ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി ട്രാഫിക് പൊലീസുകാരനെ ഹെൽമറ്റ് കൊണ്ടും കൈകൾ കൊണ്ടും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kochi , 28 ജൂലൈ (H.S.) ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി ട്രാഫിക് പൊലീസുകാരനെ ഹെൽമറ്റ് കൊണ്ടും കൈകൾ കൊണ്ടും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബേക്കലിലെ മഠത്തിൽ മുബാറക്ക് ക്വാട്ടേഴ്സിൽ താമസിക്കുന്ന യാക്കോബിൻ്റെ
TRAFFIC POLICEMAN ATTACK ARREST


Kochi , 28 ജൂലൈ (H.S.)

ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തി ട്രാഫിക് പൊലീസുകാരനെ ഹെൽമറ്റ് കൊണ്ടും കൈകൾ കൊണ്ടും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. ബേക്കലിലെ മഠത്തിൽ മുബാറക്ക് ക്വാട്ടേഴ്സിൽ താമസിക്കുന്ന യാക്കോബിൻ്റെ മകൻ അജേഷ് (23) ആണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 132, 121(1) തുടങ്ങിയ വകുപ്പുകൾ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊച്ചി പള്ളിമുക്ക് സിഗ്നൽ ജംഗ്ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഈ സമയം പ്രതി അജേഷ് തൻ്റെ KL-39-T-9944 നമ്പർ മോട്ടോർ സൈക്കിൾ മറ്റൊരു ട്രാവലറിന് മുന്നിൽ കുറുകെ വച്ച് ഡ്രൈവറുമായി കടുത്ത വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.

ഇതുകണ്ട പൊലീസുകാരൻ റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി മോട്ടോർ സൈക്കിൾ റോഡരികിലേക്ക് മാറ്റി വയ്ക്കാൻ പ്രതിയോട് നിർദേശിച്ചു. എന്നാൽ പൊലീസുകാരൻ്റെ നിർദേശം പൂർണ്ണമായും അവഗണിച്ച പ്രതി ഡ്രൈവറുമായി തർക്കം തുടർന്നു. തുടർന്ന് റോഡിന് കുറുകെ വച്ച വാഹനം നീക്കാൻ പൊലീസുകാരൻ മുതിർന്നതോടെ പ്രതി പൊലീസുകാരനോട് അക്രമസ്വഭാവം കാണിക്കുകയായിരുന്നു. പരാതിക്കാരനായ പൊലീസുകാരൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും പ്രതി തൻ്റെ കൈയിലിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് പൊലീസുകാരൻ്റെ തലയ്ക്കും മുഖത്തും ശക്തമായി അടിച്ചു.

അടിയുടെ ആഘാതത്തിൽ നിലത്തുവീണ ഉദ്യോഗസ്ഥനെ പ്രതി വീണ്ടും നെഞ്ചിലും മുഖത്തും കൈകൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ പൊലീസുകാരൻ്റെ കാൽമുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ഡ്യൂട്ടി തുടരാൻ കഴിയാത്തവിധം ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുകയും ചെയ്തുവെന്നാണ് എഫ് ഐ ആർ. പൊലീസുകാരനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച നാട്ടുകാർക്കെതിരെയും പ്രതി തിരിഞ്ഞു. തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പൊലീസ് പ്രതിയെ സംഭവസ്ഥലത്തുനിന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തു. പൊലീസുകാരനെ പ്രതി ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിലെ നിർണായക തെളിവായി മാറും. കൃത്യനിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതി അജേഷിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News