Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 ജൂലൈ (H.S.)
മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കേരളത്തിൻ്റെ പ്രത്യേക സാഹചര്യത്തിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിലെ ദേശീയപാത പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പിനെ ബാധിക്കുന്ന പ്രാധാന്യമുള്ള ഒരു വിഷയത്തിൽ തമിഴ്നാട് സർക്കാരിൻ്റെ വ്യക്തിപരമായ ഇടപെടൽ അഭ്യർഥിക്കാനാണ് കത്ത് എഴുതുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കത്തിൻ്റെ പൂർണരൂപം
ഭൂമിശാസ്ത്രപരമായ സാമീപ്യം, സാംസ്ക്കാരിക അടുപ്പം, പരസ്പ്പര സഹകരണത്തിൻ്റെ ദീർഘകാല പാരമ്പര്യം എന്നിവയിൽ അധിഷ്ഠിതമായ ബന്ധമാണ് കേരളത്തിനും തമിഴ്നാടിനുമുള്ളത്. നമ്മുടെ ജനങ്ങളുടെ ക്ഷേമവും സാമ്പത്തിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണ ഫെഡറലിസത്തിൻ്റെ മനോഭാവത്തിൽ നമ്മുടെ രണ്ട് സർക്കാരുകളും സ്ഥിരമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
തമിഴ്നാട് സർക്കാരിൻ്റെ 09.07.2026 ലെ ഗസറ്റ് വിജ്ഞാപനം നമ്പർ 306 പ്രകാരം, പരുക്കൻ കല്ലുകളുടെയും മറ്റ് നിർമാണ വസ്തുക്കളുടെയും അന്തർ സംസ്ഥാന ഗതാഗതം നിയന്ത്രിക്കുന്ന വ്യവസ്ഥകൾ അവതരിപ്പിച്ചിട്ടുണ്ട്. തത്ഫലമായി തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ നിന്ന് കേരളത്തിലേക്കുള്ള കല്ല് അഗ്രഗേറ്റുകളുടെ നീക്കത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. പരമ്പരാഗതമായി കേരളത്തിലെ നിരവധി ദേശീയ പാത പദ്ധതികളുടെ നിർവഹണത്തിന് ആവശ്യമായ കല്ലുകൾ എത്തിക്കുന്നത് ഈ ജില്ലകളിൽ നിന്നാണ്.
എന്തെന്നാൽ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ കല്ലുകളുടെ ലഭ്യത കേരളത്തിൽ പരിമിതമാണ്. അതിനാൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ പാത പദ്ധതികൾക്ക് ആവശ്യമായ വസ്തുക്കൾക്കായി അയൽ ജില്ലകളെ ആശ്രയിക്കുന്നു. തന്മൂലം അന്തർ സംസ്ഥാന ഗതാഗതത്തിലെ നിയന്ത്രണങ്ങൾ വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനാൽ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും തന്ത്രപരമായി പ്രധാനപ്പെട്ട നിരവധി പദ്ധതികളുടെ പൂർത്തീകരണത്തിൽ കാലതാമസം വരുത്തുകയും ചെയ്യുന്നു.
കേരളത്തിന് പുറമേ തെക്കൻ മേഖലയ്ക്ക് മൊത്തത്തിൽ ഈ ദേശീയപാത പദ്ധതികൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു. പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യാപാരവും ടൂറിസം സുഗമമാക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെയും പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനും ഇവ സഹായിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കും വല്ലാർപാടത്തെ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻ്റ് ടെർമിനലിലേക്കും തടസമില്ലാത്ത കണക്റ്റിവിറ്റി നൽകുകയും അതുവഴി ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും മത്സരശേഷിക്കും ഗണ്യമായ സംഭാവന നൽകുകയും ചെയ്യും.
തമിഴ്നാട് സർക്കാരിൻ്റെ നയത്തിന് പിന്നിലെ ലക്ഷ്യങ്ങളെയും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ മാനേജ്മെൻ്റ് ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയെയും ഞാൻ പൂർണമായും അഭിനന്ദിക്കുന്നു. അതേസമയം, ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ ന്യായമായ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം, തമിഴ്നാട് സർക്കാരിൻ്റെ നയലക്ഷ്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാത്ത ഒരു സന്തുലിതമായ സമീപനം രൂപപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു.
കല്ല് വിതരണം തടസമില്ലാതെ സുഗമാക്കുന്നതിന് അനുയോജ്യമായ ഇളവ് നൽകുന്നതിനോ ഉചിതമായ സംവിധാനം രൂപപ്പെടുത്തുന്നതിനോ ഇടപെടണം. തമിഴ്നാട് സർക്കാർ പൂർണമായ സഹകരണം നൽകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന് അയച്ച കത്തിൽ വി ഡി സതീശൻ അഭിപ്രായപ്പെട്ടു. അത്തരമൊരു നടപടി ഈ പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കാൻ വളരെയധികം സഹായിക്കുകയും രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തിൽ എപ്പോഴും നിലനിൽക്കുന്ന സഹകരണ മനോഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടി. ഈ വിഷയം വേഗത്തിൽ പരിഹരിക്കുന്നതിന് തമിഴ്നാട് സർക്കാർ സഹകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു
---------------
Hindusthan Samachar / CHANDHU CHANDRASEKHAR