സീറ്റ് നൽകാതെ എന്നെ ചതിച്ചു’; സാബു എം. ജേക്കബുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ട് അഖിൽ മാരാർ
Kochi, 28 ജൂലൈ (H.S.) കൊച്ചി: ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബുമായുള്ള വാട്സാപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് തൃക്കാക്കരയിലെ എൻഡിഎ-ട്വന്റി20 സ്ഥാനാർഥിയായിരുന്ന സംവിധായകൻ അഖിൽ മാരാർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക
സീറ്റ് നൽകാതെ എന്നെ ചതിച്ചു’; സാബു എം. ജേക്കബുമായുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ട് അഖിൽ മാരാർ


Kochi, 28 ജൂലൈ (H.S.)

കൊച്ചി: ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബുമായുള്ള വാട്സാപ്പ് സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ട് തൃക്കാക്കരയിലെ എൻഡിഎ-ട്വന്റി20 സ്ഥാനാർഥിയായിരുന്ന സംവിധായകൻ അഖിൽ മാരാർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടിവന്ന ചതികളുടെയും വഞ്ചനയുടെയും യാഥാർത്ഥ്യം വെളിപ്പെടുത്താനാണ് ഈ ചാറ്റുകൾ പരസ്യമാക്കുന്നതെന്ന് അഖിൽ മാരാർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തനിക്ക് പറ്റിയ തെറ്റുകൾ തിരുത്താനാണ് ഇപ്പോൾ ഇത്തരമൊരു നിലപാടെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊട്ടാരക്കര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കണമെന്ന ആഗ്രഹവും ചിന്തയുമാണ് തന്നെ ട്വന്റി20 പ്രസ്ഥാനവുമായി അടുപ്പിച്ചതെന്ന് അഖിൽ മാരാർ കുറിക്കുന്നു. കൊട്ടാരക്കരയിലെ ബിജെപിയുടെ പരമ്പരാഗത വോട്ടുകൾക്ക് പുറമെ, സ്വന്തം വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സമാഹരിക്കാൻ കഴിയുന്ന വോട്ടുകൾ കൂടി ചേരുമ്പോൾ മണ്ഡലത്തിൽ ശക്തമായ ഒരു ത്രികോണ മത്സരത്തിന് സാധ്യതയുണ്ടെന്ന് താൻ കണക്കുകൂട്ടിയിരുന്നു. ഈ രാഷ്ട്രീയ സാധ്യത മുൻനിർത്തിയാണ് ട്വന്റി20 സ്ഥാനാർഥിയാകാൻ തയ്യാറായത്. എന്നാൽ വാഗ്ദാനം ചെയ്ത കൊട്ടാരക്കര സീറ്റ് നൽകാതെ പാർട്ടി നേതൃത്വം തന്നെ ചതിക്കുകയായിരുന്നുവെന്ന് അഖിൽ മാരാർ ആരോപിക്കുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സാബു എം. ജേക്കബുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളാണ് അഖിൽ പുറത്തുവിട്ട വാട്സാപ്പ് ചാറ്റുകളിലുള്ളത്. തുടക്കത്തിൽ കൊട്ടാരക്കര മണ്ഡലത്തിലും പിന്നീട് തൃപ്പൂണിത്തുറയിലും മത്സരിപ്പിക്കാമെന്ന് ധാരണയുണ്ടാക്കിയ ശേഷമാണ്, ഒടുവിൽ ജയസാധ്യത കുറഞ്ഞ തൃക്കാക്കരയിൽ തന്നെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു. പാർട്ടി നേതൃത്വത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പിന് ശേഷം തന്നോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്നും അഖിൽ മാരാർ തുറന്നടിച്ചു.

സാബു എം. ജേക്കബുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ട്വന്റി20യുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിക്കുന്നതായി അഖിൽ മാരാർ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം അഖിൽ മാരാരുടെ ആരോപണങ്ങൾ തള്ളി സാബു എം. ജേക്കബ് രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും വ്യക്തിപരമായ നേട്ടങ്ങൾക്കും പണത്തിനും വേണ്ടിയാണ് ചിലർ പാർട്ടിയിലേക്ക് വരുന്നതെന്നുമാണ് സാബുവിന്റെ പ്രതികരണം. എന്നാൽ വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ കേവലം വാഗ്വാദങ്ങൾക്കപ്പുറം കേരള രാഷ്ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും വിഷയം വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News