Enter your Email Address to subscribe to our newsletters

Ernakulam , 28 ജൂലൈ (H.S.)
കുംഭമേള വൈറൽ പെൺകുട്ടിക്ക് പ്രത്യേക സംരക്ഷണം നൽകി കേരള ഹൈക്കോടതി. ഹൈക്കോടതിയുടെ അനുമതിയില്ലാതെ പെൺകുട്ടിയെ കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാനോ, മറ്റാർക്കെങ്കിലും കൈമാറാനോ പാടില്ലെന്നാണ് കർശന നിർദേശം. മധ്യപ്രദേശ് പൊലീസിന് കൈമാറിയാൽ 'ദുരഭിമാനക്കൊല' നടക്കാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.കഴിഞ്ഞ ആഴ്ച പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇന്ന് വീണ്ടും ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ പൊലീസ് ഒരു കത്ത് സമർപ്പിച്ചിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചതാണെന്ന പരാതിയിൽ ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ ഇടപെട്ടുവെന്നായിരുന്നു കത്തിലെ ഉള്ളടക്കം. പെൺകുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറാൻ ഡിജിപിക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയുടെ നിലവിലെ ഉത്തരവുള്ളതിനാൽ ഇതിനായി കോടതിയുടെ അനുമതി തേടണമെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെ പെൺകുട്ടിയുടെ അഭിഭാഷകൻ എതിർത്തു. പെൺകുട്ടിയെ മാതാപിതാക്കൾക്ക് കൈമാറാനാണ് ഈ ശ്രമമെന്നും അങ്ങനെ സംഭവിച്ചാൽ 'ദുരഭിമാനക്കൊല' വരെ ഉണ്ടായേക്കാമെന്നുമായിരുന്നു വാദം.
വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 18 വയസും മൂന്ന് മാസവും പ്രായമുണ്ടായിരുന്നു. എന്നാൽ പിന്നീട് അവരുടെ അറിവില്ലാതെ യഥാർഥ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും ഇതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ടെന്നും പെൺകുട്ടി വാദമുന്നയിച്ചു. ഹർജിയിൽ കക്ഷിയായ എസ്എച്ച്ഒ, സർക്കാർ അഭിഭാഷകൻ മുഖേനയല്ലാതെ നേരിട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തയച്ച നടപടി ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
തുടർന്ന് അനുമതിയില്ലാതെ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുതെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. പെൺകുട്ടിയുടെ താൽപ്പര്യത്തിന് വിരുദ്ധമായി കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്നും സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ ചുമതലയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ബന്ധപ്പെടണമെന്നും ഉടൻ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ തുടക്കംപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്നാരോപിച്ച് ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനുപിന്നാലെയാണ് ഇരുവരും കേരളത്തിലെത്തിയത്. മിശ്രവിവാഹിതരായ തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും മധ്യപ്രദേശ് പൊലീസ് വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചിയിൽ ഇവർ വീണ്ടുമെത്തി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പുതിയ പരാതി നൽകിയിരുന്നു. തൻ്റെ പാസ്പോർട്ടും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും പിതാവ് തട്ടിയെടുത്തെന്നും ജീവന് ഭീഷണിയുണ്ടെന്നും ഇവർ ആരോപിച്ചു. മധ്യപ്രദേശിലെ കോടതിയിൽ പ്രായം തെളിയിക്കുന്നതിനായി പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ടെന്നും പെൺകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയിൽ പുതിയ ഹർജി നൽകിയത്. പുതിയ ഹർജിയിലെ വിവരങ്ങൾ പരിശോധിച്ച ശേഷം പാലാരിവട്ടം പൊലീസിനോട് സംരക്ഷണം നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR