Enter your Email Address to subscribe to our newsletters

Kollam, 28 ജൂലൈ (H.S.)
കൊല്ലത്ത് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് കസ്റ്റഡിയിലെ ക്രൂരമായ മർദ്ദനം കാരണമാണെന്ന ഗുരുതരമായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. സംഭവത്തെക്കുറിച്ച് കൊല്ലം ജില്ലാ റൂറൽ പൊലീസ് മേധാവി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ അടിയന്തര നടപടി.
ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് കഴിഞ്ഞ ജൂലൈ 24-ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കസ്റ്റഡിയിലിരിക്കെ സിയാദിന് പൊലീസിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റതായി ആരോപിക്കുന്ന ശബ്ദസന്ദേശങ്ങളും ബന്ധുക്കളുടെ വെളിപ്പെടുത്തലുകളും പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
കൊല്ലം-കുണ്ടറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ സിയാദിനെ അയൽവാസികളായ കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കുട്ടികളെ കണ്ടെത്തിയതോടെ സിയാദിനെ വിട്ടയച്ചെങ്കിലും ജീപ്പിലും സ്റ്റേഷനിലും വെച്ച് പൊലീസുകാർ തന്നോട് ക്രൂരമായി പെരുമാറിയെന്നും മർദ്ദിച്ചെന്നും സിയാദ് ബന്ധുക്കളോട് പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതിനു പിന്നാലെ രൂക്ഷമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവം വൻ പ്രതിഷേധത്തിന് വഴിതുറന്നതോടെ കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം കസ്റ്റഡി മർദ്ദനമെന്ന ആരോപണം പൊലീസ് ശക്തമായി നിഷേധിക്കുന്നുണ്ട്. എന്നാൽ ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മനുഷ്യാവകാശ കമ്മീഷന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം വരുന്നതോടെ സംഭവത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കേരളത്തിലെ കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് 29 വയസ്സുകാരനായ സ്വകാര്യ ബസ് ഡ്രൈവർ സിയാദ് 2026 ജൂലൈ 25-ന് മരണപ്പെട്ടു. തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സംഭവവും ആരോപണങ്ങളും
- കസ്റ്റഡിയിലെടുക്കൽ: അയൽവാസിയായ 13 വയസ്സുകാരനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂൺ 16-ന് രാത്രിയാണ് സിയാദിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടി സുരക്ഷിതമായി തിരിച്ചെത്തുകയും സിയാദിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാകുകയും ചെയ്തതിനെ തുടർന്ന് അടുത്ത ദിവസം രാവിലെ ഇയാളെ വിട്ടയച്ചു.
- മർദ്ദന ആരോപണം: പോലീസ് വാഹനത്തിലും സ്റ്റേഷനിലും വെച്ച് സിയാദിനെ പോലീസ് ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചതായി രാത്രി മുഴുവൻ സ്റ്റേഷന് പുറത്ത് കാത്തുനിന്ന ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആരോപിച്ചു. സി.പി.ഒ ശ്രീജിത്ത്, എസ്.ഐ അതുൽ വസന്ത് എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞ് തനിക്ക് മർദ്ദനമേറ്റതായി സിയാദ് സംസാരിക്കുന്ന ഒരു ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു.
- ആരോഗ്യനില വഷളാകൽ: കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ എക്സ്-റേയിൽ സിയാദിന്റെ വാരിയെല്ലുകൾക്ക് ഒടിവുണ്ടായതായി കണ്ടെത്തിയിരുന്നു. മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക പരിക്കുകൾ ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്ക് കാരണമായെന്നും ഇതാണ് വെന്റിലേറ്റർ സഹായത്തോടെ കഴിഞ്ഞിരുന്ന സിയാദിന്റെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
---------------
Hindusthan Samachar / Roshith K