സിജെപി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടികള് സുപ്രീം കോടതിയില്; ഹര്ജികള് ഇന്ന് പരിഗണിക്കും
New delhi, 28 ജൂലൈ (H.S.) നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് വിദ്യാര്‍ഥികള
Supreme Court


New delhi, 28 ജൂലൈ (H.S.)

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ അതിക്രമത്തിനെതിരായ ഹര്‍ജികള്‍ക്കൊപ്പം പരിക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

പ്രതിഷേധങ്ങളെ നേരിടാന്‍ പൊലീസിന് ഭരണകൂടം മതിയായ സൗകര്യങ്ങള്‍ നല്‍കിയിരുന്നോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കും. ഡല്‍ഹി പൊലീസിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമാക്കാന്‍ ഇന്നലെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇന്ന് മറുപടി നല്‍കുക.

പ്രതിഷേധക്കാര്‍ പൊലീസുകാരെ ആക്രമിച്ചെന്നും നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വിഷയം വിശദമായി പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. രാജ്യവ്യാപകമായി പ്രകടനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത പൊലീസ് പ്രോട്ടോക്കോളുകളുടെ ആവശ്യകതയെക്കുറിച്ചും ബെഞ്ച് ഊന്നിപ്പറഞ്ഞിരുന്നു. ഇത്തരം വലിയ പ്രതിഷേധങ്ങളെ നേരിടേണ്ടി വന്ന പൊലീസിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള പൊലീസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നടത്തിയത്. ജനാധിപത്യത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സമരം നടക്കുന്നു എന്നതുകൊണ്ട് മാത്രം ലാത്തിച്ചാര്‍ജ് പോലുള്ള അമിത പൊലീസ് നടപടികള്‍ ന്യായീകരിക്കപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഒരു വിഷയത്തില്‍ യുവാക്കള്‍ പ്രക്ഷോഭം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അവര്‍ക്ക് ശരിയായ സ്ഥലം അതിനായി നല്‍കണം. അതില്‍ യാതൊരു നിയന്ത്രണവും ഉണ്ടാകരുത്. എന്നാല്‍ ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍ അതില്‍ ഉള്‍പ്പെടുകയോ എന്തെങ്കിലും തെറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതില്‍ നടപടിയെടുക്കാവുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം പ്രതിപക്ഷവും വലിയ രീതിയില്‍ ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു ജൂലൈ 20ന് സിജെപിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News