കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയിൽ.
Kottayam , 28 ജൂലൈ (H.S.) കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയിൽ. തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘത്തിലെ രണ്ട് പേരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്.
NEW BORN BABY SELLING KOTTAYAM


Kottayam , 28 ജൂലൈ (H.S.)

കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം കോട്ടയത്ത് പിടിയിൽ. തീക്കോയി കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘത്തിലെ രണ്ട് പേരെയാണ് ഈരാറ്റുപേട്ട പൊലീസ് പിടികൂടിയത്.

തമിഴ്നാട് സ്വദേശിയായ രാജാ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് പിടിയിലായത്. അർജ്ജുൻ്റെ സഹോദരി ഭർത്താവാണ് രാജ. ഗർഭിണിയായ 22കാരി യായ അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രസവത്തിന് സഹായങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

സന്നദ്ധ സംഘടന പ്രവർത്തകരായി ആൾമാറാട്ടം

ഭർതൃവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഗർഭച്ഛിദ്രം നടത്താൻ തയ്യാറാകാത്തതിനാലാണ് പരാതിക്കാരിയായ യുവതിക്ക് അസമിലെ ഭർതൃവീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നത്. രണ്ടാമതും ഗർഭിണിയായ യുവതിയോട് ഭർതൃവീട്ടുകാർ ഗർഭഛിദ്രം ആവശ്യപ്പെടുകയായിരുന്നു. വീടുവിട്ടിറങ്ങി ഡൽഹിയിലെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയ യുവതി സമൂഹ മാധ്യമങ്ങളിൽ കമൻ്റുകളിലൂടെ പ്രസവം വരെ താമസിക്കാന് ഷെൽറ്റർ ഹൗസുകളുണ്ടോ എന്ന് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുമായി സമൂഹമാധ്യമങ്ങളിലൂടെ സംഘം പരിചയം സ്ഥാപിച്ചത്. സന്നദ്ധ സംഘടനയുടെ പ്രവർത്തകർ എന്ന വ്യാജേനയാണ് ഇവരെ സമീപിച്ചത്..

സംരക്ഷണം ഒരുക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവർ യുവതിയെ കോട്ടയത്തെ തീക്കോയിയിലെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തീക്കോയി സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുളള ഞണ്ടുകല്ലിലുള്ള വീട്ടിൽ ഒരുമാസമായി ഇവർ താമസിച്ചുവരികയായിരുന്നു. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന് ഇവർ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ കുഞ്ഞിനെ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ യുവതിയെ പ്രതികൾ മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഈ വീട്ടിൽ തന്നെ മറ്റ് രണ്ട് ഗർഭിണികൾ കൂടി ഉണ്ടായിരുന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ ഭീഷണിയെയും മർദനത്തെയും തുടർന്ന് അവിടെ നിന്ന് ഇറങ്ങി പോയ അസം സ്വദേശിനിയായ യുവതി അലഞ്ഞ് തിരിയുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതനുസരിച്ച് കോട്ടയത്തെ സാന്ത്വനം കെയർഹോമിലേയ്ക്ക് യുവതിയെ മാറ്റി.

പിന്നീട് യുവതി നൽകിയ വിവരങ്ങളാണ് സംഭവങ്ങൾ പുറത്തറിയാൻ ഇടയാക്കിയത്. തുടർന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസാണ് പ്രതികളായ രാജ, അർജുൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പരാതി എസ്പിക്കും മെയിൽ അയച്ചതായി സാന്ത്വനം കെയർഹോം ഡയറക്ടർ ആനി പറഞ്ഞു. യുവതി വിചാരിച്ചിരുന്നത് കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ ആൺകുട്ടിയാണെങ്കിൽ ഭർത്താവ് സ്വീകരിക്കുമെന്നാണ്. അച്ഛനും അമ്മയും മരിച്ച് പോയ യുവതിക്ക് സഹോദരനുണ്ടെങ്കിലും അയാളുമായി യുവതി ബന്ധം പുലർത്തുന്നില്ലായിരുന്നുവെന്നും ആനി പറഞ്ഞു.

അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസാണ് പ്രതികളായ രാജ, അർജുൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തിന് പുറത്തുനിന്ന് ഇത്തരത്തിൽ കൂടുതൽ ഗർഭിണികളെ ഇവർ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നും, മുമ്പ് സമാനമായ രീതിയിൽ കുഞ്ഞുങ്ങളെ പണത്തിനായി വിറ്റിട്ടുണ്ടോ എന്നതിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടു വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന. അതേ സമയം കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം സ്വദേശികളാണ് യുവതികളെ എത്തിച്ച ഏജൻ്റുമാരെന്ന് പിന്നീട് പുറത്ത് വന്നു. നവജാത ശിശുക്കളെ കച്ചവട ചെയ്യുന്നുവെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി കോട്ടയം എസ് പി സാബു മാത്യൂ പറഞ്ഞു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാണെന്നും വിശദമായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News