വടകര എം.ഡി.എം.എ കേസിൽ മൂന്ന് അധ്യാപികമാർക്ക് പിന്നാലെ ലഹരി ഇടപാടിലെ മുഖ്യകണ്ണിയായ യുവാവും അറസ്റ്റിൽ.
Kozhikode , 29 ജൂലൈ (H.S.) വടകര എം.ഡി.എം.എ കേസിൽ മൂന്ന് അധ്യാപികമാർക്ക് പിന്നാലെ ലഹരി ഇടപാടിലെ മുഖ്യകണ്ണിയായ യുവാവും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസിനെയാണ് ഡാൻസാഫ് എസ്.ഐ മനോജ് രാമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂട
Operation thoofan


Kozhikode , 29 ജൂലൈ (H.S.)

വടകര എം.ഡി.എം.എ കേസിൽ മൂന്ന് അധ്യാപികമാർക്ക് പിന്നാലെ ലഹരി ഇടപാടിലെ മുഖ്യകണ്ണിയായ യുവാവും അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസിനെയാണ് ഡാൻസാഫ് എസ്.ഐ മനോജ് രാമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളും അറസ്റ്റിലായ അധ്യാപികമാരും തമ്മിൽ ഒരു വർഷത്തിനിടെ 99 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

പ്രദേശത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു ജിജിൽ. ലഹരി ആവശ്യമുള്ളവർ ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുകയും തുടർന്ന് ഇയാൾ എം.ഡി.എം.എ എത്തിച്ചു നൽകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലഹരി വാങ്ങാനെത്തുന്നവർക്ക് പണം കൈമാറാൻ ജിജിലിൻ്റെ ഗൂഗിൾ പേ സ്കാനർ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എ.എസ്.ഐമാരായ വി.വി ഷാജി, അനൂപ് സെൻ, എ.സി.പി.ഒ ചിത്രദാസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ നാലാമത്തെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അക്കൗണ്ടുകളിലൂടെ ഒഴുകിയത് ലക്ഷങ്ങൾ

നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കൂരാച്ചുണ്ട് സ്വദേശിനി കാവ്യയുടെ അക്കൗണ്ടിൽ ആറ് മാസം കൊണ്ട് ഒൻപത് ലക്ഷം രൂപയും എത്തിയിരുന്നു. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഉൾപ്പെട്ട മൂന്നാമത്തെ അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശിനി വലിയ പറമ്പിൽ നീഷ്മയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം നീഷ്മയെയും അറസ്റ്റ് ചെയ്തു. ഇവരുടെ അക്കൗണ്ടിൽ വന്ന പണത്തിൻ്റെ കണക്കുകൾ പൊലീസ് അന്വേഷിച്ചുവരികയാണ്. നീഷ്മക്കെതിരെയും ഉടൻ നടപടിയുണ്ടാകും. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നും വിവരമുണ്ട്. തുടക്കത്തിൽ ലഹരി ഉപയോഗിച്ചിരുന്ന ഇവർ പിന്നീട് വിൽപ്പനയിലെ കണ്ണികളായി മാറുകയായിരുന്നു.

ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ കാവ്യ, നീഷ്മ എന്നിവരുമായി ജിജിലിന് അടുത്ത ബന്ധമുണ്ടായിരുന്നു. കൂടുതൽ അധ്യാപകർ ലഹരി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഇതിൽ ആഴത്തിലുള്ള അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

വൻ ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം. ഇടപാടുകാർ അധ്യാപികമാരുടെ അക്കൗണ്ടിലേക്ക് അയക്കുന്ന പണം ഇവർ സ്വന്തം ആവശ്യങ്ങൾക്കും ചെലവഴിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി സൈബർ സെല്ലിൻ്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്.

ലഹരി മാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് അധ്യാപികമാർ ഇവരുമായി ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എം.ഡി.എം.എ ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീടാണ് വിൽപ്പനക്കാരെ തേടുന്നതും ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു. വിദ്യാർഥികൾക്കിടയിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തേണ്ട അധ്യാപകർ തന്നെ ഇത്തരം കേസുകളിൽ ഉൾപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News