ്ഥാപിച്ചതായും മെറ്റ വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ചൊവ്വാഴ്ച (ജൂലൈ 28) പുലർച്ചെയോടെയാണ് പ്രധാനമന്ത്രിയുടെ പേജിൽ പോസ്റ്റ് ചെയ്തിരുന്ന പ്രസക്തമായ വീഡിയോ ഉപയോക്താക്കൾക്ക് ലഭ്യമാകാതായത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധവും ആശയക്കുഴപ്പവും ഉടലെടുക്കുകയായിരുന്നു. വീഡിയോ തെറ്റായി നീക്കം ചെയ്യപ്പെട്ടതാണ്, നിലവിൽ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്, എന്ന് മെറ്റ വ്യക്തമാക്കി.
വിവാദത്തിന് ആസ്പദമായ വീഡിയോ
നീറ്റ്-യുജി (NEET-UG) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, ജൂലൈ 23-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെയും വിദ്യാർഥികളെയും നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടത്. പരീക്ഷാ ചോർച്ച തടയാൻ കേന്ദ്ര സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുമെന്ന് അദ്ദേഹം ഇതിലൂടെ ഉറപ്പുനൽകിയിരുന്നു.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികൾ (Fast-Track Courts) സ്ഥാപിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പ്രത്യേക നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കും
ഏകദേശം 22 ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവി പ്രതിഭകൾക്കും തന്നെയാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ഊന്നിപ്പറഞ്ഞിരുന്നു.
ഇത്തരത്തിൽ രാജ്യത്തെ ഏറ്റവും പ്രധാന്യമർഹിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. എന്നാൽ സാങ്കേതിക തകരാറാണെന്ന മെറ്റയുടെ വിശദീകരണത്തോടെ വിഷയത്തിൽ തൽക്കാലം അയവ് വന്നിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K