Enter your Email Address to subscribe to our newsletters

Thiruvananthapuram, 29 ജൂലൈ (H.S.)
തിരുവനന്തപുരം: സാമ്പത്തിക വളർച്ചയ്ക്കൊപ്പം സമൂഹത്തിലെ സാധാരണക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കുന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് മന്ത്രി എം ലിജു. കേരളാ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ സ്ഥാപനങ്ങൾ ലാഭം മാത്രം ലക്ഷ്യമാക്കാതെ മനുഷ്യത്വത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും കൂടുതൽ പ്രാധാന്യം നൽകണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും കർഷകർക്കും തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും ആശ്രയമാകുന്ന പ്രവർത്തനങ്ങളാണ് സഹകരണ മേഖല നടത്തേണ്ടത്. സേവനങ്ങളിൽ കരുണയും മാനുഷിക സമീപനവും ഉറപ്പാക്കുമ്പോഴാണ് സഹകരണ പ്രസ്ഥാനത്തിന്റെ യഥാർഥ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുക ജീവനക്കാരുടെ കാര്യക്ഷമതയും ജനകീയ സേവനങ്ങളുടെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലന പരിപാടികൾ സഹകരണ സ്ഥാപനങ്ങളുടെ പുരോഗതിക്ക് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സി.കെ ഷാജി മോഹൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ഫിൽസൺ മാത്യൂസ് സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ടി.എ നവാസ്, മാനേജിങ് ഡയറക്ടർ ഗോപാലകൃഷ്ണൻ കെ., ഐഎഎസ്, ജനറൽ മാനേജർ സ്മിത ചന്ദ്രൻ സികെ എന്നിവർ ആശംസകൾ നേർന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അപർണ പ്രതാപ് നന്ദി രേഖപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S