Enter your Email Address to subscribe to our newsletters

Kozhikode , 28 ജൂലൈ (H.S.)
പെരുമണ്ണ മുണ്ടുപാലത്ത് വീട്ടിലുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ പുല്ലൂക്ക് ചാലിൽ മുഹമ്മദ് ഷെരീഖ് (33) ആണ് മരിച്ചത്. മുണ്ടുപാലം പുത്തൂർ മഠം റോഡിൽ സരിഗ ബസ്റ്റോപ്പിന് സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷെരീഖിൻ്റെ സുഹൃത്തായ ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് മരണം സംബന്ധിച്ച് വിവരം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി അറിയിക്കുന്നത്.
ഷെരീഖിനെ താൻ തലക്ക് അടിച്ച് കൊന്നിട്ടുണ്ടെന്നും മൃതദേഹം മുണ്ടു പാലത്തെ വീട്ടിലുണ്ടെന്നുമാണ് പൊലീസിനെ അറിയിച്ചത്. ഉടൻതന്നെ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി അഷ്റഫ് പറഞ്ഞ വീട്ടിൽ പരിശോധന നടത്തി മൃതദേഹം കണ്ടെത്തി. വീട്ടിനകത്തെ മുറിക്കുള്ളിൽ നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പന്തീരാങ്കാവ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകത്തിൻ്റെതായ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് വീട് സീൽ ചെയ്തു പൊലീസ് കാവൽ ഏർപ്പെടുത്തി.
ഇന്ന് രാവിലെ പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ലഹരിയാണോ മരണകാരണമെന്ന സംശയമാണ് ഇപ്പോൾ പൊലീസിനുള്ളത്. അതോടൊപ്പം ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനമാണ് പൊലീസിനുള്ളത്. വിവരം നൽകിയ അഷ്റഫ് നിലവില് പൊലീസ് കസ്റ്റഡിയിലാണ്. മരിച്ച മുഹമ്മദ് ഷെരീഖ് മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു.
എന്തിനാണ് ഇയാൾ മുണ്ടുപാലത്തെ വാടകക്ക് എടുത്ത വീട്ടിൽ എത്തിയതെന്ന് വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, സംഭവം നടന്ന ഭാഗങ്ങളിൽ നിരവധി വീടുകളാണ് ഇത്തരത്തിൽ വാടകക്ക് നൽകുന്നത്. പലപ്പോഴും ആരാണ് താമസിക്കുന്നത് എന്ന് പോലും യാതൊരു വിവരവും ലഭിക്കാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുഹമ്മദ് ഷെരീഖിൻ്റെ മരണം പോലും ഇന്ന് രാവിലെയാണ് പ്രദേശവാസികൾ അറിയുന്നതെന്നും പ്രതികരണം.
രാവിലെ പുലര്ച്ചെയാണ് സംഭവം അറിയുന്നത്. ഇവിടെ താമസിക്കുന്നവരെ കുറിച്ച് കൂടുതല് കാര്യങ്ങള് ഒന്നും അറിയില്ല. പരിസരത്ത് നിരവധി വീടുകളില് വാടകയ്ക്ക് താമസിക്കുന്നവരാണ്. രാത്രി ഏറെ വൈകി ജോലിക്ക് പോകുന്നവരും രാവിലെ എത്തുന്നവരുമാണ്. ഇവിടെയുള്ളവരെ ജനപ്രതിനിധികള്ക്ക് പോലും അറിയില്ല. അതുകൊണ്ട് ആർക്കും പരസ്പരം അറിയില്ല. മയക്കുമരുന്ന് ഉപയോഗിച്ചതിൻ്റെ ഭാഗമായിട്ട് നടന്ന സംഭവമണിതെന്ന് നിലവിലെ വിവരം ജനപ്രതിനിധിയായ നിസാർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR