ജന്തർ മന്തറിലെ പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ നിരീക്ഷണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി എ.എ. റഹിം എം.പി
Newdelhi , 28 ജൂലൈ (H.S.) ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ ഡൽഹി പോലീസ് ഡ്രോണുകളും സിസിടിവികളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും (FRT) ഉപയോഗിച്ച് നടത്തിയ അനധികൃത ബയോമെട്രിക് നിരീക്ഷണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സ
ജന്തർ മന്തറിലെ പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ നിരീക്ഷണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി എ.എ. റഹിം എം.പി


Newdelhi , 28 ജൂലൈ (H.S.)

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭങ്ങൾക്കിടെ ഡൽഹി പോലീസ് ഡ്രോണുകളും സിസിടിവികളും ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും (FRT) ഉപയോഗിച്ച് നടത്തിയ അനധികൃത ബയോമെട്രിക് നിരീക്ഷണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സിപിഐ (എം) രാജ്യസഭാ എം.പി എ.എ. റഹിം. ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ചാണ് ഭരണഘടനയുടെ ആർട്ടിക്കിൽ 32 പ്രകാരം സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്.

ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കുന്ന പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും മുഖവിവരങ്ങളും മറ്റ് ബയോമെട്രിക് ഡാറ്റയും ശേഖരിച്ച് ക്രിമിനൽ ഡാറ്റാബേസുകളിലേക്ക് മാറ്റാൻ ഡൽഹി പോലീസിന് യാതൊരു നിയമപരമായ അധികാരവുമില്ലെന്ന് എ.എ. റഹിം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തങ്ങളുടെ അവകാശങ്ങൾക്കായി സമാധാനപരമായി തെരുവിലിറങ്ങുന്ന പൗരന്മാരെ കുറ്റവാളികളെപ്പോലെ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നത് ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിഭാഷകനായ സുഭാഷ് ചന്ദ്രൻ കെ.ആർ മുഖേന സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ, ഡൽഹി പോലീസ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) എന്നിവരെയാണ് എതിർകക്ഷികളാക്കിയിരിക്കുന്നത്. ജന്തർ മന്തറിൽ നടന്ന സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, സാധാരണക്കാർ, വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ എന്നിവരുടെ ചിത്രങ്ങളും ബയോമെട്രിക് വിവരങ്ങളും ഡ്രോണുകൾ, സിസിടിവി ക്യാമറകൾ, എഐ സ്മാർട്ട് ഗ്ലാസുകൾ, മൊബൈൽ കമാൻഡ് വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് പോലീസ് തുടർച്ചയായി ശേഖരിക്കുകയായിരുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഡൽഹി പോലീസിന് സമർപ്പിച്ച വിവരാവകാശ അപേക്ഷകളുടെ (ആർ.ടി.ഐ) മറുപടിയിൽ തന്നെ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് വ്യക്തമായ നിയമപരമായ ചട്ടക്കൂടുകളില്ലെന്ന് വ്യക്തമായിട്ടുണ്ട്. കാണാതായവരെ കണ്ടെത്താനും മൃതദേഹങ്ങൾ തിരിച്ചറിയാനും മാത്രം ഉദ്ദേശിച്ചിട്ടുള്ള ഒരു സാങ്കേതികവിദ്യയാണ് സമാധാനപരമായി പ്രതിഷേധിക്കുന്ന പൗരന്മാർക്കെതിരെ പോലീസ് ദുരുപയോഗം ചെയ്യുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നിയമപരമായ യാതൊരു പിന്തുണയുമില്ലാതെ നടത്തുന്ന ഇത്തരം കൂട്ട ബയോമെട്രിക് നിരീക്ഷണം പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി കൂട്ടംകൂടാനുള്ള ഭരണഘടനാപരമായ അവകാശങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന പുട്ടസ്വാമി കേസ് വിധിക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും, ആവശ്യമായ നിയമനിർമ്മാണം പാർലമെന്റ് നടത്തുന്നതുവരെ പരീക്ഷാ കേന്ദ്രങ്ങളിലും പ്രതിഷേധ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഫേഷ്യൽ റെക്കഗ്നിഷൻ നിരീക്ഷണങ്ങൾ പൂർണ്ണമായും തടയണമെന്നും ഹർജിയിലൂടെ ആവശ്യപ്പെടുന്നു.

---------------

Hindusthan Samachar / Roshith K


Latest News