Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 ജൂലൈ (H.S.)
തിരുവനന്തപുരം: ശബരിമല സന്നിധാനത്തേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടന്നതായി ക്ഷീരവികസന വകുപ്പിന്റെ നിർണായക അന്വേഷണ റിപ്പോർട്ട്. അരവണ പ്രസാദ നിർമാണത്തിനായി സന്നിധാനത്ത് എത്തിച്ചതിൽ ഒന്നര ലക്ഷത്തിലധികം ലിറ്റർ (1.77 ലക്ഷം ലിറ്റർ) നിലവാരമില്ലാത്ത നെയ്യാണെന്ന് കണ്ടെത്തലുണ്ട്. ഈ ആസൂത്രിത തിരിമറിയിലൂടെ മിൽമയ്ക്ക് 85.73 ലക്ഷം രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
സംഭവത്തിൽ മിൽമ ഭരണസമിതി അംഗങ്ങൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും നേരിട്ട് പങ്കുണ്ടെന്ന സംശയം ശക്തമായതോടെ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (Special Investigation Team) നിയോഗിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
പാതമധ്യേ നെയ്യ് മാറ്റിയതായി സംശയം; കോടികളുടെ ലാഭം
നെയ്യ് വിതരണത്തിനുള്ള കരാർ നടപടികൾ ആരംഭിച്ച ഘട്ടം മുതൽ തന്നെ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പത്തനംതിട്ട ഡയറിയിൽ നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും നെയ്യ് എത്തിക്കുന്നതിനുള്ള ഗതാഗത കരാർ, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രത്യേക വ്യക്തിക്ക് അനുകൂലമായി ഇ-ടെൻഡർ ഒഴിവാക്കി തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ.
പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട മിൽമയുടെ ഗുണനിലവാരമുള്ള നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം തമിഴ്നാട്ടിൽ നിന്നും മറ്റും ശേഖരിച്ച കുറഞ്ഞ ഗുണനിലവാരമുള്ള നെയ്യ് മിൽമയുടെ ടിന്നുകളിൽ നിറച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉയർന്ന നിലവാരമുള്ള മിൽമ നെയ്യ് പൊതുവിപണിയിൽ ഉയർന്ന വിലയ്ക്ക് വിറ്റ് പ്രതികൾ കോടികളുടെ അനധികൃത ലാഭമുണ്ടാക്കിയതായും സംശയമുണ്ട്.
പരിശോധന മറികടക്കാൻ ബാച്ച് നമ്പറുകളിൽ തട്ടിപ്പ്
പത്തനംതിട്ട ഡയറിയുടെ ശേഷിയനുസരിച്ച് വിതരണം ചെയ്ത 1,77,060 ലിറ്റർ നെയ്യ് കുറഞ്ഞത് 35 ബാച്ചുകളിലായി സംസ്കരിച്ച് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കൃത്യമായ ഗുണനിലവാര പരിശോധനയ്ക്ക് ശേഷമേ സന്നിധാനത്തേക്ക് അയക്കാൻ പാടുള്ളൂ. എന്നാൽ, ഫുഡ് സേഫ്റ്റി അധികൃതരുടെ പരിശോധനകൾ വെട്ടിച്ച് കടത്താനായി ആകെ 6 ബാച്ച് നമ്പറുകൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലൂടെ ഗുണനിലവാര പരിശോധന പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു.
ഭരണസമിതി പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റർ ഭരണം
കേസിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ അന്വേഷണം നടക്കുന്നതിനിടെ രാജിവെച്ചപ്പോൾ, സർക്കാറിന്റെ എതിർപ്പ് മറികടന്ന് മിൽമ ഡയറക്ടർ ബോർഡ് ആ രാജി അംഗീകരിച്ചു നൽകിയതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
ഗുരുതരമായ സാമ്പത്തിക ക്രമക്കേടും ബ്രാൻഡ് മൂല്യത്തിന് ഇടിവും വരുത്തിവെച്ചതിനെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി സർക്കാർ പിരിച്ചുവിടുകയും ഭരണചുമതല അഡ്മിനിസ്ട്രേറ്റർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.
---------------
Hindusthan Samachar / Roshith K