ദേശീയപാതകളിൽ വേഗതയ്ക്കൊപ്പം അപകടങ്ങളും പെരുകുന്നു; മഴക്കാലത്ത് നിയന്ത്രണം വിട്ട് വാഹനങ്ങൾ: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധം
Thiruvananthapuram, 28 ജൂലൈ (H.S.) സംസ്ഥാനത്ത് പുതിയതായി നിർമാണം പൂർത്തിയായ ദേശീയപാത പാതകളിൽ യാത്രാസൗകര്യവും ഗതാഗത വേഗതയും വർധിച്ചെങ്കിലും, അതിനൊപ്പം തന്നെ ജീവന് ഭീഷണിയായി അപകടങ്ങളുടെ എണ്ണവും ആശങ്കാജനകമായി ഉയരുന്നു. നവീകരിച്ച വിശാലമായ റോഡുകളിലൂടെയ
ദേശീയപാതകളിൽ വേഗതയ്ക്കൊപ്പം അപകടങ്ങളും പെരുകുന്നു; മഴക്കാലത്ത് നിയന്ത്രണം വിട്ട് വാഹനങ്ങൾ: അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധം


Thiruvananthapuram, 28 ജൂലൈ (H.S.)

സംസ്ഥാനത്ത് പുതിയതായി നിർമാണം പൂർത്തിയായ ദേശീയപാത പാതകളിൽ യാത്രാസൗകര്യവും ഗതാഗത വേഗതയും വർധിച്ചെങ്കിലും, അതിനൊപ്പം തന്നെ ജീവന് ഭീഷണിയായി അപകടങ്ങളുടെ എണ്ണവും ആശങ്കാജനകമായി ഉയരുന്നു. നവീകരിച്ച വിശാലമായ റോഡുകളിലൂടെയുള്ള യാത്ര ഏറെ സുഗമമായതോടെ വാഹനങ്ങളുടെ ശരാശരി വേഗത ഗണ്യമായി വർധിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് അനുസൃതമായ സുരക്ഷാ മുൻകരുതലുകളോ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയോ ഇല്ലാത്തതാണ് അപകടങ്ങൾ പെരുകാൻ പ്രധാന കാരണമാകുന്നത്.

പ്രത്യേകിച്ച് മഴക്കാലം ആരംഭിച്ചതോടെ ദേശീയപാത അപകട മേഖലയായി മാറുകയാണ്. നവീകരിച്ച റോഡുകളിൽ ഉയർന്ന വേഗതയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴും വഴുക്കലുള്ള പ്രതലത്തിലൂടെ സഞ്ചരിക്കുമ്പോഴും നിയന്ത്രണം വിട്ട് തെന്നിമാറുന്ന (Aquaplaning) സംഭവങ്ങൾ ദിവസേനെയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകളും അശാസ്ത്രീയമായ വെള്ളമൊഴുക്കും വഴുക്കലും അപകട സാധ്യത ഇരട്ടിയാക്കുന്നു. ഡിവൈഡറുകളിലും സംരക്ഷണ ഭിത്തികളിലും മറ്റ് വാഹനങ്ങളിലും ഇടിച്ചു കയറിയുള്ള ദുരന്തങ്ങൾ നിത്യസംഭവമായി മാറിയിട്ടും കൃത്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ പലയിടത്തും സ്ഥാപിച്ചിട്ടില്ല.

വേഗത അളക്കുന്ന ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും നാമമാത്രമായി ചുരുങ്ങിയതാണ് ഇത്തരം നിയമലംഘനങ്ങൾ വർധിക്കാൻ കാരണം. അപകടമേഖലകൾ തിരിച്ചറിഞ്ഞ് ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കാനോ, ആവശ്യമായ സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കാനോ ഉള്ള നടപടികൾ വൈകുകയാണ്. മഴക്കാലത്ത് റോഡുകളിൽ രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ അടിയന്തരമായി പരിഹരിക്കാൻ എൻ.എച്ച്.എ.ഐ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.

അപകടങ്ങൾ ദിനംപ്രതി വർധിച്ചിട്ടും ദേശീയപാത അതോറിറ്റിയുടെയും (NHAI) മോട്ടോർ വാഹന വകുപ്പിന്റെയും (MVD) ഭാഗത്ത് നിന്ന് ഫലപ്രദവും കൃത്യവുമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് യാത്രക്കാരും നാട്ടുകാരും ഒരേപോലെ ആരോപിക്കുന്നു. വേഗപ്പൂട്ട് കടുപ്പിക്കാനോ, അമിതവേഗതയിലെത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനോ പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ഭാഗത്തുനിന്ന് നിരന്തരമായ പരിശോധനകൾ നടക്കുന്നില്ലെന്ന വിമർശനം ശക്തമാണ്.

ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പാതകൾ മരണക്കെണിയാകാൻ അനുവദിക്കരുതെന്നാണ് ജനങ്ങളുടെ ആവശ്യം. മഴക്കാലത്ത് വേഗത പരിധി നിജപ്പെടുത്തുന്നതിനൊപ്പം പ്രധാന അപകട മേഖലകളിൽ റോഡ് മാർക്കിംഗുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം നൽകാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

---------------

Hindusthan Samachar / Roshith K


Latest News