Enter your Email Address to subscribe to our newsletters

Newdelhi, 28 ജൂലൈ (H.S.)
ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി20 ടീമിലെ ഓപ്പണർ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ച വീണ്ടും ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നു. മലയാളി താരം സഞ്ജു സാംസൺ ആണോ അഭിഷേക് ശർമയാണോ ഓപ്പണിംഗ് സ്പോട്ടിലേക്ക് യോഗ്യനെന്ന കാര്യത്തിലാണ് മുൻ താരങ്ങളും ആരാധകരും തമ്മിൽ വീണ്ടും സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തിൽ ഓപ്പണർ അഭിഷേക് ശർമ തുടർച്ചയായി നിരാശപ്പെടുത്തിയതാണ് സഞ്ജു സാംസണിനെ ടീമിലേക്ക് തിരികെ വിളിക്കണമെന്ന ആവശ്യത്തിന് ആക്കം കൂട്ടിയത്. സിംബാബ്വെയ്ക്കെതിരായ പരമ്പരയിലുടനീളം ബാറ്റിംഗിൽ താളം കണ്ടെത്താൻ അഭിഷേകിന് സാധിച്ചിരുന്നില്ല. എതിർ ടീമുകൾ അന്താരാഷ്ട്ര തലത്തിൽ അഭിഷേകിന്റെ ബലഹീനതകൾ കൃത്യമായി പഠിച്ചുകഴിഞ്ഞുവെന്നും അതിനാൽ സഞ്ജുവിന് വീണ്ടും അവസരം നൽകേണ്ട സമയം അതിക്രമിച്ചുവെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
സെലക്ടർമാർ ഇപ്പോൾ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ നൽകിയ പ്രതികരണത്തിൽ ശ്രീകാന്ത് വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമയുടെ ബാറ്റിംഗ് ശൈലി എതിരാളികൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. ലോകകപ്പിന് ശേഷം അവന്റെ പ്രകടനത്തിൽ വലിയ മങ്ങലേറ്റു. സെലക്ടർമാർ ഇപ്പോൾ കടുത്ത തീരുമാനം എടുത്തേ മതിയാകൂ. സഞ്ജു സാംസണിന് തിരിച്ചുവരാൻ 100 ശതമാനവും സാധ്യതയുണ്ട്. അവൻ വീണ്ടും ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പാണ്, എന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.
മറ്റ് താരങ്ങൾക്ക് നൽകുന്നതുപോലെ തുടർച്ചയായ പിന്തുണയും അവസരങ്ങളും സഞ്ജുവിന് ലഭിക്കുന്നില്ലെന്ന വിമർശനവും ശ്രീകാന്തിനൊപ്പം ഹനുമ വിഹാരി അടക്കമുള്ള മറ്റ് മുൻ താരങ്ങളും ഉന്നയിച്ചു. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ചെറിയൊരു മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെ പുറത്തിരുത്തുകയും, മറുവശത്ത് തുടർച്ചയായി പരാജയപ്പെട്ടിട്ടും അഭിഷേക് ശർമയ്ക്ക് നീണ്ട അവസരങ്ങൾ നൽകുകയും ചെയ്യുന്നത് നീതിയുക്തമല്ലെന്നാണ് ഇവരുടെ പക്ഷം.
വരുന്ന പരമ്പരകളിൽ ടീം ഇന്ത്യയുടെ ഓപ്പണിംഗ് ജോഡിയിൽ സെലക്ടർമാർ മാറ്റങ്ങൾ വരുത്തുമോ അതോ അഭിഷേകിൽ തന്നെ തുടർന്നും വിശ്വാസമർപ്പിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / Roshith K