Enter your Email Address to subscribe to our newsletters

New Delhi , 28 ജൂലൈ (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ അബദ്ധത്തിൽ തടഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. സാങ്കേതിക തകരാർ മൂലമാണ് വീഡിയോ നീക്കം ചെയ്തതെന്ന് വിശദീകരിച്ച് മെറ്റ രംഗത്തെത്തിയെങ്കിലും കമ്പനിയുടെ ആഗോള പബ്ലിക് പോളിസി മേധാവിയെ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം വിളിച്ചുവരുത്തി. രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്ന വ്യക്തിയുടെ ഔദ്യോഗിക ആശയവിനിമയത്തിൽ വന്ന തടസം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വീഡിയോ അപ്രത്യക്ഷമായത് പുലർച്ചെ
ജൂലൈ 23ന് പ്രധാനമന്ത്രി പങ്കുവച്ച വീഡിയോ ആണ് ജൂലൈ 28ന് പുലർച്ചെ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്. നിയമപരമായ അഭ്യർഥനയെ തുടർന്ന് വീഡിയോ തടഞ്ഞുവച്ചിരിക്കുന്നു എന്ന സന്ദേശമാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭിച്ചത്. എന്നാൽ അബദ്ധത്തിലാണ് ഉള്ളടക്കം നീക്കം ചെയ്തതെന്നും നിലവിൽ അത് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
സംഭവത്തിൽ മെറ്റ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും വിഷയം ഗൗരവമായി കാണുന്ന സർക്കാർ, കമ്പനിയുടെ വിശദീകരണവും വീഡിയോ നീക്കം ചെയ്യാനിടയായ സാഹചര്യവും വിശദമായി പരിശോധിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായാണ് മെറ്റയുടെയും ഇൻസ്റ്റാഗ്രാമിൻ്റെയും ആഗോള മേധാവികളെ മന്ത്രാലയം വിളിച്ചുവരുത്തിയതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും സാധ്യതയുണ്ട്.
ചോദ്യപേപ്പർ ചോർച്ചയും പ്രക്ഷോഭവുംകോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന 36 ദിവസത്തെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാക്കളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പുറത്തിറക്കിയ ആദ്യ വീഡിയോ ആണിത്. രാജ്യത്തെ യുവജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാലാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കരട് നിയമം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുമെന്നും തുടർന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. 22 ലക്ഷത്തോളം വിദ്യാർഥികളുടെ അധ്യയന വർഷം മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും യുവാക്കളുടെ ഭാവിയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഡിജിറ്റൽ ലോകത്തെ സ്വാധീനംഫേസ്ബുക്കിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുൻപ് തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. രാത്രി വൈകി പുറത്തിറക്കിയ വീഡിയോയിലൂടെ ഇൻസ്റ്റാഗ്രാമിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഇതോടെ അദ്ദേഹത്തിൻ്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിൻ്റെ എണ്ണം 10.1 കോടിയായി ഉയർന്നു. ലോക വേദിയിൽ തന്നെ വലിയ ഡിജിറ്റൽ സ്വാധീനമുള്ള നേതാവാണ് നരേന്ദ്ര മോദി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള രാഷ്ട്രീയ നേതാവായ അദ്ദേഹത്തിന്, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെപ്പോലുള്ള പ്രമുഖ അന്താരാഷ്ട്ര നേതാക്കളേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്സുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR