Enter your Email Address to subscribe to our newsletters

Thiruvananthapuram, 28 ജൂലൈ (H.S.)
ഡല്ഹി ജന്തര് മന്തറില് നടന്ന സിജെപി പ്രക്ഷോഭത്തെ അവഹേളിച്ചും സ്ത്രീത്വത്തെ അപകീര്ത്തിപ്പെടുത്തിയും സംഘപരിവാര് സൈദ്ധാന്തികനും മുന് ആര്എസ്എസ് നേതാവുമായ ടി ജി മോഹന്ദാസ് നടത്തിയ പ്രസ്താവനയില് അക്ഷരാര്ഥത്തില് വെട്ടില് വീണ ആര്എസ്എസ് ദേശീയ നേതൃത്വം മോഹന്ദാസിനെ തള്ളി തടിയൂരാന് ശ്രമം തുടങ്ങി. ദേശീയ നേതൃത്വത്തിൻ്റെ നിര്ദ്ദേശ പ്രകാരം സംസ്ഥാന നേതൃത്വം അദ്ദേഹത്തിനെ പൂര്ണമായും കയ്യൊഴിഞ്ഞു.
ടി ജി മോഹന്ദാസ് ആര്എസ്എസില് ഒരു തരത്തിലുമുള്ള ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള് അങ്ങേയറ്റം അപലപനീയമാണെന്നും ആര്എസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ ബി ശ്രീകുമാര് പ്രസ്താവനയില് പറഞ്ഞു. മോഹന്ദാസ് നടത്തിയത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ആ അഭിപ്രായങ്ങളോടും കാഴ്ചപ്പാടുകളോടും ആര്എസ്എസ് യോജിക്കുന്നില്ലെന്നും ശ്രീകുമാര് പ്രസ്താവനയില് വ്യക്തമാക്കി.
നേരത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാനെ സംരക്ഷിക്കുന്നത് ആര്എസ്എസ് നേതൃത്വമാണെന്ന തരത്തില് സാമൂഹിക മാധ്യമങ്ങളിലുയര്ന്ന വിമര്ശനങ്ങള് ആര്എസ്എസിനെ രാജ്യവാപകമായി പ്രതിസന്ധിയിലാക്കിയിരുന്നു. അത്തരത്തിലുള്ള ആരോപണം പൂര്ണമായും നിഷേധിച്ച് ആര്എസ്എസ് രംഗത്തെത്തുകയും ധര്മേന്ദ്ര പ്രധാന് രാജിവയ്ക്കുകയും ചെയ്തതിൻ്റെ ആശ്വാസത്തിലായിരുന്ന ആര്എസ്എസിനെ വലിയ തോതില് പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് മുന് ആര്എസ്എസ് നേതാവു കൂടിയായ ടി ജി മോഹന്ദാസില് നിന്നുണ്ടായത്. സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ച രണ്ടു വീഡിയോകളിലൂടെയാണ് അദ്ദേഹം പൂര്ണമായും നീറ്റിനെതിരെ രാജ്യ തലസ്ഥാനത്ത് സമരം ചെയ്ത വിദ്യാര്ഥികളെയും വിദ്യാര്ഥിനികളെയും അവഹേളിച്ച് രംഗത്തെത്തിയത്.
ദേശീയ തലത്തില്തന്നെ ഈ പ്രസ്താവനകള് ആര്എസ്എസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില് പ്രശ്നത്തിൻ്റെ ആഴം മനസിലാക്കിയ ആര്എസ്എസ് കേന്ദ്ര നേതൃത്വത്തിൻ്റെ നിര്ദ്ദേശ പ്രകാരമാണ് കെ ബി ശ്രീകുമാറിൻ്റെ പ്രസ്താവനയെന്നാണ് സൂചന. തനിക്ക് ഈ സാഹചര്യം (സിജെപി സമരം ചെയ്യുന്ന സാഹചര്യം) കൈയില് കിട്ടിയാല് ജന്തര് മന്തറില് നാല് സ്ക്വയര് കിലോമീറ്റര് പരിസരത്ത് കര്ഫ്യൂ പ്രഖ്യാപിക്കുകയും ആളുകളോട് മൂന്നു തവണ പിരിഞ്ഞു പോകാന് ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു എന്ന തരത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്നു തവണ പിരിഞ്ഞു പോകാന് ആവശ്യപ്പെട്ട ശേഷം വെടിവെക്കും, ആളുകള് ചിതറിയോടും, കുറെപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല, ആളുകള്ക്ക് അംഗഭംഗം സംഭവിക്കും, ഏകദേശം 4 മണിക്കൂര് കൊണ്ട് രംഗം ശാന്തമാകും, ശവങ്ങള് പെറുക്കി ആശുപത്രിയിലെത്തിക്കും എന്നായിരുന്നു ആദ്യ വിവാദ വീഡിയോ.
സമരം കേന്ദ്ര സര്ക്കാര് കൈകാര്യം ചെയ്ത രീതിയെ പരോക്ഷമായി ചോദ്യം ചെയ്തതു കൂടിയായി ഈ പ്രസ്താവന വിലയിരുത്തപ്പെട്ടതു മോദി സര്ക്കാരിനെയും പ്രതിസന്ധിയിലാക്കി. മാത്രമല്ല, മറ്റൊരു വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതാണ് മോഹന്ദാസിനെയും പ്രതിക്കൂട്ടിലാക്കിയത്. അവിടെ (സമരമുഖത്ത്) ബലാത്സംഗം കൂട്ട ബലാത്സംഗമായി നടക്കുമെന്നും ദൈവം സഹായിച്ച് അതിന് ഒരു പരാതിയുണ്ടാകില്ലെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ള ഇടതു- മതേതര- ജനാധിപത്യ വിശ്വാസികളായ പെണ്കുട്ടികളെന്നും രണ്ടാമത്തെ വീഡിയോയില് പറയുന്നു. ഈ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്ന്നു. എസ്എഫ്ഐ, എഐഎസ്എഫ് വിദ്യാര്ഥി സംഘടനകള് മോഹന്ദാസിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തില് അന്വേഷണം നടത്താന് സ്റ്റേറ്റ് ക്രൈം റെക്കോര്ഡ്സ് ബ്യൂറോ ഐജി പി പ്രകാശിനോട് ചെന്നിത്തല നിര്ദ്ദേശിച്ചു. ഇതോടെ മോഹന് ദാസിനെതിരെ നിയമ നടപടിയും ഉറപ്പായി.
എതിര്പ്പു പ്രകടിപ്പിക്കുന്നവരെ ഇല്ലായ്മ ചെയ്യുക എന്ന സംഘപരിവാര് അജണ്ടയാണ് ഈ ക്രൂരമായ പ്രസ്താവനയിലൂടെ പുറത്തു വന്നതെന്ന ആരോപണമുയര്ത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. ആഭ്യന്തരമന്ത്രിയുടെ നിര്ദ്ദേശ പ്രകാരം ദക്ഷിണ മേഖലാ ഐജി അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി മോഹന്ദാസ് പുറത്തു വിട്ട വീഡിയോകള് അദ്ദേഹം വിശദമായി പരിശോധിച്ചു. എന്നാല് അന്വേഷണം സംബന്ധിച്ച് പ്രതികരണത്തിന് അദ്ദേഹം വിസമ്മതിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR