എകെജി ഭവനിൽ കയറി ഡൽഹി പോലീസ്: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി; നാടകീയ രംഗങ്ങൾ
Newdelhi , 28 ജൂലൈ (H.S.) ന്യൂഡൽഹി: സിജെപി (കോക്രോച്ച് ജനത പാർട്ടി) സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകളുടെ പേരിൽ പ്രതികാര നടപടിയുമായി ഡൽഹി പോലീസ്. എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്
എകെജി ഭവനിൽ കയറി ഡൽഹി പോലീസ്: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി; നാടകീയ രംഗങ്ങൾ


Newdelhi , 28 ജൂലൈ (H.S.)

ന്യൂഡൽഹി: സിജെപി (കോക്രോച്ച് ജനത പാർട്ടി) സംഘടിപ്പിച്ച വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ചുമത്തിയ കേസുകളുടെ പേരിൽ പ്രതികാര നടപടിയുമായി ഡൽഹി പോലീസ്. എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനായി ഡൽഹി പോലീസ് സംഘം സിപഐ (എം) കേന്ദ്ര ഓഫീസായ എകെജി ഭവനിലെത്തി. എന്നാൽ, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും യൂണിഫോം ധരിക്കാതെയും പാർട്ടി ഓഫീസിലെത്തിയ പോലീസ് സംഘത്തെ സിപിഐ (എം) നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ തടഞ്ഞതോടെ തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.

സിജെപിയുടെ ആദ്യഘട്ട പ്രക്ഷോഭത്തിലും തുടർന്ന് നടന്ന ശക്തമായ പ്രതിഷേധങ്ങളിലും ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നതാണെങ്കിലും ഡൽഹിയിലടക്കം അറസ്റ്റ് നടപടികൾ വീണ്ടും ശക്തമാക്കുകയാണ്. 2021-ൽ രജിസ്റ്റർ ചെയ്ത പഴയൊരു കേസിന്റെ പേരുപറഞ്ഞാണ് പോലീസ് ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത്. കേസിൽ കോടതിയിൽ വാദം തുടരുന്ന വേളയിലാണ് പോലീസിന്റെ ഭാഗത്തുനിന്ന് പെട്ടെന്നുള്ള ഈ നീക്കമുണ്ടായത്.

എകെജി ഭവനിലെത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയ പോലീസ് നടപടിയെ ജോൺ ബ്രിട്ടാസ് എം.പി കടുപ്പമേറിയ ഭാഷയിലാണ് വിമർശിച്ചത്. മഫ്തിയിലെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നേരിട്ട ബ്രിട്ടാസ്, പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നെയിം പ്ലേറ്റോ ഔദ്യോഗിക യൂണിഫോമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തു.

ജന്തർ മന്തറിലും തലസ്ഥാനത്തും ജനാധിപത്യപരമായി പ്രതിഷേധിച്ച ഒരു വിദ്യാർത്ഥിയെയും വെറുതെ വിടില്ലെന്ന ഭയപ്പെടുത്തുന്ന സന്ദേശം നൽകാനാണ് ഡൽഹി പോലീസ് ശ്രമിക്കുന്നത്. എകെജി ഭവനിലേക്ക് കയറിവരാൻ നിങ്ങൾക്ക് എവിടെ നിന്നാണ് ധൈര്യം ലഭിച്ചത്? അറസ്റ്റ് ചെയ്യാനായി എത്തുമ്പോൾ പാലിക്കേണ്ട പ്രാഥമിക നിയമങ്ങളോ യൂണിഫോമോ എവിടെ? ജനാധിപത്യ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന കുട്ടികളെയും ചെറുപ്പക്കാരെയും വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം പോലീസ് രാജ് എന്തുവിലകൊടുത്തും തടയും, എന്ന് ജോൺ ബ്രിട്ടാസ് എം.പി പൊലീസിനോടും മാധ്യമങ്ങളോടും പ്രതികരിച്ചു.

മഴയായതുകൊണ്ടാണ് യൂണിഫോം ധരിക്കാത്തതെന്ന വിചിത്രമായ വിശദീകരണമാണ് പോലീസ് നൽകിയത്. എന്നാൽ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും യൂണിഫോമും പാലിക്കാതെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ജോൺ ബ്രിട്ടാസും മറ്റ് സിപിഐ (എം) നേതാക്കളും ഉറപ്പിച്ചു പറഞ്ഞതോടെ ഐഷിയെ അറസ്റ്റ് ചെയ്യാനാകാതെ ഡൽഹി പോലീസ് സംഘം തിരികെ മടങ്ങി.

രാജ്യ തലസ്ഥാനത്ത് വിദ്യാർത്ഥി നേതാക്കളെയും പ്രതിഷേധക്കാരെയും ലക്ഷ്യമിട്ട് പോലീസ് നടത്തുന്ന പ്രതികാര നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളുടെ മറവിൽ എകെജി ഭവനിൽ കയറി രാഷ്ട്രീയ നേതാക്കളെ വേട്ടയാടാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

---------------

Hindusthan Samachar / Roshith K


Latest News