സിജെപിക്ക് നല്കിയ ഉറപ്പുകള് ഇന്ന് തന്നെ രേഖമൂലം നല്കും; വ്യക്തമാക്കി കേന്ദ്രസര്ക്കാര്
New delhi, 28 ജൂലൈ (H.S.) ഡല്‍ഹി ജന്തര്‍ മന്ദിറിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയില്‍ അംഗീകരിച്ച് സിജെപിക്ക് നല്‍കിയ ഉറപ്പുകള്‍ ഇന്നുതന്നെ രേഖാമൂലം കൈമാറുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്
cjp


New delhi, 28 ജൂലൈ (H.S.)

ഡല്‍ഹി ജന്തര്‍ മന്ദിറിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയില്‍ അംഗീകരിച്ച് സിജെപിക്ക് നല്‍കിയ ഉറപ്പുകള്‍ ഇന്നുതന്നെ രേഖാമൂലം കൈമാറുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്നലെ സിജെപി വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി ഇക്കാര്യം ഉറപ്പുനല്‍കിയെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. പ്രതിഷേധക്കാര്‍ക്ക് എതിരെ രാജ്യവ്യാപകമായി പൊലീസ് നടപടികള്‍ തുടരുന്നതില്‍ താക്കീതുമായി സിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കൊലപാതക കുറ്റമടക്കം ചുമത്തി പൊലീസ് മുന്നോട്ടു പോയതോടെയാണ് സിജെപി നിലപാട് കടുപ്പിച്ചത്.

പൊലീസ് നടപടി അവസാനിപ്പിച്ചെങ്കില്‍ ശക്തമായ തീരുമാനമെടുക്കും. പൊലീസ് നടപടി ഉണ്ടാകില്ലെന്ന ഉറപ്പില്‍ നിന്നുള്ള സര്‍ക്കാരിന്റെ മാറ്റം വിശ്വാസവഞ്ചനയാണ്. വാഗ്ദാനങ്ങള്‍ നല്‍കുന്നതിലൂടെയല്ല, പാലിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് വിശ്വാസ്യത ലഭിക്കുന്നതെന്നും സിജെപി ഓര്‍മ്മിപ്പിച്ചിരുന്നു. നല്‍കിയ ഉറപ്പുകള്‍ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ രേഖാമൂലം നല്‍കിയില്ലെങ്കില്‍ പ്രതിഷേധം പുനരാരംഭിക്കാന്‍ നിര്‍ബന്ധിതരാകും എന്ന് സിജെപി വ്യക്തമാക്കിയിരുന്നു.

മൂന്നാംവട്ട കൂടിക്കാഴ്ചയില്‍ ജെ.പി.നഡ്ഡ, ജിതേന്ദ്ര സിങ് എന്നീ കേന്ദ്ര മന്ത്രിമാര്‍ക്ക് സി.ജെ.പി കരട് ധാരണ സമര്‍പ്പിച്ചിരുന്നു. നിയമപരമായ കൂടിയാലോചനകള്‍ക്ക് ശേഷം ചൊവ്വാഴ്ചയ്ക്കകം അന്തിമമാക്കി പങ്കുവെക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അത് നല്‍കിയില്ലെന്നു മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോയതോടെയാണ് സിജെപി അന്ത്യശാസനം നല്‍കിയത്. പിന്നാലെയാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി സിജെപിക്ക് വീണ്ടും ഉറപ്പ് നല്‍കിയത്.

അതേസമയം, ധര്‍മ്മേന്ദ്ര പ്രധാനെ മന്ത്രിസഭയില്‍ നിലനിര്‍ത്താന്‍ അവസാന നിമിഷവും കേന്ദ്രം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജി തന്നെ വേണമെന്ന് നിലപാട് കടുപ്പിച്ചതോടെയാണ് കൈവിട്ടതെന്നാണ് വിവരം. പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബിജെപി വിലയിരുത്തി. രാജി വൈകിയത് സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ ബാധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടാകില്ല എന്നും വിലയിരുത്തലുണ്ട്.

അതേസമയം, ഇരയാക്കപ്പെടുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ സഹായത്തോടെ സാക്ഷി എന്ന വെബ് സൈറ്റും സിജെപി ആരംഭിച്ചു. നിയമപ്രകാരമുള്ള എല്ലാ സംരക്ഷണവും ഉറപ്പാക്കുന്നതിനായി ഒപ്പം ഉണ്ടാകുമെന്നും ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിജെപി ആണെന്നും കപില്‍ സിബല്‍ പറഞ്ഞു. സാക്ഷി വെബ്‌സൈറ്റിലേക്ക് നിരവധി പേരാണ് സന്ദേശങ്ങള്‍ അയക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News