Enter your Email Address to subscribe to our newsletters

Kozhikode , 28 ജൂലൈ (H.S.)
പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസിന് ലഭിച്ച പ്രാഥമിക വിവരം വെളിപ്പെടുത്തുന്നു. മരിച്ച ഷെരീഖിൻ്റെ കഴുത്തിൽ പിടിച്ച് അമർത്തിയ നിലയിലുള്ള പാടുകൾ നേരത്തെ ഇൻക്വസ്റ്റ് നടത്തുന്ന സമയത്ത് കണ്ടെത്തിയിരുന്നു.
ശരീരത്തിൽ മറ്റ് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. കൂടാതെ, മുറിയിൽ നിന്നും സ്റ്റീലിൻ്റെ ഒരു വടിയും കണ്ടെത്തിയിരുന്നു. വൈകുന്നേരം മൂന്നരയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷമാണ് മരണകാരണത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ഇതോടെ കസ്റ്റഡിയിലുള്ള ഷെരീഫിൻ്റെ സുഹൃത്ത് അഷ്റഫിനെ പ്രതിചേർക്കും.
ഞായറാഴ്ച ഉച്ചയ്ക്കാണ് അഷ്റഫും ഷെരീഖും മുണ്ടുപാലം സരിഗ ബസ്റ്റോപ്പിന് സമീപത്തെ വാടക വീട്ടിൽ എത്തിയത്. തുടർന്ന് ഇരുവരും ലഹരി ഉപയോഗിച്ചു എന്നാണ് പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ അഷ്റഫ് വെളിപ്പെടുത്തിയത്. അതിനുശേഷം ഇരുവരും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളാകും കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ അഷ്റഫിനെ പന്തീരാങ്കാവ് പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കൊലചെയ്തെന്ന് പൊലീസിനോട് വെളിപ്പെടുത്തി
ഇന്നലെ അർദ്ധരാത്രിയാണ് ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശിയായ ഷെരീഫ് അഹമ്മദ് മരിച്ച വിവരം പൊലീസ് അറിയുന്നത്. ഷെരീഖിൻ്റെ സുഹൃത്തായ മുഹമ്മദ് അഷ്റഫ് ആണ് പന്തീരാങ്കാവ് പൊലീസിൽ നേരിട്ട് എത്തി താൻ തലയ്ക്ക് അടിച്ച് ഷെരീഖിനെ കൊല ചെയ്തു എന്ന വിവരം വെളിപ്പെടുത്തുന്നത്. ഉടൻ തന്നെ പൊലീസ് മുണ്ടു പാലത്തെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മുറിയിൽ നിലത്ത് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തി. എന്നാൽ പൊലീസിൻ്റെ പ്രാഥമിക പരിശോധനയിൽ രക്ത പാടുകളോ മറ്റ് കൊലപാതക ലക്ഷണങ്ങളോ കണ്ടെത്തിയിരുന്നില്ല.
ഇന്ന് രാവിലെ പന്തീരാങ്കാവ് പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികളിൽ ഷെരീഫിൻ്റെ കഴുത്തിൻ്റെ ഭാഗത്ത് കറുത്ത പാടുകൾ കണ്ടിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തിൻ്റെ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കഴുത്തിനേറ്റ പരിക്കാകാം ഷെരീഖിൻ്റെ മരണത്തിൽ കലാശിച്ചത് എന്ന പ്രാഥമിക വിവരം പൊലീസിന് ലഭിച്ചത്. രാവിലെ തന്നെ ഷെരീഫിൻ്റെ ബന്ധുക്കൾ മരണ കാരണം കൊലപാതകമാണെന്ന് പരാതി പറഞ്ഞിരുന്നു. അതിനിടയിലാണ് ഇപ്പോൾ മരണകാരണത്തിൽ വ്യക്തത വന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR