ശബരിമല സ്വര്ണക്കൊള്ളയില് പി.എസ് പ്രശാന്തിനെ എസ്ആടി കസ്റ്റഡിയില് വാങ്ങും; കോടതിയില് അപേക്ഷ നല്കി
Kollam, 28 ജൂലൈ (H.S.) ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പ്രതി
ps prasanth


Kollam, 28 ജൂലൈ (H.S.)

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡിലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പ്രതികളെ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2025ലെ ശബരിമല പാളിക്കടത്തുമായി ബന്ധപ്പെട്ട് അന്ന് ചുമതലയിലുണ്ടായിരുന്ന ഇടതുപക്ഷ ഭരണസമിതിയാണ് കേസില്‍ പ്രതിസ്ഥാനത്തുള്ളത്.

ഹൈക്കോടതിയുടെ യാതൊരുവിധ അനുമതികളുമില്ലാതെയാണ് ശബരിമലയില്‍ നിന്നും സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പി.എസ് പ്രശാന്തും അജികുമാറും നിലവില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ കൊല്ലത്തുവച്ചുതന്നെ ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തേക്കും.

ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെയും മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് സ്വര്‍ണം കടത്തിക്കൊണ്ടുപോയി എന്ന് മാത്രമല്ല, അത് വേര്‍തിരിച്ച് എടുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലാണ് രണ്ടാമത്തെ തവണയും സ്വര്‍ണം വേര്‍തിരിച്ചെടുത്തതെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണം മോഷ്ടിക്കപ്പെടുകയും അത് വേര്‍തിരിച്ച് അടിച്ചുകൊണ്ടുപോവുകയും ചെയ്ത സംഭവത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ശബരിമലയിലെ സ്വര്‍ണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ഉന്നതരായ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ചോദിച്ചറിയാനുമാണ് മുന്‍ പ്രസിഡന്റിനെയും അംഗത്തെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്. ഒരു ദിവസത്തെ കസ്റ്റഡിയില്‍ ഈ വിവരങ്ങളെല്ലാം ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ശബരിമല പോലൊരു പുണ്യസ്ഥലത്ത് നടന്ന സ്വര്‍ണക്കൊള്ള ഭക്തര്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ സുതാര്യതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News