Enter your Email Address to subscribe to our newsletters

Ernakulam , 29 ജൂലൈ (H.S.)
ആലുവയിൽ കാണാതായ പന്ത്രണ്ടു വയസുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനൊപ്പം പൊലീസ് കണ്ടെത്തി. ഓച്ചിറ സ്വദേശിയായ അഭിജിത്തിനൊപ്പം പെൺകുട്ടിയെ ഇന്നലെ വൈകുന്നേരം പൂനെ റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെയും യുവാവിനെയും ഇന്ന് രാത്രിയോടെ ആലുവയിൽ എത്തിക്കും. അതിന് ശേഷം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. കുട്ടിയെ കാണാതായി നാലാം ദിവസമാണ് പൊലീസ് സംഘം കുട്ടിയെ കണ്ടത്തിയത്.
പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ കടത്തികൊണ്ട് പോയതുൾപ്പടെയുളള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തത്. പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തുമെന്ന് ആലുവ റൂറൽ എസ്.പി കെ എസ് സുദർശനൻ പറഞ്ഞു. ലൈംഗികാതിക്രമം നടന്നോയെന്നും അന്വേഷിക്കും. കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പ്രതിയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം തീരുമാനമെടുക്കും. വളരെ ഗൗരവത്തോടെയുള്ള അന്വേഷണമാണ് പൊലീസ് നടത്തിയതെന്നും സൈബർ സെൽ ഉൾപ്പടെ ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിച്ചാണ് കുട്ടിയെ കണ്ടത്താനായതെന്നും എസ്പി വ്യക്തമാക്കി.
അഭിജിത്തിൻ്റെ സുഹൃത്തുക്കളെ ഇൻസ്റ്റ വഴി ബന്ധപ്പെടുത്തി ലൊക്കേഷൻ കണ്ടെത്തിയായിരുന്നു ആലുവ പൊലീസ് യുവാവിനെയും പെൺകുട്ടിയെയും പിടികൂടിയത്. വെള്ളിയാഴ്ച സ്കൂളിൽ ലീവായതിനാൽ ശനിയാഴ്ച വീടിന് സമീപത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് നോട്ട് വാങ്ങാൻ പോവുകയാണന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇതിനിടയിലാണ് കുട്ടിയെ കാണാതായത്.
ആ സമയത്ത് പെൺകുട്ടിയുടെ കയ്യിൽ പൈസയൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ ആരോ തട്ടി കൊണ്ടുപോയതാകാനാണ് സാധ്യതയെന്ന് ബന്ധുക്കൾ ഇടിവി ഭാരതി നോട് പറഞ്ഞിരുന്നു. കാണാതാകുന്ന സമയത്ത് വല്യമ്മയുടെ മൊബൈൽ ഫോൺ കൂട്ടിയുടെ കൈവശമുണ്ടായിരുന്നു. തുടക്കത്തിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്ന ഈ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.
കാസർകോട്, മംഗലാപുരം, മുബൈ എന്നിവിടങ്ങളിൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കാണിച്ചു . ഇതോടെ കുട്ടി കേരളത്തിന് പുറത്തേക്ക് സഞ്ചരിച്ചു എന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിലെ പൊലീസുമായും റെയിൽവേ സുരക്ഷാ സേനയുമായും (ആർ.പി.എഫ്) ചേർന്ന് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പ്രധാന റെയിൽവേ സ്റ്റേഷനുകളിലെയും വഴിയോരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു. പൊലീസിൻ്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടാകുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നെങ്കിലും കുട്ടിയുടെ അടുത്തേക്ക് എത്താറായിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതു ശരിവെച്ചാണ് കുട്ടിയെ പൂനെയിൽ നിന്നും പൊലീസ് കണ്ടെത്തിയത്.
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമാവശ്യമാണെന്ന് തെളിയിക്കുന്നതാണ് ആലുവയിലെ പെൺകുട്ടിയുടെ ഒളിച്ചോട്ടം. മിടുക്കിയായ പെൺകുട്ടി ഇൻസ്റ്റയിൽ പരിചയപ്പെട്ട അപരിചിതനായ ഒരാൾക്ക് ഒപ്പം സ്വന്തം മാതാപിതാക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ച് പോകാൻ തയ്യാറായത് അക്ഷരാർത്ഥത്തിൽ രക്ഷിതാക്കളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
തിരിച്ചറിവ് ഇല്ലാത്തെ കുട്ടികളെ റാഞ്ചിയെടുക്കാനും അവരുടെ ജീവിതവും ഭാവിയും നശിപ്പിക്കുന്ന ചതിക്കുഴികളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കണമെന്ന ഓർമപ്പെടുത്തലാണ് ഈ സംഭവം. മുനമ്പത്തെ ഐസ് ക്രിം വിൽപനക്കാരനായ ഇരുപത്തിയഞ്ചുകാരനായ അഭിജിത്ത് കുട്ടിയെ മുബൈയിലെത്തിച്ചത് എന്തിനു വേണ്ടിയാണന്ന് പൊലീസ് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പൊലീസിൻ്റെ ശക്തമായ ഇടപെടലിൽ കുട്ടിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞങ്കിലും സംഭവത്തിൻ്റെ നടുക്കത്തിലാണ് കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR